
ഇന്ത്യയിലെ ജനങ്ങളുടെ ആഡംബര വാഹനമെന്ന സ്വപ്‌നം മൂന്ന് കാലുള്ള ഒരു നക്ഷത്രത്തില്‍ ചുറ്റിത്തിരിയുന്ന കാലമുണ്ടായിരുന്നു. ആഡംബര കാര്‍ എന്നാല്‍ ബെന്‍സ് എന്ന് മാത്രമായിരുന്നു ആ കാലഘട്ടത്തിന്റെ നിര്‍വചനം. ഇന്ത്യക്കാരുടെ ആഡംബര വാഹനമെന്ന സങ്കല്‍പ്പം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ കോണ്ടസയെ ചുറ്റിപ്പറ്റി നിന്നിരുന്ന 90 കാലഘട്ടങ്ങളിലാണ് ജര്‍മനിയില്‍ നിന്നുള്ള മെഴ്‌സിഡീസ് ബെന്‍സ് എന്ന കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1994-ല്‍. ആഡംബര വാഹനങ്ങളില്‍ ഇന്ത്യന്‍ വിപണിയുടെ ഭാവി തിരിച്ചറിഞ്ഞ ആദ്യ വാഹന നിര്‍മാതാക്കള്‍ ഒരുപക്ഷേ, ജര്‍മന്‍ കമ്പനിയായ മെഴ്‌സിഡീസ് ആയിരിക്കുമെന്ന് വേണം കരുതാന്‍.
ഇന്ത്യന്‍ നിരത്തുകളില്‍ ആഡംബര വാഹനങ്ങളുടെ പതാകാവാഹകരായ മെഴ്‌സിഡീസ് ഇപ്പോള്‍ 30 വയസിന്റെ യൗവ്വനത്തിലാണ്. 1994 മുതല്‍ 2022 അവസാനം വരെ ഇന്ത്യയില്‍ മെഴ്‌സിഡീസ് എന്ന കമ്പനിയുടെ നായകസ്ഥാനം വഹിച്ചിരുന്നത് വിദേശികളായിരുന്നു. എന്നാല്‍, 2023 ജനുവരി ഒന്നിന് ആ കീഴ്‌വഴക്കവും തെറ്റിക്കപ്പെടുകയായിരുന്നു. മെഴ്‌സിഡീസ് എന്ന ആഡംബര വാഹനനിര്‍മാണ കമ്പനിയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരന്‍ എത്തുകയായിരുന്നു. സന്തോഷ് അയ്യര്‍. മെഴ്‌സിഡീസിനെ സംബന്ധിച്ച് ഇത് പുതിയൊരു ചരിത്രത്തിന്റെ ആരംഭമായിരുന്നെങ്കില്‍ മലയാളികള്‍ക്ക് ഇതൊരു സ്വകാര്യ അഹങ്കാരമായിരുന്നു. കാരണം, അദ്ദേഹം ഒരു മലയാളിയാണ്. തൃശ്ശൂരുകാരാനാണ്.
മെഴ്‌സിഡീസിന്റെ ഇലക്ട്രിക് വാഹനശ്രേണിയില്‍ ഏറ്റവും ഒടുവിലായി എത്തിയ മോഡലായ ഇ.ക്യു.എസ്.580-യുടെ അവതരണത്തിന്റെ ഭാഗമായി വാഹനത്തിന്റെ വിശേഷങ്ങളും ഒപ്പം അല്‍പ്പം സ്വന്തം വിശേഷങ്ങളും അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെച്ചു. മെഴ്‌സിഡീസ് ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനം, മെഴ്‌സിഡീസിന്റെ ആദ്യ ഏഴ് സീറ്റര്‍ ഇലക്ട്രിക് എസ്.യു.വി. എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. മെഴ്‌സിഡീസ് ബെന്‍സ് എം.ഡിയും സി.ഇ.ഒയുമായ സന്തോഷ് അയ്യര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
ഒരാഴ്ചയുടെ ഇടവേളയിലാണ് EQS 680 മെയ്ബയും EQS580-യുടെ എത്തുന്നത്, എന്തുകൊണ്ടാണ് മെഴ്‌സിഡീസ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഫോക്കസ് ചെയ്യുന്നത്.
ഈ വര്‍ഷം അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഞങ്ങള്‍ മൂന്ന് ഇലക്ട്രിക് വാഹനങ്ങളാണ് അവതരിപ്പിച്ചത്. ഇ.ക്യു.എ, ഇ.ക്യു.എസ്. 680 മെയ്ബ, പ്രദേശികമായി അസംബിള്‍ ചെയ്യുന്ന ഈ ഇ.ക്യു.എസ്.580 എസ്.യു.വി. സുസ്ഥിരതയില്ലാതെ ആഡംബരം സാധ്യമല്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നത്. ഞങ്ങളുടെ കൈവശം പെട്രോള്‍ എന്‍ജിന്‍, ഡീസല്‍ എന്‍ജിന്‍, ഹൈബ്രിഡ് സാങ്കേതികവിദ്യ, ഇലക്ട്രിക് തുടങ്ങി ഫുള്‍ റേഞ്ചുമുണ്ട്. എന്നാല്‍, ഉത്തരവാദിത്വമുള്ള ഒരു വാഹനനിര്‍മാണ കമ്പനി എന്ന നിലയ്ക്ക് മലിനീകരണം കുറയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
മലിനീകരണമില്ലാത്ത ഗതാഗത സംവിധാനമാണ് ഭാവിയുടെ ആവശ്യം. നിര്‍മാതാക്കളെ പോലെ നിരവധി ഉപയോക്താക്കളും മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്. കേരളത്തിന്റെ കാര്യം തന്നെ പരിഗണിച്ചാല്‍ രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്ന വിപണികളില്‍ ഒന്നാണത്. വീട്ടില്‍ നിന്നുതന്നെ ചാര്‍ജ് ചെയ്യാനുള്ള സംവിധാനമുള്ളതും കേരളത്തില്‍ കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഞങ്ങളുടെ കസ്റ്റമേഴ്‌സില്‍ 80 ശതമാനം ആളുകള്‍ ഇതുവരെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളില്‍ പോയിട്ടില്ലാത്തവരാണ്.
ഇനി ഇ.ക്യു.എസ്. 580-ലേക്ക് വന്നാല്‍, ഇതൊരു മികച്ച വാഹനമാണ്. 809 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. ലോക്കല്‍ ഡ്രൈവിങ് കണ്ടീഷനില്‍ പോലും 650 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് സിറ്റിസണ്‍ എന്ന നിലയില്‍ വാഹന വ്യവസായത്തില്‍ ഡി-കാര്‍ബണൈസേഷന്‍ ഉറപ്പാക്കാനും മലിനീകരണമുക്തമായ ഗതാഗതം ഒരുക്കാനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുകയാണ് മെഴ്‌സിഡീസ് ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് തുടങ്ങി ഞങ്ങളുടെ കൈവശം എല്ലാം വാഹനങ്ങളുമുണ്ട്. ഉപയോക്താക്കളാണ് തീരുമാനിക്കേണ്ടത് ഏത് തിരഞ്ഞെടുക്കണമെന്നത്.
ഇ.ക്യു.എസ്. 580-യുടെ വിലയും എടുത്ത് പറയേണ്ട ഒന്നാണ്. പ്രദേശികമായി വികസിപ്പിച്ച വാഹനമായത് കൊണ്ടുതന്നെ 1.41 കോടി രൂപയ്ക്ക് ഈ വാഹനം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജി.എല്‍.ഇയുടെ ഓണ്‍റോഡ് വില ഇതിനോട് അടുത്തുവരും. അതുപോലെ ജി.എല്‍.എസിന്റെ എക്‌സ്‌ഷോറൂം വില തന്നെ ഇത്രയുമാണ്. ഞങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. അതേസമയം, കുറച്ച് ട്രെന്റ് സെറ്റിങ് കസ്റ്റമേഴ്‌സ് പച്ച നമ്പര്‍ പ്ലേറ്റിലുള്ള വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇഷ്ടപ്പെടുന്നവരും മലിനീകരണമില്ലാത്ത പരിസ്ഥിതി ഇഷ്ടപ്പെടുന്നവരുമാണ്.
ജി.എല്‍.എസിന്റെ ക്ലാസ് പങ്കിടാന്‍ സാധിക്കുന്ന വാഹനമാണ് ഇ.ക്യു.എസ്. ഈ വാഹനം എത്തിച്ചതിലൂടെ ജി.എല്‍.എസ്. കസ്റ്റമേഴ്‌സിനെ ഇ.ക്യു.എസിലേക്ക് ആകര്‍ഷിന്‍ സാധിക്കുമോ.
