എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാമുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യ. 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന മിശ്രിതമായ E20 ഇന്ധനം രാജ്യവ്യാപകമായി അവതരിപ്പിച്ചുകഴിഞ്ഞു. വാഹനങ്ങളുടെ പ്രകടനത്തെ E20 ബാധിക്കുമെന്ന ആശങ്കകൾ വർധിച്ചുവരുന്നതിനിടെ, വിഷയത്തിൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും ദിവസങ്ങൾക്ക് മുൻപ് പ്രതികരിച്ചിരുന്നു.
അടിസ്ഥാനരഹിതവും ശാസ്ത്രീയ തെളിവുകളോ വിദഗ്ദ്ധ വിശകലനങ്ങളോ ഇല്ലാത്തതുമാണ് ഇത്തരം ആശങ്കകളെന്നായിരുന്നു മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറഞ്ഞത്. എന്നാൽ പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ സർക്കാർ ഉയർത്തിക്കാട്ടുമ്പോൾ വാഹനമോടിക്കുന്നവർക്ക്, പ്രത്യേകിച്ച് പഴയ വാഹനങ്ങളുള്ളവർ നിരന്തരമായി ചില ആശങ്കകൾ മുന്നോട്ടുവെയ്ക്കുന്നുണ്ട്.
എഥനോൾ പെട്രോളിന്റെ വില കുറയ്ക്കുന്നുണ്ടോ?
എഥനോൾ കലർത്തുന്നത് പമ്പുകളിലെ ഇന്ധനവില ഇതുവരെ കുറച്ചിട്ടില്ല. ഒരുകാലത്ത് എഥനോളിന് പെട്രോളിനേക്കാൾ വില കുറവായിരുന്നുവെങ്കിലും ഇപ്പോൾ സംഭരണച്ചെലവ് വർധിച്ചുവെന്ന് ഇന്ത്യൻ ഓയിൽ മന്ത്രാലയം വ്യക്തമാക്കുന്നു. എഥനോളിന്റെ നിലവിലെ ശരാശരി വില പെട്രോളിനേക്കാൾ കൂടുതലാണ്. അതിനാൽ E20-യുടെ വരവ് ഉപഭോക്താക്കൾക്ക് സാമ്പത്തിക ലാഭം നൽകിയിട്ടില്ല.
പ്രകടനത്തിൽ മെച്ചമുണ്ടോ?
എഥനോളിന്റെ ഉയർന്ന ഒക്ടേൻ റേറ്റിങ് ( എൻജിന്റെ കംപ്രഷൻ ചേംബറിൽവെച്ച് ഇന്ധനം നേരത്തെ കത്തുന്നതിനെയോ (premature ignition) നോക്കിങ്ങിനെയോ (knocking) ചെറുക്കാനുള്ള കഴിവാണിത്) മികച്ച ജ്വലനം നൽകുകയും ഉയർന്ന കംപ്രഷൻ അനുപാതത്തിൽ എൻജിനുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വാഹനത്തിന്റെ പ്രകടനം വർധിപ്പിക്കാൻ സാധ്യതയുണ്ട്. E20-ക്കായി രൂപകൽപന ചെയ്ത പുതിയ എൻജിനുകൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയും. പഴയ എൻജിനുകളിൽ ഇഗ്നിഷൻ ടൈമിങ് ക്രമീകരിച്ചാൽ ടോർക്ക് വർധനവ് കണ്ടേക്കാം.
മൈലേജ് കുറയുമോ?
എഥനോളിന്റെ ഊർജ സാന്ദ്രത കുറവായതിനാൽ ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാകും. E20-ക്ക് അനുയോജ്യമായ എൻജിനുകളിൽ 1-2 ശതമാനം ഇന്ധനക്ഷമത കുറയുമെന്നാണ് സർക്കാർ പരിശോധനകൾ സൂചിപ്പിക്കുന്നത്. എന്നാൽ പഴയ വാഹനങ്ങളിൽ ഇത് 3-6 ശതമാനം വരെയാകാം. യഥാർഥ ഡ്രൈവിങ് സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് E10 അല്ലെങ്കിൽ അതിൽ കുറഞ്ഞ മിശ്രിതങ്ങൾക്കായി നിർമിച്ച പഴയ വാഹനങ്ങളിൽ മൈലേജ് നഷ്ടം കൂടുതൽ പ്രകടമായേക്കാം. എന്നാൽ, എൻജിൻ ട്യൂണിങ്ങിലൂടെ ഇത് മറികടക്കാനാകുമെന്നാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പറയുന്നത്.
