അടൂർ(പത്തനംതിട്ട): പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡുചെയ്തു. അടൂർ എം.വി.ഡി. സ്‌ക്വാഡ് എ.എം.വി.ഐ.മാരായ ബി.എസ്. ലൈജു, എം.ഷമീർ എന്നിവർക്കെതിരേയാണ് നടപടി. ഓഗസ്റ്റ് അഞ്ചിന് രാവിലെ 11.50-ന് അടൂർ ജനറൽ ആശുപത്രിക്ക് സമീപംവെച്ചാണ് ജീപ്പിന് പിഴയിട്ടത്.

To advertise here,

നിയമവിരുദ്ധമായി ലൈറ്റുകൾ സ്ഥാപിച്ചതിനായിരുന്നു നടപടി. ഇതുസംബന്ധിച്ച് ആറന്മുള എം.എൽ.എ. അബിൻ വർക്കി ഗതാഗത മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പിഴയീടാക്കിയ ഉദ്യോഗസ്ഥരുടെ നടപടി അനൗചിത്യമാണെന്നുകണ്ട് സസ്‌പെൻഡ് ചെയ്തത്. എന്നാൽ, ഈ അച്ചടക്കനടപടിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കടുത്ത അമർഷത്തിലാണ്.

ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിലല്ല നടപടിയെന്നും അടൂരിൽ പതിവ് പരിശോധനക്കിടെയാണ് പിഴയിട്ടതെന്നും വകുപ്പ് അധികൃതർ വിശദീകരിക്കുന്നു. ജീപ്പ് വൺവേയിൽ എതിൽദിശയിൽ കിടക്കുകയായിരുന്നു. ഇതു കണ്ടാണ് വാഹനം ശ്രദ്ധിച്ചത്. പരിശോധനയിൽ അമിതപ്രകാശമുള്ള ലൈറ്റുകൾക്ക് പുറമേ വണ്ടിയുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധിയും കഴിഞ്ഞിരുന്നു. ലൈറ്റുകൾവെച്ചതിന് അയ്യായിരം രൂപ മാത്രമാണ് പിഴയിട്ടത്. 2024-ലും ഇതേ വാഹനത്തിന് നിയമവിരുദ്ധ ലൈറ്റുകൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

2026 എപ്രിലിൽ വാഹനത്തിന്റെ മുന്നിൽ ഇരുന്ന് യാത്ര ചെയ്തവർ സീറ്റ് ബെൽറ്റ് ധരിക്കാഞ്ഞതിന് ഈ വാഹനം എ.ഐ. ക്യാമറയിൽ പതിഞ്ഞിരുന്നു. അന്നും അനധികൃതമായി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിഴയീടാക്കിയത് ബി.എസ്. ലൈജുവാണ്. വകുപ്പിന്റെ വാഹനത്തിൽത്തന്നെ ഇതൊന്നുമറിയാതെ ഇരിക്കുകയായിരുന്നു എം.ഷമീറെന്നും പറയുന്നു.

ആറൻമുളയിൽ പ്രളയരക്ഷാപ്രവർത്തനത്തിനുവന്ന ഓഫ് റോഡ് വാഹനം തിരിച്ചുപോകുമ്പോഴാണ് പിഴയിട്ടതെന്ന് അബിൻ വർക്കി എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞു. പിഴയിട്ടത് ഔചിത്യമല്ല. തങ്ങൾ ക്ഷണിച്ചിട്ടാണ് അവർ വന്നത്. ഇത്തരം നടപടി ആപത്ഘട്ടങ്ങളിലല്ല വേണ്ടതെന്നും എം.എൽ.എ. പറഞ്ഞു. പിഴത്തുക യൂത്ത് കോൺഗ്രസാണ് അടച്ചത്.