
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! ദേശീയപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍ നിരീക്ഷിക്കും. രാമനാട്ടുകരമുതല്‍ വെങ്ങളംവരെയുള്ള 28.4 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആറുവരിപ്പാതയില്‍ 46 ഹൈടെക് സുരക്ഷാക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായി. വാഹനങ്ങളുടെ ഓരോ നീക്കവും ഇനി ഈ ഡിജിറ്റല്‍ കണ്ണുകള്‍ ഒപ്പിയെടുക്കും.
പാതയുടെ മധ്യഭാഗത്തുള്ള ഡിവൈഡറുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകള്‍ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷിച്ചു. രാമനാട്ടുകരയും വെങ്ങളവും ഉള്‍പ്പെടെ പ്രധാനഭാഗങ്ങളില്‍ ഇനി ക്യാമറകളെ കണ്‍ട്രോള്‍റൂമുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ മാത്രമാണ് ബാക്കിയുള്ളത്. ആറുവരിപ്പാതയിലെ ടോള്‍പ്ലാസയിലാണ് ഈ ക്യാമറകളുടെയെല്ലാം കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുക.
അതിവേഗം, ലൈന്‍ ട്രാഫിക് ലംഘനങ്ങള്‍, എക്‌സിറ്റ്-എന്‍ട്രി പോയിന്റുകളിലെ നിയമലംഘനങ്ങള്‍ തുടങ്ങി ആറുവരിപ്പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എല്ലാചലനങ്ങളും ഇനി ക്യാമറകളില്‍ കൃത്യമായി രേഖപ്പെടുത്തപ്പെടും. ഇത് നിയമലംഘനങ്ങള്‍ തടയുന്നതിനും കുറ്റക്കാരുടെ പേരില്‍ നടപടിയെടുക്കുന്നതിനും ഏറെ സഹായകമാകും.
അപകടങ്ങളുണ്ടായാല്‍ ദൃശ്യങ്ങള്‍ വേഗത്തില്‍ പരിശോധിച്ച് യാഥാര്‍ഥ്യം കണ്ടെത്താനും സഹായിക്കും. പത്തു ദിവസത്തിനുള്ളില്‍ മുഴുവന്‍ ക്യാമറകളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുമെന്ന് കരാര്‍ക്കമ്പനി അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ യാത്രയ്ക്ക് മുന്‍ഗണനനല്‍കുന്ന യാത്രക്കാര്‍ക്ക് ഈ വാര്‍ത്ത ആശ്വാസംപകരും. നിയമം ലംഘിക്കുന്നവരുടെ പോക്കറ്റ് കാലിയാവുകയുംചെയ്യും.
Content Highlights: 46 hi-tech cameras monitor traffic on the new 28.4 km in new six-lane highway
Published: 10 Aug 2025, 12:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented