ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ടൂറിസ്റ്റ് ബസുകള്‍ക്ക് കേരളബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവിന് സമാനമായി കര്‍ണാടകത്തിലും നികുതി കുറയ്ക്കണമെന്ന് സ്വകാര്യ ബസുടമകള്‍. 16- ന് അവതരിപ്പിക്കുന്ന കര്‍ണാടക ബജറ്റില്‍ നികുതി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

To advertise here,

നികുതി കുറവുള്ളതിനാല്‍ ടൂറിസ്റ്റ് ബസുടമകളില്‍ വലിയൊരു വിഭാഗവും നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ബസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നികുതി കുറയ്ക്കുന്നതോടെ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി ചോരുന്നത് തടയാന്‍ കഴിയുമെന്നാണ് ഉടമകളുടെ വാദം.

നിലവില്‍ മൂന്നുമാസം കൂടുമ്പോള്‍ 40 സീറ്റുള്ള ഒരു ബസിന് കര്‍ണാടകത്തില്‍ 1,47,200 രൂപയാണ് നികുതിയടയ്‌ക്കേണ്ടത്. സ്ലീപ്പര്‍ ബസുകള്‍ക്ക് സീറ്റിന് 4400 രൂപയടയ്ക്കണം. അതേസമയം നാഗലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസിന് അവിടെയടയ്‌ക്കേണ്ട നികുതി ഒരുവര്‍ഷം 70,000 രൂപവരെയാണ്. അരുണാചല്‍ പ്രദേശില്‍ നികുതിയടയ്ക്കുമ്പോള്‍ കര്‍ണാടകത്തിലടയ്‌ക്കേണ്ടതിന്റെ പകുതിയില്‍ താഴയേ വരൂ.

നികുതിയിളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയതായി കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. രാധാകൃഷ്ണ ഹൊള്ള പറഞ്ഞു.

നിലവില്‍ ഒട്ടേറെ ബസുടമകള്‍ നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലും ബസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചാല്‍ ഈ ബസുകളുടെ രജിസ്ട്രേഷന്‍ കര്‍ണാടകത്തില്‍ത്തന്നെ നടക്കും. ഇതോടെ സര്‍ക്കാരിന് വരുമാനം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.