വാഹന കളക്ഷനിലേക്ക് ഒരു ഇലക്ട്രിക് വാഹനം കൂടി വേണമെന്ന് ആഗ്രഹമുള്ള ആളുകള്‍ കൂടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ച് അധികം ഉപയോക്താക്കളെ കൂടി ഈ വാഹനത്തിന് ലഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ മെഴ്‌സിഡീസ് കാറുകള്‍ ഉപയോഗിക്കുന്ന ആളുകളില്‍ തന്നെ മെഴ്‌സിഡീസിന്റെ ഒരു ഇലക്ട്രിക് കാര്‍ കൂടി വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇവര്‍ തീര്‍ച്ചയായും ഈ വാഹനത്തിലേക്ക് എത്തും. അത് ഞങ്ങള്‍ അധികമായി പ്രതീക്ഷിക്കുന്ന വില്‍പ്പനയാണ്.
ചില ഉപയോക്താക്കള്‍ ഐസ് എന്‍ജിന്‍ മോഡല്‍ എടുക്കാനാണ് വരുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനത്തിന്റെ പ്രത്യേകതകള്‍ അറിയുന്നതോടെ ഇവര്‍ ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കാറുണ്ട്. രണ്ടില്‍ ഏത് വാഹനം എടുത്താലും ഞങ്ങള്‍ ഹാപ്പിയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ഞങ്ങളുടെ കൈവശം എല്ലാ വാഹനങ്ങളുമുണ്ടെന്ന്. ഐസ് എന്‍ജിന്റെ വില്‍പ്പന കൂടുന്നതും ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ്. അതേസമയം, പുതിയ സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കേണ്ടതും മെച്ചപ്പെട്ട പാക്കേജുകളില്‍ അത് നല്‍കുകയെന്നതും ഞങ്ങളുടെ ഉത്തരവാദിത്വമായാണ് കാണുന്നത്. ബാക്കിയുള്ളത് ഉപയോക്താക്കളുടെ ചോയിസാണ്.
ഒരു കാഴ്ചകാരനെ സംബന്ധിച്ച് EQS 680, 580 എന്നീ രണ്ടും ഇ.വിയാണ്, കാണാനും ഒരുപോലെയാണ്. എന്തൊക്കെയാണ് ശരിക്കും വ്യത്യാസങ്ങള്‍.
ഇ.ക്യു.എസ്.680 എന്നത് ഒരു മെയ്ബ മോഡലാണ്. ഫസ്റ്റ് ക്ലാസ് ക്യാബിനും ആഡംബര സംവിധാനങ്ങളുമുള്ള അഞ്ച് സീറ്റര്‍ മോഡലായാണ് ആ വാഹനം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ഇ.ക്യു.എസ്. 580 മോഡല്‍ ഒരു സെവന്‍ സീറ്റര്‍ എസ്.യു.വിയാണ്. മൂന്നാം നിരയിലും സീറ്റുകള്‍ നല്‍കുന്നുണ്ട്. ഈ സീറ്റുകള്‍, അല്ലെങ്കില്‍ ഈ ഏരിയ പെറ്റ് ഫ്രണ്ടിലിയായിട്ടുമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നമ്മുടെ നാട്ടില്‍ പെറ്റ് കള്‍ച്ചര്‍ കൂടി വരികയാണല്ലോ, അതുകൂടി പരിഗണിച്ചാണ് ഇ.ക്യു.എസ്.580-എത്തിച്ചിരിക്കുന്നത്.
മെയ്ബ് വേറൊരു വാഹനശ്രേണിയാണ്. ഇന്റീരിയര്‍ ഡിസൈന്‍, ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകള്‍, യു.ഐ, യു.എക്‌സ്. ഇന്റര്‍ഫേസ് എന്നിവയെല്ലാം മെയ്ബയുടെ പ്രത്യേകതയാണ്. രണ്ട് മോഡലുകളിലും ബാറ്ററി പാക്ക് ഒരുപോലെയുള്ളതാണ്. പക്ഷേ, റേഞ്ചില്‍ കാര്യമായ വ്യത്യാസമുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് റേഞ്ച് ആണല്ലോ പ്രധാനം. ഈ മോഡലുകളില്‍ റേഞ്ച് സംബന്ധിച്ചുള്ള ടെന്‍ഷന്റെ ആവശ്യമില്ല. ഡ്രൈവിങ് ആയാസം കുറയ്ക്കാന്‍ സഹായിക്കുന്ന റിയര്‍ ആക്‌സില്‍ സ്റ്റിയറിങ് ഡ്രൈവിങ് സംവിധാനവും ഇ.ക്യു.എസ്. 580-യില്‍ നല്‍കിയിട്ടുണ്ട്.
