വീടിന്റെ മതിലിന് മുകളിൽ 'നിർത്തിയിട്ടിരിക്കുന്ന' കാറിന്റെ ദൃശ്യങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. വെള്ള നിറത്തിലുള്ള ടാറ്റാ ആൾട്രോസ് കാറാണ് മതിലിന് മുകളിൽ കയറിയ നിലയിൽ കാണപ്പെട്ടത്. തെലങ്കാനയിലെ ശംഭിപുർ ഗ്രാമത്തിലാണ് സംഭവം. മദ്യപിച്ചുവെന്ന് സംശയിക്കുന്ന ഡ്രൈവർ ഒരു വീടിന്റെ മതിലിന് മുകളിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു.

To advertise here,

ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടതോടെ കാർ മതിലിലേക്ക് ഇടിച്ചുകയറുകയും പിന്നീട് വേഗത കൂടി മതിലിന് മുകളിലെത്തുകയുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ശരിയായ കാരണം വ്യക്തമല്ല. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും മതിലിന് മുകളിലെ കാർ കണ്ട് ഞെട്ടി. ആ കാഴ്ച കണ്ട് ആർക്കും അവരുടെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല. സംഭവത്തെക്കുറിച്ചുള്ള കമന്റുകളിൽ എക്സ് ഉപയോക്താക്കളും ഇതേ വികാരം പ്രകടിപ്പിച്ചു. ക്രെയിനിന്റെ സഹായത്തോടെയാണ് പിന്നീട് വാഹനം താഴെയിറക്കിയത്.  

'ഇത് എങ്ങനെ സാധിക്കുമെന്ന് ആർക്കെങ്കിലും ദയവായി വിശദീകരിക്കാമോ? എന്ന് ഒരു ഉപയോക്താവ് കുറിച്ചു'. 'ഇയാളെ റെഡ് ബുൾ അഡ്വഞ്ചർ സ്പോർട്സിലേക്ക് അയക്കണം', ഡ്രൈവറെക്കുറിച്ച് മറ്റൊരാൾ തമാശയായി പറഞ്ഞു. 'ഡ്രൈവിങ് കഴിവുകൾ: അൾട്രാ പ്രോ മാക്സ്' എന്ന് മറ്റൊരാൾ പരിഹാസിച്ചു. 'ഇതൊരു കാറോ അതോ തവളയോ? മോശം ഡ്രൈവർ', മറ്റൊരു വ്യക്തി കുറിച്ചു.