വലിയ വാഹനങ്ങളുടെ വളയം സ്ത്രീകള്‍ക്ക് എളുപ്പം വഴങ്ങുമോയെന്ന ആശങ്കയ്ക്ക് ഉത്തരമാണ് ബാര അടുക്കത്തുവയല്‍ നാരായണീയത്തിലെ എന്‍.ദീപയുടെ നിശ്ചയദാര്‍ഢ്യം. 36-ാം വയസ്സില്‍ ഡ്രൈവറായി കുന്നുംവളവുകളുമുള്ള മലയോരറൂട്ടില്‍ ബസ്സോടിക്കുമ്പോള്‍ പണ്ടുതൊട്ടേയുള്ള ഒരാഗ്രഹം സഫലമായ സന്തോഷമാണ് ദീപയ്ക്കിപ്പോള്‍. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് രാവിലെ 7.50-ന് പുറപ്പെടുന്ന ശ്രീകൃഷ്ണ ബസിന് 9.30-ന് ബന്തടുക്ക സ്റ്റാന്‍ഡിലെത്തണം. സാരഥിയായി ദീപ സീറ്റിലിരുന്നപ്പോള്‍ ബസുടമ നാട്ടുകാരനായ നിഷാന്ത് എന്ന ഗോപുവിന് ഒട്ടും സംശയമുണ്ടായിരുന്നില്ല.

To advertise here,

വഴക്കവും തഴക്കവുമുള്ള ഡ്രൈവറെപ്പോലെ ഏറ്റവും ഗതാഗതത്തിരക്കുള്ള നേരത്ത് ദീപ കൃത്യസമയത്തുതന്നെ ലക്ഷ്യത്തിലെത്തിച്ചു. വൈകിട്ടും തിരക്കുള്ള നേരത്താണ് ശ്രീകൃഷ്ണയുടെ മടക്കയോട്ടം. 3.45-ന് ബന്തടുക്കയില്‍നിന്ന് വിട്ടാല്‍ 5.35-ന് കാഞ്ഞങ്ങാട്ട് എത്തണം. ഏറ്റവും കൂടുതല്‍ കയറ്റവും വളവുകളുമുള്ള പാതയാണ് ബന്തടുക്കയിലേക്ക്. സമയം അല്പം വൈകിയാല്‍ പിന്നാലെയുള്ള ബസുകാരുടെ പഴികേള്‍ക്കണം.

ദേശീയപാതയില്‍ പണി നടക്കുന്നതിനാല്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മറ്റൊരു പ്രശ്‌നം. രാവിലെയും വൈകിട്ടും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ തിരക്കുമൂലം ഉണ്ടാകുന്ന സമയനഷ്ടം വേറെയും. രാവിലെ ഏഴിന് പൊയിനാച്ചിയില്‍നിന്ന് തുടങ്ങുന്ന ശ്രീകൃഷ്ണയുടെ ട്രിപ്പ് അവസാനിക്കുന്നതും പൊയിനാച്ചിയില്‍ത്തന്നെ -വൈകിട്ട് 6.25-ന്. മൂന്നാഴ്ച മുന്‍പ് വളയം പിടിച്ചുതുടങ്ങുമ്പോള്‍ മറ്റുള്ളവര്‍ ആശങ്കപ്പെട്ടെങ്കിലും ദീപ ശുഭയാത്ര പൂര്‍ത്തിയാക്കി. ഒഴിവ് കിട്ടുന്ന വേളകളില്‍ ഡ്രൈവര്‍ക്കുപ്പായം അണിയാനാണ് ദീപയുടെ തീരുമാനം.

പതിവ് ഡ്രൈവര്‍ക്ക് അവധിയെടുക്കേണ്ടിവന്നാല്‍ ബസുടമ നിഷാന്തിന് മറ്റൊരാളെ തേടിയലയേണ്ട. ബന്ധുകൂടിയായ ദീപ ഒരുവിളിപ്പുറത്തുണ്ട്. മുന്‍ പ്രവാസി അടുക്കത്തുവയലിലെ എം.രാധാകൃഷ്ണന്റെ ഭാര്യയാണ് ദീപ. 2008-ല്‍ ചെറുവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയ ദീപയ്ക്ക് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ഓടിച്ചുനോക്കിയതോടെയാണ് ബസ് വളയം പിടിക്കാന്‍ മോഹമുണ്ടായത്. ഭര്‍ത്താവിന്റെ പ്രോത്സാഹനവുമായതോടെ നിഷാന്തും പൊയിനാച്ചിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഷാജിയും ഇതിന് അവസരമൊരുക്കി. 

കഴിഞ്ഞ നവംബറില്‍ ബാഡ്ജോടെ ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടി. ഫാഷന്‍ ഡിസൈനിലും മ്യൂറല്‍ പെയിന്റിങ്ങിലും താത്പര്യമുള്ള ദീപ ദേളി സഅദിയ വിദ്യാലയത്തിലും പരവനടുക്കം ശിശുമന്ദിരത്തിലും ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കൊളത്തൂര്‍ മടന്തക്കോട്ടെ കെ.കൃഷ്ണന്‍ നായരുടെയും നാരന്തട്ട വത്സലയുടെയും മകളാണ്. ചട്ടഞ്ചാലില്‍ പ്ലസ്വണ്‍ കൊമേഴ്‌സിന് പഠിക്കുന്ന ദേവദര്‍ശ്, കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂള്‍ എട്ടാം തരത്തിലെ ദില്‍കൃഷ്ണ, പൊയിനാച്ചി സരസ്വതി വിദ്യാലയം അഞ്ചാം തരത്തിലെ ദേവലക്ഷ്മി എന്നിവരാണ് മക്കള്‍.