കേന്ദ്രസർക്കാർ പുതിയ നികുതി ഘടന പ്രഖ്യാപിച്ചതോടെ ഇന്ത്യൻ വാഹനവ്യവസായത്തിലും ചില സുപ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചരക്കുസേവനനികുതി (ജിഎസ്ടി) 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളായി വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തും. നിലവിലുള്ള 12, 28 സ്ലാബുകൾ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കുമാറ്റിയതിനാൽ ഇത് രാജ്യത്തുടനീളമുള്ള കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിലയിൽ നേരിട്ട് മാറ്റങ്ങൾ വരുത്തും. 

To advertise here,

1200 സിസിയിൽ താഴെയുള്ള പെട്രാൾകാറുകളുടെയും 1500 സിസിയിൽതാഴെയുള്ള ഡീസൽ കാറുകളുടെയും നികുതി 28-ൽനിന്ന്‌ 18 ശതമാനമാക്കിയാണ് കുറച്ചത്. അതിനുമുകളിലുള്ള കാറുകൾക്ക്‌ 40 ശതമാനമാണ്‌ നികുതി. 350 സിസിക്ക് തുല്യമോ അതിൽ താഴെയോ ഉള്ള ബൈക്കുകളുടെ ജിഎസ്‌ടിയും 28-ൽനിന്ന്‌ 18 ശതമാനമാക്കിയിട്ടുണ്ട്. ഇതിലൂടെ ആർക്കൊക്കെയാണ് നേട്ടം, ആർക്കാണ് നഷ്ടം എന്നും മറ്റ് സാധാരണ ചോദ്യങ്ങളും പരിശോധിക്കാം.

അറിയാം, വിശദമായി
 
ചെറിയ കാറുകൾക്കും എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾക്കും വില ഗണ്യമായി കുറയും. 1200 സിസിയിൽ താഴെയുള്ള പെട്രോൾ, എൽപിജി, സിഎൻജി കാറുകൾക്കും 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകൾക്കും (4000 മില്ലിമീറ്ററിൽ താഴെ നീളമുള്ളവ) നിലവിലെ 28 ശതമാനത്തിന് പകരം 18 ശതമാനം ജിഎസ്ടി ആയിരിക്കും. ഇതോടെ മാരുതി സ്വിഫ്റ്റ്, വാഗൺ ആർ, ഹ്യുണ്ടായ് i20, ടാറ്റ ആൾട്രോസ്, റെനോ ക്വിഡ്, ഹ്യുണ്ടായ് എക്സ്റ്റർ തുടങ്ങിയ  മോഡലുകളുടെ വില കുറയും. 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഹീറോ സ്പ്ലെൻഡർ, ഹോണ്ട ഷൈൻ, ടിവിഎസ് അപ്പാച്ചെ, ബജാജ് പൾസർ ശ്രേണി, കൂടാതെ ആർഇ ക്ലാസിക്, ഹണ്ടർ 350 മോഡലുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ, പുതിയ ഘടന പ്രീമിയം വാഹനങ്ങൾ വാങ്ങുന്നവർക്ക് തിരിച്ചടിയാണ്. 1200 സിസി പെട്രോൾ അല്ലെങ്കിൽ 1500 സിസി ഡീസൽ എൻജിനുകൾക്ക് മുകളിലുള്ളതും 4000 മില്ലിമീറ്ററിൽ കൂടുതൽ നീളമുള്ളതുമായ എല്ലാ ഇടത്തരം, വലിയ കാറുകൾക്കും ഇനി 40 ശതമാനം ജിഎസ്ടി നൽകേണ്ടിവരും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ എസ്‌യുവികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. 

അതുപോലെ, 350 സിസിയിൽ കൂടുതലുള്ള മോട്ടോർസൈക്കിളുകൾക്കും 40 ശതമാനം നികുതി ഈടാക്കും. ഇത് റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം ഡ്യൂക്ക് 390, ഹാർലി-ഡേവിഡ്‌സൺ X440, ട്രയംഫ് സ്പീഡ് 400 തുടങ്ങിയ മോഡലുകളുടെ വില വർധിപ്പിക്കും. നിലവിൽ, വലിയ കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 17 മുതൽ 22 ശതമാനം വരെ കോമ്പൻസേഷൻ സെസ്സും ഉണ്ട്. ഇത് മൊത്തം നികുതി ഭാരം ഏകദേശം 50 ശതമാനത്തോളം ആക്കുന്നു. പുതിയ 40 ശതമാനം നിരക്ക് ഈ പ്രക്രിയ ലഘൂകരിക്കുന്നു. അതായത് അധിക കോമ്പൻസേഷൻ സെസ് ഉണ്ടാകില്ല. അതിനാൽ മൊത്തത്തിലുള്ള നികുതി ഭാരം കുറയുന്നു.

കൂടാതെ, ബസുകൾ, ട്രക്കുകൾ, ആംബുലൻസുകൾ തുടങ്ങിയ വാണിജ്യ വാഹനങ്ങൾക്ക് ഇനി 18 ശതമാനം ഏകീകൃത ജിഎസ്ടി ആയിരിക്കും. ഇതും 28 ശതമാനത്തിൽനിന്ന് കുറച്ചതാണ്. 18 ശതമാനം ജിഎസ്ടിയോടെ മുച്ചക്രവാഹനങ്ങളും ഇതേ വിഭാഗത്തിൽ വരും. എച്ച്എസ് കോഡുകൾ പരിഗണിക്കാതെ എല്ലാ ഓട്ടോ പാർട്സുകൾക്കും 18 ശതമാനം ജിഎസ്ടി ആയിരിക്കും. 2025 സെപ്റ്റംബർ 22 മുതൽ നികുതിയിലെ ഈ മാറ്റങ്ങളെല്ലാം പ്രാബല്യത്തിൽ വരും. ഇത് വാഹന ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതോടൊപ്പം, കഴിഞ്ഞ പാദത്തിൽ വ്യവസായത്തിലുണ്ടായ മന്ദഗതിയിലുള്ള വിൽപനയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെ​ഗ്മെന്റുകൾക്കനുസരിച്ച് വിലയിൽ മാറ്റം

ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി തുടരുമ്പോൾ, മറ്റ് വിഭാഗങ്ങളിലെ നികുതി നിരക്ക് 18 ശതമാനം അല്ലെങ്കിൽ 40 ശതമാനമാക്കി ആയി പരിഷ്കരിച്ചിട്ടുണ്ട്. റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ (crisil) റിപ്പോർട്ട് അനുസരിച്ച്, ആഭ്യന്തര പാസഞ്ചർ വാഹന വ്യവസായത്തിലെ ഏകദേശം മൂന്നിലൊന്ന് വാഹനങ്ങൾക്കും (ഇന്റേണൽ കംബസ്ഷൻ, ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെ) ഏകദേശം 8.5% വില കുറയും. കൂടാതെ, മിക്കവാറും എല്ലാ ആഭ്യന്തര ഇരുചക്രവാഹനങ്ങൾക്കും ഏകദേശം 7.8% വില കുറയും. അതേസമയം 350 സിസിക്ക് മുകളിലുള്ള വളരെ കുറച്ച് ഇരുചക്രവാഹനങ്ങൾക്ക് 6.9% വില വർധനവുണ്ടാകും.

പാസഞ്ചർ വാഹനങ്ങളുടെ കാര്യത്തിൽ, എൻട്രി ലെവൽ ഹാച്ച്ബാക്ക് (ഉദാ. വാഗൺ ആർ), പ്രീമിയം ഹാച്ച്ബാക്ക് (ഉദാ. സ്വിഫ്റ്റ്), കോംപാക്റ്റ് സെഡാൻ (ഉദാ. സ്വിഫ്റ്റ് ഡിസയർ), 1200 സിസിയിൽ താഴെയുള്ള പെട്രോൾ അല്ലെങ്കിൽ 1500 സിസിയിൽ താഴെയുള്ള ഡീസൽ സബ്-കോംപാക്റ്റ് എസ്‌യുവി (ഉദാ.പഞ്ച്) എന്നിവയുടെ വിലയിൽ 8.5% കുറവുണ്ടാകും,” ക്രിസിൽ ഇന്റലിജൻസിലെ സീനിയർ പ്രാക്ടീസ് ലീഡറും കൺസൾട്ടിങ് ഡയറക്ടറുമായ ഹേമൽ താക്കർ പറഞ്ഞു.

'വലിയ സെഡാനുകൾ (ഉദാ. വിർടസ്), കോംപാക്റ്റ് എസ്‌യുവി (ഉദാ. ബ്രെസ്സ), മിഡ് എസ്‌യുവി (ഉദാ. ക്രെറ്റ), 1500 സിസിയിൽ താഴെയുള്ള എംപിവി (ഉദാ. എർട്ടിഗ) എന്നിവയുടെ വിലയിൽ ഏകദേശം 3.5% കുറവുണ്ടാകും. ഫ്യൂവൽ സെൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജൻ വാഹനങ്ങൾക്കും എല്ലാ ട്രാക്ടറുകൾക്കും  ഏകദേശം 6.3% വില കുറയും. മുച്ചക്രവാഹനങ്ങൾ, ലഘു വാണിജ്യ വാഹനങ്ങൾ, ഇടത്തരം, വലിയ വാണിജ്യ വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്ക് ഏകദേശം 7.8% വില കുറയും', ഹേമൽ താക്കർ കൂട്ടിച്ചേർത്തു.

എല്ലാ ഓട്ടോമോട്ടീവ് ഘടകങ്ങളും 18% എന്ന പരിധിയിലേക്ക് കൊണ്ടുവന്നതിനാൽ, ജിഎസ്ടി കുറവിന്റെ രൂപത്തിൽ വാഹന ഘടക നിർമാതാക്കളിൽനിന്ന്  വാഹന നിർമ്മാതാക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ള നേട്ടങ്ങൾ വിവിധ വിഭാഗങ്ങളിലായുള്ള ഈ വിശകലനത്തിൽ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാസഞ്ചർ വാഹനത്തിലെ 90% ഓട്ടോമോട്ടീവ് ഘടകങ്ങൾക്കും ഇന്ന് 18% ജിഎസ്ടിയും 10% ഘടകങ്ങൾക്ക് 28% ജിഎസ്ടിയുമാണ് ഈടാക്കുന്നതെന്ന് കരുതുക. 28% ഈടാക്കുന്ന 10% ഘടകങ്ങൾ 18% എന്ന നിരക്കിലേക്ക് വന്നാൽ, ഘടകങ്ങളുടെ വില കുറയുന്നതിലൂടെ ഘടക നിർമ്മാതാക്കൾക്ക് വാഹനനിർമാതാവിന് 2.5% അധിക നേട്ടം കൈമാറാൻ സാധിക്കും. ഇത് വാഹനത്തിന്റെ വിലയിൽ വീണ്ടും 1.7% കുറവ് വരുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.