പുതിയ വാഹനം ഡെലിവറിയെടുക്കുന്ന ദിവസം എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടതാണ്. ഷോറൂമിൽനിന്ന് വാഹനം സ്വീകരിച്ച് റോഡിലേക്കിറക്കുമ്പോൾ കിട്ടുന്ന സന്തോഷം അനുഭവിച്ചവർക്ക് മനസ്സിലാകും. പുതിയ വാഹനമായതിനാൽ തന്നെ അതിനുമുകളിൽ ഒരു പോറൽ വീഴുന്നതുപോലും സഹിക്കാനാവില്ല. എന്നാൽ ഡെലിവറിയെടുത്ത അതേദിവസം പുതിയ കാർ കത്തിച്ചാമ്പലായ സങ്കടകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

To advertise here,

ജപ്പാനിലാണ് സംഭവം. ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഹോങ്കോൺ എന്ന 33-കാരനായ സംഗീതജ്ഞൻ വാങ്ങിയ ഫെരാരി 458 സ്പൈഡർ എന്ന ആഡംബര കാറാണ് കത്തിയമർന്നത്. ഒരു ദശാബ്ദത്തോളം കാലം സ്വരൂപിച്ച പണം ഉപയോ​ഗിച്ചായിരുന്നു അദ്ദേഹം തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയത്. ഷോറൂമിൽനിന്ന് വാഹനം ഡെലിവറി സ്വീകരിച്ച്  ഒരു മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ എൻജിനിൽ തീപ്പിടിക്കുകയായിരുന്നു. 

ജപ്പാനിൽ ഇത്തരമൊരു ദുരനുഭവം നേരിടുന്ന ഒരേയൊരു വ്യക്തി താനായിരിക്കുമെന്ന് കരുതുന്നതായി വാഹനത്തിന്റെ ഉടമയായ ഹോങ്കോൺ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചു. ഫെരാരി 458 സ്പൈഡറിന് ജപ്പാനിൽ ഏകദേശം 43 ദശലക്ഷം യെൻ (ഏകദേശം 2.6 കോടി രൂപ) വിലവരും.

ടോക്കിയോയിലെ മിനാറ്റോ ഏരിയയിലൂടെ കാർ ഓടിക്കുമ്പോഴാണ് വാഹനത്തിൽനിന്ന് പുക ഉയരുന്നത് ഹോങ്കോണിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇദ്ദേഹം കാർ നിർത്തി പുറത്തിറങ്ങി. ഉടമയ്ക്ക് തീ അണയ്ക്കാൻ കഴിഞ്ഞില്ലെന്നും ഷൂട്ടോ എക്സ്പ്രസ് വേയിൽ വെച്ച് 20 മിനിറ്റിനുള്ളിൽ കാർ കത്തിച്ചാമ്പലായതായും യാഹൂ ജപ്പാൻ റിപ്പോർട്ട് ചെയ്തു. ഉടമയ്ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. സംഭവത്തെക്കുറിച്ച് ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.