ഡ്രൈവറിനെ വെച്ച് ഓടിക്കുന്നതിനെക്കാള്‍ ഉടമസ്ഥര്‍ സ്വയം ഡ്രൈവ് ചെയ്യുന്ന രീതിയാണ് മെഴ്‌സിഡീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളത്. ഇ.ക്യു.എസ്. 580 നീളമുള്ള വാഹനമായത് കൊണ്ട് സ്റ്റിയറിങ് ആംഗിള്‍ വളരെ പ്രധാനമാണ്. അതുകൊണ്ടാണ് 10 ഡിഗ്രി റിയര്‍ വീല്‍ സ്റ്റിയറിങ് നല്‍കിയത്. ഇതോടെ വാഹനം തിരിക്കുന്നതും മറ്റും ഈസിയായിട്ടുണ്ട്. ഹൈപ്പര്‍ സ്‌ക്രീന്‍, എ.ഐ. ഫീച്ചറുകള്‍, മ്യൂസിക് സംവിധാനം ഇവയെല്ലാം ഇ.ക്യു.എസ്. 580-യുടെ ഹൈലൈറ്റാണ്. ഫീച്ചറുകള്‍ മാറ്റിനിര്‍ത്തിയാല്‍ പിന്നീടുള്ള പ്രധാന ചോദ്യം ബാറ്ററി ലൈഫും റീസെയില്‍ വാല്യുവുമാണ്. ബാറ്ററിക്ക് 10 വര്‍ഷത്തെ വാറണ്ടി നല്‍കിയും റീസെയില്‍ വാല്യു ഉറപ്പാക്കിയും ഈ ആശങ്കയും ഞങ്ങള്‍ മാറ്റിയിട്ടുണ്ട്.
കേരളത്തിലെ വിപണിയില്‍ പ്രത്യേകിച്ച് പുതുതലമുറ ഉപയോക്തക്കള്‍ക്ക് മെഴ്‌സിഡീസിന്റെ ഇലക്ട്രിക് വാഹനങ്ങളോടുള്ള സമീപനം എങ്ങനെ വിലയിരുത്തും.
കേരളത്തിലെ ബെന്‍സ് ഉപയോക്താക്കളില്‍ നല്ലൊരു ശതമാനം വിദേശ മലയാളികളാണ്. മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ, യു.എസ്. എന്നീ രാജ്യങ്ങളില്‍ അവര്‍ ഇലക്ട്രിക് വാഹനം തന്നെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇ.വിയുടെ കാര്യത്തില്‍ ആശങ്കയില്ല. ഈ ആളുകള്‍ നാട്ടിലേക്ക് വരുമ്പോഴും സമാനമായ ലൈഫ് സ്റ്റൈലാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ ആളുകല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നത്. ഇതുമാത്രമല്ല, ചാര്‍ജിങ് സംവിധാനങ്ങളും കേരളത്തില്‍ കാര്യക്ഷമമാണ്. ഞങ്ങളുടെ ഉപയോക്തക്കളില്‍ നല്ലൊരു ശതമാനവും അവരുടെ ഓഫീസിലോ വീട്ടിലോ ചാര്‍ജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ട്രെന്റ് നിലനിര്‍ത്തുന്നതിനാണ് ഞങ്ങള്‍ കൂടുതല്‍ മോഡലുകള്‍ എത്തിക്കുന്നത്. ആറ് ഇ.വികള്‍ ഇതിനോടകം ഞങ്ങള്‍ ഇറക്കി. അടുത്ത വര്‍ഷം ഇലക്ട്രിക് ജി-വാഗണ്‍ കൂടി നിരത്തുകളില്‍ എത്തും.
