കാർ മോഡിഫിക്കേഷനുകൾക്ക് നിങ്ങളുടെ കാറിന് ആകർഷകമായ രൂപം നൽകാനും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും സാധിക്കും. എന്നാൽ, ഇതിൽ മറഞ്ഞിരിക്കുന്ന ചില ദോഷങ്ങളുമുണ്ട്. പ്രത്യേകിച്ചും വാഹനങ്ങൾ വിൽക്കാൻ പദ്ധതിയുണ്ടെങ്കിൽ ഇത് പ്രതികൂലമായി ബാധിക്കും. മോഡിഫിക്കേഷനുകൾ കാരണം നിങ്ങളുടെ കാറിന്റെ മൂല്യത്തെ ബാധിക്കുന്ന അഞ്ച് പ്രധാന പ്രശ്നങ്ങൾ പരിശോധിക്കാം.

To advertise here,

1. ഇൻഷുറൻസ് ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ

മാറ്റങ്ങൾ വരുത്തിയ കാറുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പ്രയാസമാണ്. വാഹനത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് നിങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിൽ പോലും, മാറ്റങ്ങൾ വരുത്തിയതിന് ശേഷമുള്ള നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകാൻ ഇൻഷുറൻസ് കമ്പനി വിസമ്മതിച്ചേക്കാം. മിക്ക കേസുകളിലും, വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിട്ടില്ലെങ്കിൽ ക്ലെയിമുകൾ നിരസിക്കപ്പെടാറുണ്ട്.

2. വാറന്റി നഷ്ടപ്പെടാം

എൻജിൻ, സസ്പെൻഷൻ, അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയാൽ മിക്ക നിർമാതാക്കളും നിങ്ങളുടെ വാറന്റി അസാധുവാക്കും. അതിനാൽ, വാഹനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിച്ചാൽ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് സ്വന്തം കയ്യിൽനിന്ന് നൽകേണ്ടി വരും.  

3. റീസെയിൽ വാല്യുവിൽ ഇടിവ്

കാർ പ്രേമികൾ തങ്ങളുടെ വാഹനങ്ങൾക്ക് ഭം​ഗി കൂട്ടാൻ ഒട്ടേറെ മാറ്റങ്ങൾ വരുത്താറുണ്ട്. സ്വയം സംതൃപ്തിപ്പെടുന്നതിനൊപ്പം മറ്റുള്ളവരെ തങ്ങളുടെ വാഹനങ്ങളിലേക്ക് ആകർഷിക്കുന്നതും ഉടമകൾക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഇതിനായി ചെലവഴിക്കുന്ന തുക, വാഹനം വിൽക്കുമ്പോൾ തിരികെ ലഭിക്കില്ലെന്ന വസ്തുത അവർ പലപ്പോഴും മറന്നുപോകുന്നു. 

വിശ്വാസ്യത, പ്രകടനത്തിലെ പ്രശ്നങ്ങൾ, നിയമപരമായ കുരുക്കുകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഒരുപാട് മാറ്റങ്ങൾ വരുത്തിയ കാറുകൾ വാങ്ങാൻ പലരും മടിക്കുന്നു. ബ്രാൻഡ് നൽകിയതിനു പുറത്തുള്ള  ചെറിയൊരു മാറ്റം പോലും കാറിന്റെ റീസെയിൽ വാല്യു ഗണ്യമായി കുറയ്ക്കും. ചിലപ്പോൾ അതേ മോഡലിലുള്ള, നന്നായി പരിപാലിക്കുന്ന ഒരു സാധാരണ കാറിനേക്കാൾ കുറഞ്ഞ വിലയിലേക്ക് ഇത് എത്തിയേക്കാം.

4. ഉയർന്ന പരിപാലനച്ചെലവ്

വാഹനത്തിൽ മാറ്റങ്ങൾ വരുത്തുന്നത് കൂടുതൽ പണച്ചെലവുള്ള കാര്യമാണ്. പ്രകടനം മെച്ചപ്പെടുത്താനുള്ള മാറ്റങ്ങൾ സാധാരണയായി വാഹനത്തിന് കൂടുതൽ തേയ്മാനമുണ്ടാക്കും. മാറ്റം വരുത്തിയ സസ്പെൻഷൻ, റീമാപ്പ് ചെയ്ത എൻജിനുകൾ എന്നിവയ്ക്ക് ഇടയ്ക്കിടെ സർവീസ് ആവശ്യമായി വരും. ഇത് നിങ്ങളുടെ പരിപാലനച്ചെലവ് ഗണ്യമായി വർധിപ്പിക്കുന്നു.

5. നിയമപരമായ പ്രശ്നങ്ങൾ

ഇന്ത്യയിലെ പല ഭാഗങ്ങളിലും വലിയ ശബ്ദമുള്ള എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങൾ, മാറ്റം വരുത്തിയ ഹെഡ്‌ലൈറ്റുകൾ, അല്ലെങ്കിൽ വാഹനത്തിന്റെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ പോലുള്ള ചില മോഡിഫിക്കേഷനുകൾ പൂർണമായും നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ കനത്ത പിഴ ചുമത്തുകയോ, കാർ പിടിച്ചെടുക്കുകയോ, രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യാം. സംസ്ഥാന നിയമങ്ങൾ അനുസരിച്ച് ചിലപ്പോൾ ഇവയെല്ലാം ഒരുമിച്ചും സംഭവിക്കാം.