സിആര്‍ 450 ബുള്ളറ്റ് ട്രെയിനിന്റെപരീക്ഷണ ഓട്ടംചൈനയില്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അനാച്ഛാദനം ചെയ്യപ്പെട്ട സിആര്‍ 450 ട്രെയിനിനെ ലോകത്തെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് മള്‍ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) എന്നാണ് വിശേഷിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടം പൂര്‍ത്തിയാക്കി അധികൃതരില്‍ നിന്നുള്ള അനുമതി ലഭിച്ചതിന് ശേഷമായിരിക്കും ഈ ട്രെയിന്‍ വാണിജ്യ സേവനത്തിനായി എത്തുക.

To advertise here,

സിആര്‍450-ന്റെ പരമാവധി വേഗം

സിജിടിഎന്‍ റിപ്പോര്‍ട്ട് പ്രകാരം പരീക്ഷണ ഓട്ടങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സിആര്‍450 അതിവേഗം കുതിച്ചു. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗം, റിലേറ്റീവ് പാസിങ് സ്പീഡായി മണിക്കൂറില്‍ 896 കിലോമീറ്റര്‍ എന്നീ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഈ ട്രെയിന്‍ കൈവരിച്ചു. സിആര്‍ആര്‍സി ചാങ്ചുന്‍ റെയില്‍വേ വെഹിക്കിളും സിആര്‍ആര്‍സി സിഫാങ് കോ ലിമിറ്റഡും ചേര്‍ന്നാണ് സിആര്‍450 പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്.

സിആര്‍ 450 - രൂപകല്‍പന

എങ്ങനെയാണ് ഈ ട്രെയിന്‍ ഇത്രയും വേഗം കൈവരിച്ചത് ? ട്രെയിനിന്റെ എയറോഡൈനാമിക് ഡിസൈനില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് അതിന് പ്രധാന പങ്കുവഹിച്ചത്. ട്രെയിനിന്റെ മൂക്ക് (നോസ് കോണ്‍) നിലവിലെ 350 കി.മീ/മണിക്കൂര്‍ ട്രെയിനുകളിലെ 12.5 മീറ്ററില്‍ നിന്ന് 15 മീറ്ററായി നീട്ടി. ഇതുവഴി എയറോ ഡൈനാമിക് ഡ്രാഗ് കുറഞ്ഞു. ബാഹ്യ രൂപകല്‍പനയില്‍ കൊണ്ടുവന്ന ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് ട്രെയിനിന്റെ എയര്‍ റെസിസ്റ്റന്‍സ് 22 ശതമാനം കുറഞ്ഞു. വായുവിനെ സുഗമമായി തെന്നിമാറ്റി അതിവേഗം മുന്നോട്ട് നീങ്ങാന്‍ ഇത് സഹായിക്കുന്നു.

വായുവുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കി പൂര്‍ണമായും മൂടിയ രീതിയിലാണ് ബോഗികള്‍ ഒരുക്കിയിരിക്കുന്നത്. കാരേജുകളുടെ അടിയിലുള്ള സ്‌കര്‍ട്ട് പാനലുകള്‍ താഴ്ത്തി, ചക്രങ്ങളും വായുവുമായുള്ള സമ്പര്‍ക്കം കുറച്ചു. അതിവേഗ റേസ് കാറുകളുടെ ഡിസൈന്‍ തത്വവും ഇതേ രീതിയിലാണ്. കൂടാതെ ട്രെയിനിന്റെ ഉയരം 20 സെന്റിമീറ്റര്‍ കുറച്ചു. ഭാരത്തിലും 50 ടണ്‍ കുറവു വരുത്തി.

നിലവില്‍ ഷാങ് ഹായില്‍ നിന്ന് ചോങ്ക്വിങ്-ചെങ്ദു അതിവേഗ റെയില്‍ ലൈനിലൂടെയാണ് സിആര്‍450 യുടെ പരീക്ഷണ ഓട്ടം നടക്കുന്നത്. വെറും നാല് മിനിറ്റ് 40 സെക്കന്റില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 350 കിമീ വേഗത്തിലേക്ക് ആക്സിലറേറ്റ് ചെയ്യാൻ ഈ ട്രെയിനിന് സാധിക്കും. നിലവിലുള്ള ഫക്സിങ് ഇഎംയു (Fuxing EMU)  ട്രെയിനിനേക്കാള്‍ 100 സെക്കന്റ് വേഗം കൂടുതലാണിത്. 6 മിനിറ്റ് 20 സെക്കന്റ് വേഗത്തിലാണ് ഫക്സിങ് ഇഎംയു 350 കിമീ വേഗം വൈവരിക്കുക.