പഴയ എൻജിനുകളിൽ തേയ്മാനം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?
എഥനോളിന് ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവുണ്ട് (ഹൈഗ്രോസ്കോപ്പിക്). ഇത് പെട്രോളിനേക്കാൾ വേഗത്തിൽ തേയ്മാനമുണ്ടാക്കാൻ കാരണമാകുന്നു. കാലക്രമേണ, E20 ഇന്ധനം ഫ്യുവൽ പമ്പുകൾ, ഇൻജെക്ടറുകൾ, റബ്ബർ സീലുകൾ, ഗാസ്കറ്റുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരിത്തിയേക്കാം. പ്രത്യേകിച്ച് ഈർപ്പമുള്ളതോ തീരപ്രദേശങ്ങളിലോ ഇത് കൂടുതലായിരിക്കും.
ചില പഴയ വാഹനങ്ങളിൽ 20,000-30,000 കിലോമീറ്റർ ഓടിക്കഴിയുമ്പോൾ റബ്ബർ ഭാഗങ്ങളോ ഗാസ്കറ്റുകളോ മാറ്റേണ്ടി വരുമെന്ന് സർക്കാർ സമ്മതിക്കുന്നു. ഇത് ചെലവ് കുറഞ്ഞതും സാധാരണവുമായ ഒരു അറ്റകുറ്റപ്പണിയാണെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
തുരുമ്പ് തടയുന്നതിനുള്ള ഘടകങ്ങൾ ഇതിനകം തന്നെ ഇന്ധനത്തിന്റെ ഭാഗമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ബിഐഎസ്, ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്‌സ് എന്നിവയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിക്കുന്നു. എന്നാൽ, E20 ഉപയോഗിക്കുന്ന പഴയ വാഹനങ്ങൾക്ക് ഇടയ്ക്കിടെ സർവീസിങ് ആവശ്യമായി വന്നേക്കും. പ്രത്യേകിച്ച് ഫ്യുവൽ സിസ്റ്റം ക്ലീനിങും ഇൻജെക്ടർ പരിപാലനവും.
വാറണ്ടിയെ ബാധിക്കുമോ?
മിക്ക വാഹന നിർമാതാക്കളും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, ചിലർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു ചിലരാകട്ടെ, ഒരു നിശ്ചിത തുക ഈടാക്കി വാഹനം E20-ക്ക് അനുയോജ്യമാക്കാൻ നവീകരിച്ചു നൽകാമെന്നും പറഞ്ഞിട്ടുണ്ട്.
എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാം
2014-15 മുതൽ, ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാമിലൂടെ പെട്രോൾ ഇറക്കുമതി കുറച്ചുകൊണ്ട് 1.40 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചിട്ടുണ്ട്. എഥനോൾ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ നൽകിയതിന് കർഷകർക്ക് 1.20 ലക്ഷം കോടി രൂപയിലധികം ലഭിച്ചു. ഇത് ഗ്രാമീണ മേഖലയിലെ തൊഴിലും ആവശ്യകതയും വർധിപ്പിച്ചു.
E20-ക്ക് അനുയോജ്യമായ പുതിയ വാഹനങ്ങൾക്ക് ഈ മാറ്റം സുഗമമായിരിക്കും. കൂടാതെ പ്രകടനത്തിൽ മെച്ചവും ഉണ്ടാകാം. എന്നാൽ, പഴയ വാഹനങ്ങളുടെ ഉടമകൾക്ക് കുറഞ്ഞ ഇന്ധനക്ഷമത, കാലക്രമേണ തേയ്മാനം എന്നിവ നേരിടേണ്ടി വന്നേക്കാം.
Content Highlights: E20 fuel arrives in India. Explore its impact on mileage, performance
Published: 14 Aug 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented