
മുംബൈ നഗരത്തിന്റെ തിരക്കുള്ള വീഥിയിലൂടെ ഒരു ചെറിയ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന കുടുംബം. അച്ഛന്റെയും അമ്മയുടെയും നടുവില്‍ ഞെരിഞ്ഞിരിക്കുന്ന ഒരു കുഞ്ഞ്. ടാറ്റയുടെ ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റ ഓഫീസിലേക്കുള്ള യാത്രമധ്യേ കാണുന്ന ഒരു പതിവ് കാഴ്ചകളിലൊന്നായിരുന്നു ഇത്. ഇന്ത്യന്‍ വാഹനമേഖലയില്‍ വലിയ വിപ്ലവമായ ഒരുലക്ഷം രൂപയുടെ കാര്‍ എന്ന ആശയം പിന്നാലെ പിറന്നു. ടാറ്റ നാനോ, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സ്വന്തമാക്കാന്‍ കഴിയുന്ന കാര്‍ എന്ന ആശയം രത്തന്‍ ടാറ്റ ഇന്ത്യന്‍ നിരത്തുകളില്‍ യാഥാര്‍ഥ്യമാക്കി. സ്വന്തമായി ഒരു കാര്‍ എന്ന സ്വപ്‌നം ഏതൊരു സാധാരണക്കാരനും കൈക്കുള്ളിലൊതുങ്ങി.
ഏത് കാലാവസ്ഥയിലും വഴുവഴുപ്പുള്ള റോഡിലുമെല്ലാം 'സ്‌കൂട്ടര്‍ കുടുംബം' യാത്ര ചെയ്യുന്ന കാഴ്ച രത്തന്‍ ടാറ്റയുടെ മനസിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, 'ഇരുചക്ര വാഹനങ്ങളിലെ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ആദ്യം അലോചിച്ചത്. സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിച്ചിരുന്നതിന്റെ ഒരു ഗുണമെന്നോണം ഒഴിവുസമയങ്ങളില്‍ ഡൂഡില്‍ ചെയ്യുന്ന ശീലമുള്ള ആളായിരുന്നു ഞാന്‍. ഡൂഡിലുകള്‍ ഉപയോഗിച്ച് അതിനുള്ള മാര്‍ഗങ്ങള്‍ ചിത്രീകരിച്ച് തുടങ്ങി. ഇതുവഴി ഇരുചക്ര വാഹനത്തില്‍ നാല് ചക്രങ്ങള്‍ നല്‍കിയുള്ള ചിത്രങ്ങള്‍ വരച്ച് തുടങ്ങിയിരുന്നു.

എന്നാല്‍, ഞാന്‍ വരച്ചിരുന്ന ഈ ചിത്രങ്ങളിലൊന്നും വാഹനത്തിന് വാതിലുകളുണ്ടായിരുന്നില്ല, ജനാലകളുമില്ല. നാല് ചക്രങ്ങള്‍ മാത്രം. ഒരു ബഗ്ഗിയായാണ് ഇതിനെ തോന്നിയത്. അതോടെ ഇതൊരു കാറാക്കി മാറ്റണമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ ഒരു തീരുമാനത്തില്‍ നിന്നാണ് നാനോ എന്ന കുഞ്ഞന്‍ കാര്‍ പിറവിയെടുക്കുന്നത്. നാനോ എപ്പോഴും നമുക്കിടയിലെ ആളുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു'.
ഇന്ത്യയുടെ വാഹനമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച വാഹനങ്ങളിലൊന്നാണ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ നാനോ കാര്‍. സാധാരണക്കാരനെയും കുറഞ്ഞ വരുമാനമുള്ളവരെയും കാര്‍ എന്ന സ്വപ്നം കാണാന്‍ പ്രാപ്തമാക്കിയ വാഹനം. മഴ നനയാതെയും വെയിലേല്‍ക്കാതെയും യാത്ര ചെയ്യാന്‍ കഴിയുന്ന ഫോര്‍ വീലര്‍ എന്ന ആശയത്തില്‍ തുടങ്ങിയ ഈ വാഹനം നാളുകള്‍ക്കുള്ളില്‍ എ.സി, പവര്‍ സ്റ്റിയറിങ്, അലോയ് വീല്‍ തുടങ്ങിയ ഫീച്ചറുകളുമായി നിരത്തുകളില്‍ എത്തിയിരുന്നു.

ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍-സ്‌കൂട്ടര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് നാനോ എന്ന കോംപാക്ട് സിറ്റി കാര്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചിരുന്നത്. 2008-ല്‍ ആദ്യമായി നാനോ അവതരിപ്പിക്കുമ്പോള്‍ ഒരു ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. എന്നാല്‍, 2018- ആയപ്പോഴേക്കും 2.05 ലക്ഷം രൂപ മുതല്‍ 2.97 ലക്ഷം രൂപ വരെയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. പെട്രോള്‍-സി.എന്‍.ജി. ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകളുമുണ്ടായിരുന്നു.
2018-ന്റെ അവസാനത്തോടെയാണ് നാനോയുടെ ഉത്പാദനം ടാറ്റ മോട്ടോഴ്സ് അവസാനിപ്പിക്കുന്നത്. അവസാന കാലയളവില്‍ ഇന്ത്യയിലെ വാഹന വിപണിയില്‍ 300-ല്‍ താഴെ മാത്രം നാനോ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തിട്ടുള്ളതെന്നാണ് വിവരം. 624 സിസി രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ടാറ്റ നാനോ നിരത്തിലെത്തിച്ചത്. 37 ബിഎച്ച്പി കരുത്തും 51 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്നത്. നാല് സ്പീഡ് ട്രാന്‍സ്മിഷന്‍ നല്‍കിയിരുന്ന ഈ വാഹനത്തിന് 22 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമുണ്ടായിരുന്നു.
രത്തൻ ടാറ്റയും കോഴിക്കോടും
നാനോ കാറിന് കേരളത്തില്‍ ലഭിച്ച സ്വീകാര്യതയാണ് രത്തന്‍ ടാറ്റ കോഴിക്കോടിന്റെ മണ്ണിലെത്തുന്നത്. അപ്രതീക്ഷിതമായ ആ വരവ് കോഴിക്കോട്ടുകാര്‍ക്കെല്ലാം അദ്ഭുതവും കൗതുകവുമായിരുന്നു. ടാറ്റ വാഹനങ്ങളുടെ ഡീലറായ പന്തീരാങ്കാവിലെ മറീനാ മോട്ടോഴ്സിലായിരുന്നു ടാറ്റയും അദ്ദേഹത്തിന്റെ പേഴ്സണല്‍ മാനേജ്മെന്റ് അംഗങ്ങളായ എട്ടുപേരും എത്തിയത്. 2011-ല്‍ തമിഴ്നാട്-കേരളം മേഖലയില്‍ ഏറ്റവുമധികം നാനോ കാറുകള്‍ വില്‍പ്പന നടത്തിയ മറീന മോട്ടോഴ്സ് മാനേജ്മെന്റിനെയും ജീവനക്കാരെയും അഭിനന്ദിക്കാനും നാനോ ഉപഭോക്താക്കളുമായി സംസാരിക്കാനുമായിരുന്നു അന്ന് ടാറ്റ കോഴിക്കോട്ടെത്തിയത്.

അന്ന് 25 നാനോ കാറുകളുടെ താക്കോല്‍ കൈമാറ്റവും അദ്ദേഹം നിര്‍വഹിച്ചു. 2011 ഓഗസ്റ്റ് 21-ന് ഉച്ചകഴിഞ്ഞ് കരിപ്പൂരില്‍ വന്നിറങ്ങിയ രത്തന്‍ ടാറ്റ റോഡ് മാര്‍ഗമാണ് ബൈപ്പാസിലെ ഷോറൂമിലെത്തിയത്. ലാന്‍ഡ് റോവര്‍ കാറില്‍ സുരക്ഷാക്രമീകരണങ്ങളോ ആര്‍ഭാടമോയില്ലാതെ എത്തിയ അദ്ദേഹം വൈകീട്ട് 3.40 മുതല്‍ 6.40 വരെ ഷോറൂമില്‍ ചെലവഴിച്ചു. ബിസിനസ് രംഗത്ത് ഇന്ത്യയുടെ അഭിമാനം, ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ വിപണിയിലെത്തിച്ച മനുഷ്യന്‍ ഓര്‍മ്മയാകുമ്പോള്‍ കോഴിക്കോടിനും പറയാനുണ്ട് ഇങ്ങനെയൊരു 'നാനോ' കഥ.
ഒരു പതിറ്റാണ്ടിനുശേഷം തോറ്റുമടക്കം
2008-ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ ടാറ്റ നാനോയ്ക്ക് പന്ത്രണ്ട് വര്‍ഷത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2018 ജൂണ്‍ മാസത്തില്‍ ഒരു യൂണിറ്റ് മാത്രം പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ വാഹനം നിരത്തൊഴിയാന്‍ തീരുമാനിച്ചത്. എങ്കിലും രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2020-ലാണ് ടാറ്റ നാനോ എന്ന കുഞ്ഞന്‍ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്തുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. വാഹനത്തിന്റെ ഡിമാന്റ് അനുസരിച്ച് മാത്രം നിര്‍മിച്ചാല്‍ മതിയെന്ന് ഒരുവേള കമ്പനി തീരുമാനിച്ചിരുന്നു. എന്നാല്‍, സാങ്കേതികമായ പ്രശ്‌നങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഈ വാഹനം പൂര്‍ണമായും നിര്‍ത്താനായിരുന്നു ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചത്.

1000 കോടിയുടെ നഷ്ടം
ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയുടെ മാത്രം ആഗ്രഹപ്രകാരമാണ് നാനോ എന്ന ഒരുലക്ഷം രൂപയുടെ കാര്‍ നിര്‍മിച്ച് തുടങ്ങിയത്. എന്നാല്‍, ഇത് കമ്പനിയെ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിച്ചെന്നായിരുന്നു പില്‍കാലത്ത് വന്ന വെളിപ്പെടുത്തലുകള്‍. രത്തന്‍ ടാറ്റയുടെ പിന്മുറക്കാരനായി ടാറ്റയുടെ അമരത്തേക്ക് എത്തിയ സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് പിന്നാലെയാണ് നാനോ ടാറ്റയ്ക്കുണ്ടാക്കിയ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. നൂറോളം കമ്പനികളുള്ള ടാറ്റ സാമ്രാജ്യത്തില്‍ രണ്ടു കമ്പനികള്‍ മാത്രമാണ് ലാഭമുണ്ടാക്കുന്നത് എന്നതായിരുന്നു സൈറസ് മിസ്ത്രിക്ക് ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
കമ്പനിയുടെ സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം ടാറ്റ നാനോ വരുത്തി വച്ച 1000 കോടിയുടെ നഷ്ടമാണെന്നാണ് സൈറസ് മിസ്ട്രി ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ച നാനോയ്ക്ക് അതിലേറെ വന്ന നിര്‍മാണച്ചെലവ് പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. നഷ്ടത്തിലാണെന്നറിഞ്ഞിട്ടും വൈകാരിക കാരണങ്ങളാല്‍ നാനോ ഉല്‍പ്പാദനം അവസാനിപ്പിക്കാതിരുന്നത് കമ്പനിക്ക് വലിയ നഷ്ടം വരുത്തുവെച്ചെന്നും സൈറസ് മിസ്ത്രി ആരോപിച്ചിരുന്നു. മിസ്ത്രി കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന കാലത്ത് ടാറ്റ ഗ്രൂപ്പില്‍ ടി.സി.എസും ജാഗ്വാര്‍ ലാന്‍ഡ് റോവറും മാത്രമാണ് സ്ഥിരമായി ലാഭം നേടിയിരുന്നത്.

തിരിച്ചെത്തിയ കോടികള്‍
പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍നിര്‍മാണശാല പൂട്ടാന്‍ നിര്‍ബന്ധിതമായതിന് സംസ്ഥാന സര്‍ക്കാര്‍ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ വിധിച്ചത്. 2016 സെപ്റ്റംബര്‍മുതല്‍ 11 ശതമാനം പലിശസഹിതമുള്ള തുകയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദേശമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് സിംഗൂരില്‍ തങ്ങളുടെ ചെറുകാര്‍പദ്ധതിയുടെ പ്ലാന്റ് അടയ്ക്കേണ്ടിവന്നതെന്നും ഇത് കമ്പനിക്ക് ഭീമമായ നഷ്ടം വരുത്തിവെച്ചിട്ടുണ്ടെന്നും കാണിച്ചുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പരാതിയിലാണ് നഷ്ടപരിഹാരത്തിനുള്ള വിധി വരുന്നത്.
ഭൂമി ഏറ്റെടുത്തതിനെച്ചൊല്ലിയുള്ള തര്‍ക്കവും പ്രക്ഷോഭവുംകാരണം 2008 ഒക്ടോബറില്‍ ടാറ്റ മോട്ടോഴ്സിന് സിംഗൂരില്‍നിന്ന് ഗുജറാത്തിലെ സാനന്ദിലേക്ക് നാനോ കാര്‍നിര്‍മാണശാല മാറ്റേണ്ടിവന്നു. അപ്പോഴേക്കും സിംഗൂരില്‍ 1000 കോടി രൂപയിലധികം മുതല്‍മുടക്കിയിരുന്നു. 34 വര്‍ഷത്തെ ഇടതുഭരണത്തെ അട്ടിമറിച്ച് 2011-ല്‍ ബംഗാളില്‍ അധികാരത്തിലേറാന്‍ മമതാ ബാനര്‍ജിയെ സഹായിച്ച ഘടകങ്ങളിലൊന്ന് സിംഗൂര്‍ ഈ പ്രക്ഷോഭമായിരുന്നു. അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ പദ്ധതിക്കായി 1000 ഏക്കറോളം കൃഷിഭൂമി ഏറ്റെടുത്തിരുന്നു. മമത മുഖ്യമന്ത്രിയായശേഷം കോടതി ഉത്തരവിനെത്തുടര്‍ന്ന് ടാറ്റയില്‍നിന്ന് ഭൂമി തിരിച്ചെടുക്കുകയും ഉടമസ്ഥര്‍ക്ക് ഭാഗികമായി തിരികെനല്‍കുകയും ചെയ്തിരുന്നു.
Content Highlights: Tata Nano, a car designed for the masses, aimed to revolutionize India`s automotive landscape.
Published: 10 Oct 2024, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented