ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാനൊരുങ്ങി വാഹന നിര്‍മാതാക്കള്‍. ടാറ്റ മോട്ടോഴ്സ് വെള്ളിയാഴ്ച കാറുകളുടെ വില 1.40 ലക്ഷം രൂപ വരെ കുറച്ചു. മാരുതി സുസുക്കിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഉടന്‍ വിലക്കുറവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. മാരുതി കാറുകളുടെ വില 6 ശതമാനം മുതല്‍ 9 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. റെനോ ഇന്ത്യയും 95,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

To advertise here,

ചരക്ക്-സേവന നികുതി പരിഷ്‌കരണം രാജ്യത്തെ വാഹന-നിര്‍മാണ മേഖലകളില്‍ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിട്ടുള്ളത്. ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറയും. അതായത്, പത്തുലക്ഷം രൂപ വിലയുള്ള കാറിന് ഒരു ലക്ഷം രൂപയ്ക്കടുത്ത് ഇളവാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാതാക്കള്‍ പൂര്‍ണമായി ജിഎസ്ടി നേട്ടം ഉപഭോക്താക്കളിലേക്ക് കൈമാറിയാലാണ് വിലയില്‍ ഇത്രയും കുറവുണ്ടാവുക. സെപ്റ്റംബര്‍ 22-ന് പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ചെറുകാറുകള്‍ക്കുമാത്രമല്ല, എസ്യുവികള്‍ക്കുള്‍പ്പെടെ പുതിയ നികുതി പരിഷ്‌കാരത്തിന്റെ നേട്ടം ലഭിക്കും. ആഡംബരക്കാറുകള്‍ക്കും എസ്യുവികള്‍ക്കും 40 ശതമാനം ജിഎസ്ടിയാണ് വരിക. എന്നാല്‍, ഇവയ്ക്കുമേലുണ്ടായിരുന്ന നഷ്ടപരിഹാര സെസ് ഒഴിവാക്കുകയാണ്. വലിയ കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 17 മുതല്‍ 22 ശതമാനംവരെ നഷ്ടപരിഹാര സെസും ബാധകമാണ്. ഇതുള്‍പ്പെടെ ആകെ 45 മുതല്‍ 50 ശതമാനംവരെ നികുതി ഈടാക്കുന്നുണ്ട്. സെസ് ഒഴിവാകുന്നതോടെ 40 ശതമാനം ജിഎസ്ടിമാത്രമാണ് ബാധകമാകുക. വാഹനവിലയിലും ഇത് പ്രതിഫലിക്കും. മുന്‍പ് 40 ലക്ഷം രൂപ വിലയുള്ള കാറിന് ജിഎസ്ടിയും സെസും ചേര്‍ന്ന് 59.2 ലക്ഷം രൂപവരെ വില വന്നിരുന്നു. പുതിയ നിരക്കുപ്രകാരമിത് 56 ലക്ഷമായി കുറയും. അതായത് വാങ്ങുന്നവര്‍ക്ക് മൂന്നുലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക.