തിരുവനന്തപുരം: സംസ്ഥാനത്ത് പൊളിക്കേണ്ടത് 3591 സര്‍ക്കാര്‍വാഹനങ്ങള്‍. 15 വര്‍ഷം കഴിഞ്ഞ ഇവയുടെ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനാല്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചാലേ പൊളിക്കാന്‍ കഴിയൂ. സര്‍ക്കാര്‍വാഹനങ്ങളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്ന വീല്‍സ് പോര്‍ട്ടലിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.

To advertise here,

പോലീസിനാണ് ഏറ്റവും കൂടതല്‍ വാഹനങ്ങള്‍ (916) നഷ്ടമാകുന്നത്. രണ്ടാംസ്ഥാനത്ത് ആരോഗ്യവകുപ്പാണ് (610). വനം (146), വിദ്യാഭ്യാസം (145), മോട്ടോര്‍വാഹനം (135), അഗ്‌നിരക്ഷാസേന (115), റവന്യു (100) എന്നിവയാണ് കൂടുതല്‍ വാഹനങ്ങള്‍ നഷ്ടമാകുന്ന മറ്റു വകുപ്പുകള്‍. 

അഗ്‌നിരക്ഷാസേനയുടെ ഫയര്‍ എന്‍ജിനുകളും ഇക്കൂട്ടത്തിലുണ്ട്. ഉപയോഗം കുറവായതിനാല്‍ ഇവ കാലഹരണപ്പെട്ടിട്ടില്ലെന്നും അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും കേന്ദ്രം നിരസിച്ചിരുന്നു.

15 വര്‍ഷ കാലാവധിക്കു മുന്‍പ് ഈ വാഹനങ്ങള്‍ ലേലംചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിന് സാമ്പത്തികനേട്ടമുണ്ടാകുമായിരുന്നു. പൊളിക്കേണ്ടതില്‍ പകുതിയും ജീപ്പുകളാണ്. ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കെഎസ്ആര്‍ടിസി മാത്രമാണ് കേന്ദ്രനിയമം മറികടന്ന് പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.

2014 ബസുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ ഓടുന്നുണ്ട്. ഇതിനായി കേന്ദ്രവിലക്ക് മറികടന്ന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. ഇവയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. പകരം വാഹനം പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.