അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിനായി പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം നിരോധിക്കുന്ന ട്രെന്റ് തുടങ്ങിയത് ഡൽഹിയിലാണ്. പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കുമാണ് ഇവിടെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ പാത പിന്തുടർന്ന് പഴയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ആലോചനകളിലാണ് മഹാരാഷ്ട്രയിലെ സുപ്രധാന നഗരങ്ങളിലൊന്നായ പുണെ.

To advertise here,

ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഴക്കം ചെന്ന വാഹനങ്ങൾ നിരോധിക്കാൻ പുണെ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. പെട്രോൾ-ഡീസൽ വേർതിരിവുകൾ ഇല്ലാതെ 15 വർഷത്തിലധികം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കുകയെന്ന നീക്കമാണ് വിലയിരുത്തുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പ്രഥമിക ആലോചന മാത്രമാണ് നടന്നിട്ടുള്ളതെന്നും അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നുമാണ് ജില്ലാ കളക്ടർ ജിതേന്ദ്ര ഡൂഡി അറിയിച്ചത്.

വിവിധ സർക്കാർ വകുപ്പുകൾ പങ്കെടുത്ത സംയുക്ത യോഗത്തിൽ നഗരപരിധിയിൽ ഉപയോഗിക്കുന്ന 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നത് പ്രധാനമായി പരിഗണിക്കപ്പെട്ട വിഷയമായിരുന്നു. എന്നാൽ, നിലവിലുള്ള കോടതി വിധികളുടെ അടിസ്ഥാനത്തിൽ കാലപ്പഴക്കം അടിസ്ഥാനമാക്കിയുള്ള നിരോധനം നടപ്പാക്കുന്നതിന് പരിമിതികളുണ്ടെന്നുമാണ് കളക്ടർ ജിതേന്ദ്ര ഡൂഡി അഭിപ്രായപ്പെടുന്നത്.

ഭാരത് സ്റ്റേജ് 6 (ബിഎസ് 6) എൻജിനിലല്ലാത്ത വാഹനങ്ങൾ ഒഴിവാക്കുകയെന്നതായിരുന്നു ചർച്ച ചെയ്യപ്പെട്ട മറ്റൊരു നിർദേശം. ബിഎസ് 6 എൻജിനിലുള്ള വാഹനങ്ങളിൽ ഏറ്റവും മികച്ച മലിനീകരണ നിയന്ത്ര മാനദണ്ഡങ്ങളാണ് പാലിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ മാനദണ്ഡം പാലിക്കാത്ത പഴയതും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നത് മലിനീകരണം കുറയ്ക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സാധിക്കുമെന്നും കളക്ടർ പറഞ്ഞു.

മലിനീകരണം ഉയരുന്നത് കണക്കിലെടുത്ത് പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹി എൻസിആർ മേഖളയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് 2025-ൽ ഗ്രീൽ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരത്തിലുള്ള വാഹനങ്ങളുടെ ഉടമകൾക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കരുതെന്നായിരുന്നു 2025-ൽ സുപ്രീം കോടതിയുടെ വിധി. പ്രായം അടിസ്ഥാനമാക്കിയല്ല, മറിച്ച് മലിനീകരണം അടിസ്ഥാനമാക്കി വേണം നിരോധനമെന്നാണ് ഡൽഹിയിലെ പ്രശ്‌നത്തിൽ ഉയർന്ന അഭിപ്രായങ്ങൾ.