മെഴ്‌സിഡീസിനെ സംബന്ധിച്ച് ഏറ്റവും മികച്ച സാമ്പത്തിക വര്‍ഷമായിരുന്നു ഇത്. കുറേ വാഹനങ്ങള്‍ പുറത്തിറക്കി, എന്താണ് ഇനി പ്രതീക്ഷിക്കേണ്ടത്.
മെഴ്‌സിഡീസ് വാഹനങ്ങള്‍ ഏറ്റവും ജനപ്രിയ മോഡലായ ഇ-ക്ലാസ് ലോങ് വീല്‍ബേസ് മോഡലാണ് ഇതി വരാനിരിക്കുന്നത്. ദീപാവലിക്ക് മുമ്പ് ആ വാഹനം അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒമ്പതിന് ഇ-ക്ലാസ് ലോങ് വീല്‍ബേസ് എത്തും. നിരവധി ആളുകളാണ് ഈ വാഹനത്തിനായി കാത്തിരിക്കുന്നത്. ഇ-ക്ലാസിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ബുക്ക് ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് പരമാവധി വേഗത്തില്‍ വാഹനം നല്‍കുകയെന്നതാണ് ഞങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവളി. ഒത്തിരി ആളുകള്‍ കാത്തിരിക്കുന്ന ഒരു ലോഞ്ച് ആണ് മെഴ്‌സിഡീസിന്റെ ഇ-ക്ലാസ് ലോങ് വീല്‍ബേസ് എന്ന് എനിക്ക് ഉറപ്പാണ്.
ഇപ്പോള്‍ ലോഞ്ച് ചെയ്തിട്ടുള്ള EQS 580-യില്‍ താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സവിശേഷതകള്‍ എന്തൊക്കെയാണ്.
ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം റേഞ്ചാണ്. ഈ വാഹനത്തിന്റെ പ്രാക്ടിക്കല്‍ റേഞ്ച് 650 കിലോമീറ്ററിന് മുകളിലാണ്. അതുകൊണ്ടുതന്നെ സമാധാനപരമായ ഡ്രൈവിങ് അനുഭവം ഇ.ക്യു.എസ്. 580-യില്‍ കിട്ടുമെന്നതാണ് ഏറ്റവും ഇഷ്ടപ്പെട്ടകാര്യം. രണ്ടാമതായി, ഇന്റീരിയര്‍ തന്നെയാണ്. ഹൈപ്പര്‍ സ്‌ക്രീന്‍, എം.ബി.യു.എക്‌സ്, എ.ഐയില്‍ അധിഷ്ഠിതമായ ഫീച്ചറുകള്‍ തുടങ്ങിയവയാണ്. ഞാന്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ റിയര്‍ ആക്‌സില്‍ സ്റ്റിയറിങ് സംവിധാനം ഇഷ്ടപ്പെട്ട ഫീച്ചറാണ്. പത്ത് ഡിഗ്രി എന്ന് പറഞ്ഞാല്‍ അനായാസം വാഹനം തിരിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ഇന്ത്യന്‍ കണ്ടീഷനില്‍.
ഇനിയുള്ള ഇ.ക്യു.എസില്‍ നല്‍കിയിട്ടുള്ള ഫങ്ഷണല്‍ തേര്‍ഡ് റോ സീറ്റിങ്ങുകളാണ്. എനിക്ക് വീട്ടിലെ കുട്ടുകളുമായുമൊക്കെയുള്ള യാത്രകള്‍ ഏറെ പ്രയോജനപ്പെടുന്ന സ്‌പേസാണ് മൂന്നാം നിരയില്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം വാഹനം നല്‍കുന്ന കംഫര്‍ട്ടും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അവസാനമായി പറയേണ്ടത് പീസ് ഓഫ് മൈന്‍ഡ് ആണ്. പത്ത് വര്‍ഷത്തെ ബാറ്ററി വാറണ്ടി, രണ്ട് വര്‍ഷം സര്‍വീസ് ഇന്റര്‍വെല്‍, ലോ കോസ്റ്റ് ഓഫ് ഓണര്‍ഷിപ്പ് എന്ന് തുടങ്ങിയവയെല്ലാം ഈ വാഹനം നല്‍കുന്നുണ്ട്.
Content Highlights: Interview with Mercedes Benz MD and CEO Santosh Iyer on EQS580 Launch
Published: 27 Sept 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented