മലപ്പുറം: നിര്‍മാണത്തിലെ പിഴവിന് വാഹനമോ വിലയോ നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മിഷന്റെ വിധി. വെട്ടം സ്വദേശിയായ മുഹമ്മദ് താഹിറിന്റെ പരാതിയിലാണ് വിധി. ടൊയോട്ട കമ്പനിയുടെ എറ്റിയോസ് ലിവ 2018-ല്‍ എട്ട് ലക്ഷത്തി മുപ്പത്തൊന്നായിരം രൂപയ്ക്കാണ് വാങ്ങിയത്.

To advertise here,

വാഹനം വാങ്ങിയ ഉടനെ ഓയില്‍ അധികമായി ഉപയോഗിക്കേണ്ടിവന്നതിനെത്തുടര്‍ന്ന് സര്‍വീസ് സെന്ററില്‍ പരാതിയുമായി സമീപിച്ചിരുന്നു. ഓരോ തവണയും അടുത്ത സര്‍വീസോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതല്ലാതെ ഓയില്‍ ഉപയോഗത്തില്‍ കുറവ് വന്നില്ല. തുടര്‍ന്നാണ് കമ്മിഷനില്‍ പരാതി നല്‍കിയത്.

പരാതി തെളിയിക്കുന്നതിനായി തിരൂര്‍ അസി. മോട്ടോര്‍ വെഹിക്കള്‍സ് ഇന്‍സ്‌പെക്ടര്‍ മുഖേന പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. വാഹനത്തിന് അധികമായി ഓയില്‍ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉപഭോക്തൃ കമ്മിഷന്റെ വിധി. പുതിയ വാഹനമോ നിലവിലുള്ള വാഹനത്തിന്റെ വിലയോ പരാതിക്കാരന് നല്‍കണം. 

നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിധി നടപ്പാക്കാത്തപക്ഷം ഒന്‍പത് ശതമാനം പലിശയും നല്‍കണം.