രാത്രി 12 മണിയോടെ വീടിന്റെ മുറ്റത്ത് അത്ര പരിചിതമല്ലാത്ത ഒരു പഴയ കാര്‍ വന്നുനില്‍ക്കുന്നു. അതും ന്യൂജെന്‍ കളര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഇന്‍ഡിഗോ ബ്ലൂ നിറം നല്‍കിയിട്ടുള്ള ഒരു അംബാസിഡര്‍. 84-കാരനായ അച്യുതന്‍ നായര്‍ക്ക് ആദ്യം ഒന്നും മനസിലായില്ലെങ്കിലും ഒരു നിമിഷം നമ്പര്‍ പ്ലേറ്റിലേക്ക് നോക്കിയ അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. KLR 7420, താന്‍ സ്വന്തം പോലെ കൊണ്ടുനടന്നിരുന്ന തന്റെ പ്രിയപ്പെട്ട വാഹനം. 

To advertise here,

പറഞ്ഞുവരുന്ന ഫാദേഴ്‌സ് ഡേയില്‍ രണ്ട് മക്കള്‍ അച്ഛന് നല്‍കിയ ഒരു സര്‍പ്രൈസിനെ കുറിച്ചാണ്. 23 വര്‍ഷം അച്യുതന്‍ നായര്‍ സ്വന്തം പോലെ ഉപയോഗിച്ചിരുന്ന വാഹനമാണ് ഈ 1959 മോഡല്‍ അംബാസിഡര്‍. കറുത്ത നിറമായിരുന്നു ഈ കാറിന് അന്നുണ്ടായിരുന്നത്. എന്നാല്‍, ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കാറിന്റെ ഉടമസ്ഥന്‍ ഈ വാഹനം വില്‍ക്കുകയായിരുന്നു. ഈ വാഹനമാണ് അച്യുതന്‍ നായരുടെ മക്കളായ അജിത്തും സുജിത്തും ചേര്‍ന്ന് വാങ്ങി അച്ഛന് സമ്മാനിച്ചിരിക്കുന്നത്.

ഇനി അച്യുതന്‍ നായരും ഈ വാഹനവുമായുള്ള ബന്ധമെങ്ങനെയായിരുന്നു എന്ന് നോക്കാം. മഹാകവി വള്ളത്തോളിന്റെ സഹോദരിയുടെ മകനായ ഡോ.വി.ആര്‍. മേനോന്റെ സഹായിയായിരുന്നു അച്യുതന്‍ നായര്‍. ചേര്‍പ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ജാനകി ഹോസ്പിറ്റല്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. 1968-ലാണ് ഈ അംബാസിഡര്‍ ഡോക്ടര്‍ വാങ്ങുന്നത്. മദ്രാസില്‍ നിന്ന് തൃശൂരില്‍ എത്തിച്ച ഈ കാര്‍ അങ്ങനെയാണ് അച്യുതന്‍ നായരുടെ കൈവശമെത്തുന്നത്. 

അച്യുതൻ നായരുടെ വീട്ടില്‍ തന്നെയാണ് ഈ കാര്‍ സൂക്ഷിച്ചിരുന്നതും. മക്കളുടെ കുട്ടിക്കാലത്തും മുതിര്‍ന്നതിന് ശേഷവും അവരുടെ പല യാത്രകളും ഈ അംബാസിഡര്‍ കാറിലായിരുന്നു. എന്നാല്‍, കാര്‍ വാങ്ങി 23 വര്‍ഷത്തെ ഉപയോഗത്തിന് ശേഷം ഡോക്ടര്‍ ഈ കാര്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാഹനം വിറ്റ് രണ്ട് വര്‍ഷത്തിന് ശേഷം അച്യുതന്‍ നായര്‍ ജോലിയും അവസാനിപ്പിച്ചു. അപ്പോഴേക്കും മക്കള്‍ ബിസിനസിലേക്ക് കടന്നിരുന്നു.

അച്യുതന്‍ നായര്‍ ആ കാര്‍ മറന്ന് തുടങ്ങിയിട്ടുണ്ടായിരുന്നെങ്കിലും മകന്‍ സുജിത്ത് ആ കാര്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യം വടക്കാഞ്ചേരി സ്വദേശിയാണ് കാര്‍ വാങ്ങിയത്. അവിടെ ചെന്ന് കാര്‍ കാണുകയും വാങ്ങാന്‍ ശ്രമിച്ചിട്ട് നടക്കാതെ വരികയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മാവേലിക്കര സ്വദേശി കാര്‍ വാങ്ങിയെന്നറിഞ്ഞ് അവിടെയെത്തി. അച്ഛന് സമ്മാനിക്കാനാണ് ഈ കാര്‍ വാങ്ങുന്നത് എന്ന അറിഞ്ഞതോടെ വലിയ വിലപേശല്‍ ഒന്നുമില്ലാതെ കാര്‍ ഉടമ സുജിത്തിന് കാര്‍ കൈമാറുകയായിരുന്നു.