കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഹൂഗ്ലി ജില്ലയിലെ തങ്ങളുടെ ഉത്തർപാറ പ്ലാന്റ് പശ്ചിമ ബംഗാൾ സർക്കാർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന് അംബാസിഡർ കാറിന്റെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ലിമിറ്റഡ്. സർക്കാർ ഉദ്യോഗസ്ഥരും ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് അധികൃതരും പോലീസും ചേർന്ന് പ്ലാന്റിനുള്ളിൽ പ്രവേശിച്ച് രേഖകൾ, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, ലൈസൻസുള്ള ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തെന്ന് ഒരു റെഗുലേറ്ററി ഫയലിങ്ങിൽ കമ്പനി വെളിപ്പെടുത്തി. 

To advertise here,

ഈ നടപടി കോടതിയിലെ തങ്ങളുടെ നിയമപോരാട്ടത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ആരോപിച്ചു. നടപടിയെ "അനധികൃതം" എന്ന് വിശേഷിപ്പിച്ച കമ്പനി, സുപ്രീം കോടതിയിൽ ഒരു പ്രത്യേകാനുമതി ഹർജി (SLP) പരിഗണനയിലിരിക്കെ ഇത് തങ്ങൾക്ക് വലിയ ദോഷമുണ്ടാക്കിയെന്നും അവകാശപ്പെട്ടു. 

വിഷയം സുപ്രീം കോടതി പരിഗണിക്കുന്നതുവരെ ബലപ്രയോഗത്തിലൂടെയുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് സംസ്ഥാനം നേരത്തെ സമ്മതിച്ചിരുന്നതായി ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് വാദിച്ചു. അടുത്ത വാദം കേൾക്കൽ ജൂലായ് 22-ന് നിശ്ചയിച്ചിരിക്കുകയാണ്. ഈ പെട്ടെന്നുള്ള നീക്കത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കമ്പനി, ജൂലായ് 11, 14 തീയതികളിൽ ഭൂപരിഷ്കരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് ഔദ്യോഗികമായി പരാതി നൽകിയതായും അറിയിച്ചു. അംബാസഡർ കാർ നിർമാണത്തിന് പേരുകേട്ട ഉത്തർപാറ പ്ലാന്റ്, ഭൂമിയുടെ അവകാശത്തെയും അത് തിരികെ ഏറ്റെടുക്കുന്നതിനെയും ചൊല്ലി സംസ്ഥാനവുമായി ദീർഘകാലമായി നിയമപോരാട്ടത്തിലാണ്.

എന്നാൽ, ഒട്ടേറെ അവസരങ്ങൾ നൽകിയിട്ടും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് സ്ഥലം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഭൂമി തിരിച്ചെടുത്തതെന്ന് സംസ്ഥാന ഭൂപരിഷ്കരണ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു."ഭൂമി ഉപയോഗശൂന്യമായി കിടന്നതിനാലാണ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് നടപടിയെടുത്തത്," എന്ന് കമ്പനിയുടെ ആരോപണത്തിന് മറുപടിയായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.  

അതേസമയം, 1953-ലെ പശ്ചിമ ബംഗാൾ എസ്റ്റേറ്റ് ഏറ്റെടുക്കൽ നിയമപ്രകാരം 395 ഏക്കർ ഭൂമി തിരിച്ചുപിടിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനം ബുധനാഴ്ച സുപ്രീം കോടതി ശരിവെച്ചിരുന്നു. ഉത്തർപാറ ഫാക്ടറിയിൽ അംബാസഡർ കാറിന്റെ ഉത്പാദനം 2014-ലാണ് കമ്പനി നിർത്തിവെച്ചത്. സാമ്പത്തികമായി തകർന്നുവെന്നും ഭൂമി ഉപയോഗശൂന്യവും ഉൽപ്പാദനക്ഷമമല്ലാത്തതുമായി കിടക്കുന്നുവെന്നും ആരോപിക്കപ്പെട്ടതിനെ തുടർന്ന് കമ്പനിയിൽനിന്ന് 2022-ൽ സംസ്ഥാന സർക്കാർ 395 ഏക്കർ ഭൂമി തിരിച്ചുപിടിക്കുകയായിരുന്നു.

395 ഏക്കർ ഭൂമി സംസ്ഥാനം ഏറ്റെടുത്തത് ശരിവെച്ച പശ്ചിമ ബംഗാൾ ഭൂപരിഷ്കരണ, കുടിയായ്മ ട്രിബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഹർജി കൽക്കട്ട ഹൈക്കോടതി മേയ് മാസത്തിൽ തള്ളിയിരുന്നു. വ്യവസായങ്ങൾക്കായി സംസ്ഥാനത്ത് ഭൂമിക്ക് ക്ഷാമമുണ്ടെന്നും ഉപയോഗശൂന്യമായി കിടക്കുന്ന വ്യാവസായിക ഭൂമി തിരികെയെടുത്ത് പുതിയ സംരംഭകർക്ക് നൽകാൻ തീരുമാനിച്ചതായും മമത ബാനർജി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൽ നിന്ന് ഭൂമി തിരികെ വാങ്ങിയ ശേഷം, മെട്രോ കോച്ചുകളുടെയും വന്ദേ ഭാരത് ട്രെയിനുകളുടെയും നിർമാണം, പരിശോധന, കമ്മീഷനിങ് എന്നിവയ്ക്കുള്ള അധിക ഉത്പാദന സൗകര്യങ്ങളും പ്രത്യേക ഇടങ്ങളും സ്ഥാപിക്കുന്നതിനായി ഏകദേശം 40 ഏക്കർ ഭൂമി 127 കോടി രൂപയ്ക്ക് ടിറ്റാഗഡ് റെയിൽ സിസ്റ്റംസിന് 99 വർഷത്തെ പാട്ടത്തിന് സർക്കാർ നൽകിയിട്ടുണ്ട്.

  


.