
കണ്ണൂർ: കോടികൾ വിലയുള്ള ആഡംബരകാർ ലംബോർഗിനി സ്വന്തമായി നിർമിച്ചിരിക്കുകയാണ് മാവിലായി പി.സി. മുക്കിലെ കെ.കെ.സരിൻ എന്ന 28-കാരൻ. ആഡംബര-സ്പോർട്സ് കാറുകളുടെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഏഴുകോടിയോളം രൂപ വിലയുള്ള കാറിന്റെ മാതൃകയിലാണ് സരിൻ ലംബോർഗിനി നിർമിച്ചത്.
ലംബോർഗിനിയുടെ അതേ വലുപ്പത്തിൽ അതേ രൂപത്തിലുള്ള കാറിന്റെ മാതൃകയാണ് സരിൻ നിർമിച്ചിരിക്കുന്നത്. തുറക്കുമ്പോൾ പൂമ്പാറ്റയുടെ ചിറകുപോലെ നില്ക്കുന്ന ഡോറുകളും രണ്ട് സീറ്റും മഞ്ഞ നിറവുമെല്ലാം ഇൗ മോഡലിന്റെ പ്രത്യേകതയാണ്.
നാനോ കാറിന്റെ എൻജിൻ ഉപയോഗിച്ച് മറ്റു കാറുകളുടെ ചക്രങ്ങൾ ഘടിപ്പിച്ച് മെറ്റൽ ഷീറ്റ്, ഫൈബർ ഗ്ലാസ്, ജി.ഐ. പൈപ്പ് തുടങ്ങിയ സാമഗ്രികൾ ഉപയോഗിച്ചാണ് നിർമാണം. 2025 ജനുവരിയിൽ തുടങ്ങി 2026 ജനുവരിയിലാണ് നിർമാണം പൂർത്തിയാക്കിയത്. വാഹനപ്രിയരായവരും നാട്ടുകാരും സരിന്റെ ലംബോർഗിനി കാണാൻ വീട്ടിലെത്തുന്നുണ്ട്. സ്കൂളുകളിലും മറ്റും പ്രദർശനത്തിന് കൊണ്ടുപോകുന്നുണ്ട്. വ്ലോഗർമാരും യുട്യൂബർമാരും സരിന്റെ ലംബോർഗിനിയെ വൈറലാക്കിക്കഴിഞ്ഞു.
കാറിന് ഇവിടെ രജിസ്ട്രേഷൻ ലഭിക്കാത്തതിനാൽ റോഡിൽ ഓടിക്കാൻ പറ്റാത്ത പ്രശ്നമുണ്ട്. ഇതുകാരണം ക്രെയിനിൽ കയറ്റിയാണ് പ്രദർശനത്തിനും മറ്റും കൊണ്ടുപോകുന്നത്. വാഹനങ്ങളോടുള്ള കമ്പം സരിന് ചെറുപ്രായത്തിൽ തുടങ്ങിയതാണ്.
സ്കൂളിൽ പഠിക്കുമ്പോൾ പത്രവിതരണക്കാരനായിരുന്നു. പിന്നീട് ടൈൽ വിരിക്കുന്ന ജോലിയും തേപ്പ് ജോലിയുമെല്ലാം ചെയ്തു. വെൽഡിങ് പണിയും വർക്ക് ഷോപ്പിലെ പണിയും നോക്കി. ഇപ്പോൾ പെരളശ്ശേരിയിൽ ടാറ്റു സ്റ്റുഡിയോ നടത്തുകയാണ്. ഐ.ടി.ഐ. ഇലക്ടോണിക്സ് കോഴ്സ് കഴിഞ്ഞ സരിൻ യുട്യൂബ് കണ്ടാണ് കാർ നിർമാണം പഠിച്ചത്. മാവിലായിയിലെ വെൽഡർ കെ.കെ.രാജീവന്റെയും പി.പി.ഷീബയുടെയും മകനാണ്. ശരത്, സൗരവ് എന്നിവർ സരിന്റെ സഹോദരങ്ങളാണ്.
Content Highlights: Sarin, a 28-year-old from Kannur, built a full-scale Lamborghini replica., The car uses a Nano engine and recycled materials like metal sheets and fiberglass., Built over one year by learning techniques through YouTube tutorials., The project highlights local innovation despite registration limitations for road use.
Published: 10 Mar 2026, 10:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented