തിരുവനന്തപുരം: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ റോഡുസുരക്ഷ പ്രത്യേക പഠനവിഷയമാക്കാനുള്ള തീരുമാനം നടപ്പായില്ല. രണ്ടുവര്‍ഷംമുന്‍പ് പാഠപുസ്തകം തയ്യാറാക്കിയെങ്കിലും ഇതുവരെയും പഠനവിഷയമാക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളില്‍ ഗതാഗതനിയമങ്ങളെയും സുരക്ഷിതയാത്രയെയുംകുറിച്ച് അവബോധം വളര്‍ത്തുകയായിരുന്നു ലക്ഷ്യം.

To advertise here,

സിലബസിന്റെ ഭാഗമാക്കുന്നതോടെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഡ്രൈവിങ് ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് ഒഴിവാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍, പുസ്തകം കൈപ്പറ്റിയതല്ലാതെ വിദ്യാഭ്യാസവകുപ്പ് തുടര്‍നടപടി സ്വീകരിച്ചില്ല.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശപ്രകാരമാണ് റോഡുസുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇംഗ്ലീഷിലും, മലയാളത്തിലും പാഠപുസ്തകവും തയ്യാറാക്കി. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 40 മണിക്കൂര്‍കൊണ്ട് പഠിപ്പിക്കാനാകുന്ന വിധത്തില്‍ എട്ടു പാഠഭാഗങ്ങളാണുള്ളത്. പരീക്ഷ ഒഴിവാക്കുകയാണെങ്കില്‍ 20 മണിക്കൂര്‍കൊണ്ട് പഠിപ്പിക്കാനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു.

സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി പുസ്തകം അംഗീകരിക്കുകയും പുസ്തകത്തിന്റെ അച്ചടിച്ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് നല്‍കാനും തീരുമാനിച്ചു. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയും പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന് നല്‍കുകയുംചെയ്തു.

2022 സെപ്റ്റംബറില്‍ അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവാണ് പുസ്തകം മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറിയത്. കരിക്യുലം പരിഷ്‌കരണം വൈകുന്നതാണ് തടസ്സമെന്നാണ് ഔദ്യോഗികവിശദീകരണം. ചില അധ്യാപകസംഘടനകളുടെ എതിര്‍പ്പും വൈകുന്നതിന് കാരണമാകുന്നു. ആര് പഠിപ്പിക്കുമെന്നതിലും തര്‍ക്കമുണ്ട്.