മന്ത്രിസഭാ പുനഃസംഘടനയ്ക്ക് അരങ്ങൊരുങ്ങുന്ന വേളയില്‍, ഒഴിഞ്ഞുകിടക്കുന്ന ഗതാഗതവകുപ്പിലേക്ക് എത്തുമെന്നു കരുതുന്ന കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ വാഹനക്കമ്പം ആര്‍ക്കും പുതുമയല്ല. 2001-ലെ തിരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ ഗണേഷിനെ തേടിയെത്തിയ ഗതാഗതവകുപ്പിന്റെ ചുമതല അദ്ദേഹത്തെ അടുത്തറിയുന്നവരെ തെല്ലും അദ്ഭുതപ്പെടുത്തിയില്ല.

To advertise here,

ആഡംബരക്കാറുകള്‍മുതല്‍ വിലയേറിയ മിനിയേച്ചര്‍ വാഹനശില്പങ്ങള്‍വരെ കൈവശം സൂക്ഷിക്കുന്ന വ്യക്തിയാണ് ഗണേഷ്. കുടുംബാംഗങ്ങള്‍ നടത്തിയ ബസ് സര്‍വീസ് ബിസിനസ്സിനോട് സഹകരിച്ചിട്ടുമുണ്ട്. മന്ത്രിയായിരിക്കെ, പുതിയ മോഡല്‍ ബസുകള്‍ നിരത്തിലിറക്കി കെ.എസ്.ആര്‍.ടി.സി.യില്‍ തലമുറമാറ്റത്തിനു വഴിവയ്ക്കുകയും ചെയ്തു.

ചെറുപ്പത്തില്‍ ഏറെ ആഗ്രഹിച്ചിട്ടും ലഭിക്കാതിരുന്ന കളിപ്പാട്ടങ്ങള്‍, മുതിര്‍ന്നശേഷം പ്രതികാരബുദ്ധിയോടെ വാങ്ങിക്കൂട്ടുന്നതു പതിവാക്കിയെന്ന് ഗണേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. റിമോട്ട് നിയന്ത്രിത ഓട്ടോമാറ്റിക് ഹെലികോപ്റ്റര്‍, കളിപ്പാട്ട ട്രെയിനുകള്‍ തുടങ്ങിയവയുടെ ശേഖരവുമുണ്ട്.

അടുത്തിടെ, നവകേരളസദസ്സിന്റെ പത്തനാപുരം മണ്ഡലത്തിലെ പര്യടനത്തിനുമുമ്പായി, പരീക്ഷണാര്‍ത്ഥം മഞ്ചള്ളൂര്‍ എന്‍.എസ്.എസ്.മൈതാനത്ത് മള്‍ട്ടി ആക്‌സില്‍ ബസ് ഓടിച്ചുനോക്കിയും ഗണേഷ് തന്റെ വാഹനപ്രേമം വെളിവാക്കിയിരുന്നു.