സംസ്ഥാനത്തെ പൊതു യാത്രാ-ചരക്ക് വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ ഘടിപ്പിച്ച 50 ശതമാനം ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റവും (ജി.പി.എസ്.) പാഴായി. പുതിയത് ഘടിപ്പിച്ചാലും സെര്‍വര്‍ തകരാര്‍ കാരണം മോട്ടോര്‍വാഹനവകുപ്പിന്റെ സുരക്ഷാമിത്ര ഓണ്‍ലൈന്‍ സംവിധാനവുമായി യോജിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജി.പി.എസ്. ബന്ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അഞ്ചുദിവസമായി വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കലും തടസ്സപ്പെട്ടിരിക്കുകയാണ്.

To advertise here,

ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുയാത്രാ-ചരക്ക് വാഹനങ്ങള്‍ക്ക് ജി.പി.എസ്. നിര്‍ബന്ധമാണ്. ഇവ വിതരണംചെയ്യുന്ന കമ്പനികള്‍ 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി സര്‍ക്കാരിന് നല്‍കണമെന്ന വ്യവസ്ഥ വന്നതോടെ പകുതിയോളം കമ്പനികള്‍ സംസ്ഥാനത്തെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. 2.15 ലക്ഷം വാഹനങ്ങളില്‍ ഇതുവരെ ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ട്. കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ഇതില്‍ പകുതിയോളം വാഹനങ്ങളില്‍ പുതിയ ജി.പി.എസ്. ഘടിപ്പിക്കേണ്ടിവരും.

വാഹനങ്ങളുടെ വലുപ്പമനുസരിച്ച് 5000 മുതല്‍ 10,000 രൂപവരെ ഇതിനായി മുടക്കണം. 70 കോടി രൂപയുടെ അധികബാധ്യത ഇതിലൂടെ വാഹനയുടമകള്‍ക്കുണ്ടാകും. ഇടയ്ക്കുവെച്ച് കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിപ്പോകുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍വാഹനവകുപ്പ് വ്യവസ്ഥകള്‍ വെച്ചത്.

സി-ഡാക്കിന്റെ സഹകരണത്തോടെയാണ് മോട്ടോര്‍വാഹനവകുപ്പ് ജി.പി.എസ്. ട്രാക്കിങ് സംവിധാനമൊരുക്കിയത്. ആദ്യം സ്‌കൂള്‍വാഹനങ്ങള്‍ മാത്രമാണ് നിരീക്ഷിച്ചിരുന്നത്. പിന്നീട് മറ്റെല്ലാ പൊതുവാഹനങ്ങളും ഉള്‍ക്കൊള്ളിച്ചു. ഇതിനനുസരിച്ച് സെര്‍വര്‍ശേഷി കൂട്ടാതിരുന്നതാണ് സംവിധാനം താറുമാറാക്കിയത്.

ടാക്‌സി, ബസ്, ലോറി ഉള്‍പ്പെടെയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ കേടുപാടുകള്‍ തീര്‍ത്ത് ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണം. ജി.പി.എസിലൂടെ വാഹനത്തിന്റെ യാത്രാപഥം നിരീക്ഷിക്കാന്‍ കഴിയുന്നുവെന്ന് ഉറപ്പാക്കിയേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറുള്ളൂ.