ബെംഗളൂരു: മറ്റുസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത് നികുതിയടയ്ക്കാതെ കര്‍ണാടകത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി ഗതാഗതവകുപ്പ്. മാര്‍ച്ച് ഒന്നുമുതല്‍ 20വരെ ബെംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ നികുതിയിനത്തിലും പിഴയിനത്തിലുമായി 40.2 കോടി രൂപ പിരിച്ചെടുത്തു.

To advertise here,

നികുതിയിനത്തില്‍ 39.8 കോടിയും പിഴയിനത്തില്‍ 2.5 ലക്ഷം രൂപയുമാണ് പിരിച്ചെടുത്തത്. 544 കേസുകളെടുക്കുകയും 244 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണാടകത്തിനുപുറത്ത് രജിസ്റ്റര്‍ചെയ്ത് കൃത്യമായ നികുതിയടയ്ക്കാതെ ബെംഗളൂരുവില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇലക്ട്രോണിക്സിറ്റിയില്‍ 11.7 കോടി രൂപയും ബെംഗളൂരു ഈസ്റ്റില്‍ 9.4 കോടി രൂപയും കെആര്‍ പുരത്ത് 3.7 കോടി രൂപയുമാണ് ആര്‍ടിഒ പിരിച്ചെടുത്തത്. ആദ്യം വിലകൂടിയ വാഹനങ്ങളെമാത്രമാണ് പരിശോധിച്ചതെന്നും ഇപ്പോള്‍ എല്ലാ വാഹനങ്ങളെയും പരിശോധിച്ചുതുടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മോട്ടോര്‍ വാഹന നിയമമനുസരിച്ച് മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത വാഹനം 11 മാസത്തില്‍ കൂടുതല്‍ ഓടിക്കാന്‍ പാടില്ല. 11 മാസം കഴിഞ്ഞാല്‍ വാഹനം കര്‍ണാടകത്തില്‍ വീണ്ടും രജിസ്റ്റര്‍ചെയ്യണം. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വിലയുള്ള കാറുകള്‍ക്ക് വാഹനവിലയുടെ 13 ശതമാനമാണ് നികുതി. 

അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ വിലയുള്ള വാഹനത്തിന് 14 ശതമാനവും 10-20 ലക്ഷത്തിനും ഇടയില്‍ വിലയുള്ള വാഹനത്തിന് 17 ശതമാനവും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനത്തിന് 18 ശതമാനവുമാണ് നികുതി. കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത ഒട്ടേറെ വാഹനങ്ങള്‍ ബെംഗളൂരുവില്‍ ഓടുന്നുണ്ട്.