അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി

പ്രതീകാത്മക ചിത്രം | Photo: Canva
ചെന്നൈ: ദീപാവലി അവധിയാഘോഷിക്കാന്‍ നാട്ടില്‍ പോകുന്നവരുടെ കഴുത്തറക്കുന്ന സ്വകാര്യബസുകളുടെ കൊള്ളനിരക്കിനു പൂട്ടിട്ട് ഗതാഗത വകുപ്പ്. സ്വകാര്യ ബസുകള്‍ നാലുമടങ്ങുവരെ കൂടിയനിരക്കാണ് ഈടാക്കിയിരുന്നത്. ഗതാഗത വകുപ്പ് കമ്മിഷണറുടെ കര്‍ശന ഇടപെടലിലൂടെ ഇത് ഗണ്യമായി കുറച്ചു.
അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനുപിന്നാലെ, ഗതാഗത വകുപ്പ് കമ്മിഷണര്‍ കര്‍ശനമായ നടപടികള്‍ തുടങ്ങി. ഇതോടെ, ബസുടമകള്‍ നിരക്കുകുറയ്ക്കാന്‍ തയ്യാറായി. ദീപാവലി, പൊങ്കല്‍ ഉത്സവകാലങ്ങളില്‍ നാട്ടിലേക്കുപോകാന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ ട്രെയിനുകളെയും സര്‍ക്കാര്‍ ബസുകളെയും സ്വകാര്യ ബസുകളെയുമാണ് ആശ്രയിക്കുന്നത്.
സര്‍ക്കാര്‍ ബസുകള്‍ സാധാരണനിരക്കില്‍ സര്‍വീസ് നടത്തുമ്പോള്‍ സ്വകാര്യബസുകള്‍ അമിത നിരക്ക് ഈടാക്കി കൊള്ളലാഭം കൊയ്യുകയാണ്. കഴിഞ്ഞദിവസം ചെന്നൈയില്‍നിന്ന് നാഗര്‍കോവിലിലേക്ക് എസി സ്ലീപ്പര്‍ ബസ് നിരക്ക് 4,399 രൂപയും തിരുനല്‍വേലിയിലേക്ക് 3,999 രൂപയും തൂത്തുക്കുടിയിലേക്ക് 4,085 രൂപയും മധുരയിലേക്ക് 3,932 രൂപയും തിരുച്ചിറപ്പള്ളിയിലേക്ക് 3,899 രൂപയുമാണ്. കോയമ്പത്തൂരിലേക്ക് 4,420 രൂപയും സേലത്തേക്ക് 4,110 രൂപയും ഉണ്ടായിരുന്നു.
നിരക്കുവര്‍ധനയ്‌ക്കെതിരേ ശക്തമായ എതിര്‍പ്പുകളുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് അധിക നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മിഷണര്‍ ശക്തമായ മുന്നറിയിപ്പു നല്‍കിയത്. പരാതികള്‍ അറിയിക്കാന്‍ ജില്ല തിരിച്ചുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകളും പുറത്തുവിട്ടു. പിന്നാലെ, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്നാണ് നാലിരട്ടി വരെ വര്‍ധിപ്പിച്ച നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ബസുടമകള്‍ തയ്യാറായത്.
ഇതുപ്രകാരം തെക്കന്‍ ജില്ലകളിലേക്കുള്ള സ്വകാര്യ ബസുകളില്‍ നിരക്ക് 30 ശതമാനം വരെ കുറച്ചു. തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലേക്കുള്ള നിരക്ക് പകുതിയാക്കി. ബസുടമകള്‍ ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ ഭാഗത്തുനിന്ന് നിരീക്ഷണം തുടരുമെന്ന് ഗതാഗത വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സ്വകാര്യബസുകളുടെ കൊള്ള തടയാനും കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും ദീപാവലിയോടു ചേര്‍ന്നുള്ള ദിവസങ്ങളില്‍ 15,000-ത്തോളം സര്‍ക്കാര്‍ ബസുകള്‍ അധികമായി സര്‍വീസ് നടത്തും.
അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായും സമാനരീതിയില്‍ സര്‍വീസ് ഉണ്ടാകും. ദീപാവലി ഈമാസം 20-നാണ്. അതിനാല്‍ വെള്ളിയാഴ്ച മുതല്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. അമിത നിരക്കിനെക്കുറിച്ച് പരാതിപ്പെടാന്‍ 1800 425 6151, 044-24749002, 044- 26280445 എന്നീ നമ്പരുകളില്‍ വിളിക്കാം.
Content Highlights: Private buses hiked Diwali travel fares up to 4x. Transport Dept intervenes, forcing fare reduction to curb `loot rates`.
Published: 16 Oct 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented