ചൊവ്വാഴ്ച വെളുപ്പിന് നാല് മണിയോടെ കൊട്ടാരക്കര -ഡിണ്ടുകല്‍ ദേശീയപാതയില്‍ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് മുന്നില്‍ വെച്ചാണ് ഓട്ടത്തിനിടെ ബസിന് തീപിടിച്ചത്.

മുണ്ടക്കയം: ടൂറിസ്റ്റ് ബസ് കത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി മോട്ടോർ വാഹനവകുപ്പ്. ദീർഘദൂരം ഓടിവന്ന ബസിന്റെ ടയറുകൾ ചൂടായി തീ കത്തിയാണ് അപകടം ഉണ്ടായതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധന റിപ്പോർട്ട്. കൂടുതൽ വിശദമായ പരിശോധനകൾ വകുപ്പ് നടത്തും. അതേസമയം, പൂർണമായും കത്തിനശിച്ച ബസിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിക്കാനുള്ള സാധ്യത കുറവാണ്.
കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ. ഓഫീസിൽ നിന്നുള്ള എ.എം.വി.ഐ. സി.വി.ടീനോഷ് കുമാർ, കോട്ടയത്തുനിന്നുള്ള ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.കെ. മനോജ് കുമാർ, എ.എം.വി.ഐ. രാജേഷ് എന്നിവരാണ് ബസ് പരിശോധിച്ചത്.
ഒഴിവാക്കാനുള്ള കരുതൽ
ഗിയർ ഡൗൺ ചെയ്ത് ഇറക്കം ഇറങ്ങുക. അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കാതിരിക്കുക. എന്തെങ്കിലും ശബ്ദമോ പുകയോ ടയർ കരിയുന്നത് പോലുള്ള ഗന്ധമോ അനുഭവപ്പെട്ടാൽ വാഹനം നിർത്തി പരിശോധിക്കുക. ടയർ ചൂടായ വാഹനങ്ങൾ നിർത്തിയിട്ട് അതിന്റെ ചൂട് കുറഞ്ഞശേഷം മാത്രം യാത്ര തുടരുക. അഗ്‌നിരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുക. അതിൽ ഗ്യാസ് ഉണ്ടെന്നും ഉറപ്പ് വരുത്തുക. അത് പ്രവർത്തിക്കുവാൻ വാഹനത്തിലെ ജീവനക്കാർ പരിശീലനം നേടുക. കാലാവധി കഴിഞ്ഞ ഉപകരണം മാറ്റിസ്ഥാപിക്കുക.
അശ്രദ്ധ അപകടങ്ങൾക്ക് കാരണമാകുന്നു
ദീർഘദൂരം ഓടിവരുന്ന വാഹനങ്ങൾക്ക് കുത്തിറക്കത്തിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് വീലുകളുടെ ഡിസ്‌ക് ചൂടാകുന്നതിന് ഇടയാക്കും. ഒന്നാമത്തെയോ രണ്ടാമത്തെയോ ഗിയറിൽ മാത്രമേ വലിയ വാഹനങ്ങളും ഭാരവാഹനങ്ങളും ഇറക്കത്തിൽ ഓടിക്കുവാൻ പാടുള്ളൂ. അങ്ങനെ വരുമ്പോൾ ബ്രേക്ക് ഉപയോഗിക്കേണ്ട ആവശ്യംകുറയും.
അമിതമായ ബ്രേക്ക് ഉപയോഗം മൂലം ഡ്രം ചൂടാകുകയും വീൽ പഴുത്ത് തീ പിടിക്കുകയും ചെയ്യാം. ഓയിൽ ഈ സമയം പുറത്തേക്കു വരികയും തീപ്പിടിത്ത സാധ്യത കൂട്ടുകയും ചെയ്യും. ചക്രം അലൈൻമെന്റ് തെറ്റുന്നത് മൂലവും തീപിടിത്ത സാധ്യതയുണ്ടാക്കാം. വലിയ വാഹനങ്ങളുടെ പിൻവശത്തെ ഡബിൾ വീലുകൾ തമ്മിൽ ഉരഞ്ഞും തീപിടിക്കാം.
കെ.ശ്രീജിത്ത്, ജോയിന്റ് ആർടിഒ കാഞ്ഞിരപ്പള്ളി
ചൊവ്വാഴ്ച വെളുപ്പിന് നാല് മണിയോടെ കൊട്ടാരക്കര -ഡിണ്ടുകൽ ദേശീയപാതയിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിന് മുന്നിൽ വെച്ചാണ് ഓട്ടത്തിനിടെ ബസിന് തീപിടിച്ചത്. എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽനിന്ന് പാക്കേജ് ടൂറിസവുമായി ബന്ധപ്പെട്ട 42 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. രാമേശ്വരം സന്ദർശിച്ചശേഷം എറണാകുളത്തേക്ക് വരുകയായിരുന്നു സഞ്ചാരികൾ.
മുണ്ടക്കയത്ത് ബസ് നിർത്തി ആളെ ഇറക്കിയപ്പോഴാണ് ടയർ കരിയുന്ന ഗന്ധം അനുഭവപ്പെട്ടത്. ഉടൻതന്നെ വാഹനത്തിലെ ജീവനക്കാർ പുറത്തിറങ്ങി. പരിശോധനയ്ക്കിടെ പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചു. ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഉടൻ വിളിച്ചുണർത്തി ബസ് ജീവനക്കാർ പുറത്തെത്തിച്ചു. ഈസമയം വലിയ തീ ഉയർന്നു. വാഹനത്തിന് അടിവശത്ത് തീ കത്താൻ തുടങ്ങി. യാത്രക്കാരും ജീവനക്കാരും ദൂരസ്ഥലത്തേക്ക് മാറിയതിനാൽ വലിയ അപകടം ഒഴിവായി.
Content Highlights: MVD investigates tourist bus fire caused by overheated tires. Learn prevention tips and the causes of such incidents.
Published: 04 Feb 2026, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented