ആലപ്പുഴ സ്വന്തമായി നിര്‍മിച്ച സൈക്കിള്‍ കാരവനില്‍ നാടും നഗരവും താണ്ടി അമ്മയ്‌ക്കൊപ്പം യാത്രചെയ്യുകയാണ് ആകാശ് കൃഷ്ണ എന്ന 21-കാരന്‍. കാഴ്ചകാണല്‍ എന്നതിലുപരി മാതാപിതാക്കളെ സ്‌നേഹിച്ചു പരിപാലിക്കുക എന്ന സന്ദേശം പുതുതലമുറയ്ക്കു നല്‍കാന്‍കൂടിയാണ് ഈ യാത്ര. അമ്മ റീജ(47)യെ കൂടെക്കൂട്ടിയിരിക്കുന്നത് ഇതുകൊണ്ടു കൂടിയാണ്. അച്ഛന്‍ ഉദയരാജന്‍ പിന്തുണ നല്‍കി.

To advertise here,

ഭക്ഷണവും താമസവും ഉറക്കവുമെല്ലാം ഈ സൈക്കിള്‍ കാരവനിലാണ്. കിടക്ക, റഫ്രിജറേറ്റര്‍, ഫാന്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ചെറിയ തീന്‍മേശ, ചെറിയ ജലസംഭരണി, വെളിച്ചസംവിധാനങ്ങള്‍ എല്ലാമുണ്ട്. സൗരോര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന സൈക്കിളിന്റെ പിന്നിലാണ് കാരവന്‍ പിടിപ്പിച്ചിരിക്കുന്നത്.

മുകളിലുള്ള നാലു സോളാര്‍പാനലുകളില്‍നിന്നു ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജു ചെയ്താല്‍ 25 കിലോമീറ്റര്‍ സൈക്കിളോടിക്കാം. ആവശ്യമെങ്കില്‍ കാരവനില്‍നിന്നു സൈക്കിള്‍ വേര്‍പെടുത്തി ചവിട്ടുകയുമാകാം.

കോഴിക്കോട് കുന്നമംഗലം പടനിലം നമ്പിപ്പറമ്പത്ത് ആകാശ്കൃഷ്ണ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠത്തിനിടെയാണ് ഈ വാഹനം തനിയെ നിര്‍മിച്ചത്. ഒന്നരലക്ഷത്തോളം രൂപയായി. കന്യാകുമാരിവരെ യാത്ര ചെയ്യുകയാണു ലക്ഷ്യം. കോഴിക്കോട്ടുനിന്നു തുടങ്ങിയ കേരളയാത്രയുടെ 13-ാം ദിവസമാണ് ആലപ്പുഴയിലെത്തിയത്. പെട്രോള്‍ പമ്പുകളില്‍ നിര്‍ത്തിയാണ് രാത്രിയുറക്കം. കേരളയാത്രയ്ക്കുശേഷം ഭാരതപര്യടനമാണ് ലക്ഷ്യമെന്ന് അമ്മയും മകനും പറഞ്ഞു.