
സ്‌പ്ലെന്‍ഡര്‍ എന്നത് ഇന്ത്യക്കാരനെ സംബന്ധിച്ചെടുത്തോളം കേവലമൊരു ബൈക്കിന്റെ പേര് മാത്രമല്ല. അതൊരു വികാരം കൂടിയാണ്. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞും തുടരുന്ന, അടുത്തൊന്നും അവസാനിക്കാന്‍ സാധ്യതയില്ലാത്ത ഒരു വികാരം. മലയാളികളുടെയും ജീവിതത്തിന്റെയും ഭാഗമാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്കുകള്‍. അത് നമ്മുടെ ജീവിതത്തിലും സിനിമയിലും വരെ പ്രതിഫലിച്ച് നില്‍ക്കുന്നു. 1997 ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് മുതല്‍ ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രമായ തുടരും വരെയുള്ള സിനിമകളില്‍ ഈ കുഞ്ഞന്‍ ബൈക്കിന്റെ സാന്നിധ്യം സൃഷ്ടിക്കുന്ന തരംഗം ഇതിനുള്ള തെളിവാണ്. സൂപ്പര്‍ ബൈക്കുകളുടെയും ഇലക്ട്രിക് ബൈക്കുകളുടെയും കാലത്തും ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിന്റെ ഭാഗമായ ആ മോട്ടോര്‍സൈക്കിള്‍ മോഡലിന്റെ സമാനതകളില്ലാത്ത വിജയഗാഥ 31 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
സി.ഡി. 100 ന്റെ പിന്മുറക്കാരന്‍
ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാണരംഗത്തെ വലിയ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു 1984ലെ ഹീറോ-ഹോണ്ട സഹകരണം. ഹോണ്ടയുടെ സാങ്കേതികത്തികവും ഹീറോയുടെ വിപണി സ്വാധീനവും മുതലെടുത്ത് ഈ കൂട്ടുകെട്ട് തുടക്കത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വലിയ വിജയങ്ങള്‍ സൃഷ്ടിച്ചു. 2010 ല്‍ ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഈ കൂട്ടുകെട്ട് അവസാനിച്ചെങ്കിലും അതിനിടയില്‍ ചില മികച്ച വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. അതില്‍ ആദ്യത്തെ വണ്ടി സി.ഡി. 100 ആയിരുന്നു. ടു സ്‌ട്രോക്ക് എഞ്ചിനുകള്‍ അരങ്ങുവാണിരുന്ന കാലമായിരുന്നു എണ്‍പതുകള്‍. ഇവിടേയ്ക്കാണ് 4 സ്‌ട്രോക്ക് എഞ്ചിനുമായി സി.ഡി 100 കടന്നുവരുന്നത്.
മനോഹരമായ ഡിസൈനും ആവശ്യത്തിന് കരുത്തും ഇന്ധനക്ഷമതയുമുള്ള ആ ബൈക്ക് ഏറെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറി. അതുവരെ നിലവിലുണ്ടായിരുന്നവയില്‍ നിന്ന് വ്യത്യസ്തമായി മികച്ച മൈലേജില്‍ നല്ല പെര്‍ഫോമന്‍സും സ്ഥിരതയും നല്‍കിയ സി.ഡി. 100 ഇന്ത്യന്‍ ഇരുചക്ര വിപണിയുടെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചു. ഒരു പതിറ്റാണ്ടോളം ഇന്ത്യന്‍ റോഡുകൾ അടക്കിവാണ സി.ഡി 100 പിന്‍വാങ്ങുമ്പോള്‍ അതിനേക്കാള്‍ മികച്ച ഒരു ബൈക്കിനെ കുറിച്ച് മാത്രമേ കമ്പനിക്ക് ചിന്തിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ഒപ്പം, പുതിയ കാലത്തിന്റെ താല്‍പര്യങ്ങളോടെല്ലാം ചേര്‍ന്നുനില്‍ക്കുന്നതുമായ ഒരു മോഡല്‍. അങ്ങനെയാണ് 1994ല്‍ ഹീറോ-ഹോണ്ടയുടെ ഏറ്റവും ജനകീയമായ ക്ലാസിക്ക് മോഡല്‍ സ്‌പ്ലെന്‍ഡര്‍ പിറക്കുന്നത്. സുസുക്കിയും ബജാജും കൈനറ്റിക്കും അടക്കിവാണിരുന്ന ഒരു വിപണിയില്‍ ഒരു പുതിയ വിപ്ലവത്തിനാണ് സ്‌പ്ലെന്‍ഡര്‍ തിരികൊളുത്തിയത്.

മൈലേജ് കിങ്
ഈ മോഡലിലൂടെ കമ്പനിയുടെ ലക്ഷ്യങ്ങള്‍ കൃത്യമായിരുന്നു. ഇന്ത്യന്‍ മധ്യവര്‍ഗ യുവാക്കളുടെ വികാരമായി മാറുക. അതിന് വിലക്കുറവില്‍, കാലഘട്ടത്തിനനുസരിച്ച് മനോഹരമായ ഡിസൈനുള്ള, ഇന്ധനക്ഷമതയുള്ള, സ്ഥിരതയുള്ള ഒരു മോഡല്‍ ആവശ്യമായിരുന്നു. എണ്‍പതുകളിലെ ഹോണ്ടയുടെ താരമായിരുന്ന സി.ബി 250 ആര്‍.എസിനെ അടിസ്ഥാനമാക്കിയാണ് കമ്പനി പുതിയ ബൈക്ക് ഡിസൈന്‍ ചെയ്തത്. 97.2സി.സി 7.44 എച്ച്.പി എഞ്ചിന്‍. 4 സ്പീഡ് ഗിയര്‍ ബോക്‌സ്. ഹീറോ-ഹോണ്ടയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന വിജയമായിരുന്നു സ്‌പ്ലെന്‍ഡര്‍ നേടിയത്. ഇന്ത്യന്‍ ജനതയെ സ്‌കൂട്ടറുകളില്‍ നിന്ന് ബൈക്കുകളിലേക്ക് മാറ്റാന്‍ സ്‌പ്ലെന്‍ഡറിന് സാധിച്ചു. ഒരു രക്ഷയും ഇല്ലാത്ത മൈലേജായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. എങ്ങനെ വന്നാലും 50 കിലോമീറ്ററിലേറെ മൈലേജ് ലഭിക്കുമെന്ന് വന്നതോടെ സ്‌പ്ലെന്‍ഡര്‍ വില്‍പ്പനയില്‍ പുതിയ റെക്കോഡുകള്‍ തീര്‍ത്തുകൊണ്ടിരുന്നു. ഒരു തവണ പെട്രോള്‍ അടിച്ചാല്‍ പിന്നീട് ഒരാഴ്ചയോളം അതിനെ കുറിച്ച് ആലോചിക്കേണ്ടാത്ത സാഹചര്യമായിരുന്നുവെന്ന് നൊസ്റ്റാള്‍ജിയ പറയുന്ന സ്‌പ്ലെന്‍ഡര്‍ ഉടമകളെ നമ്മളെല്ലാം കണ്ടിട്ടുണ്ടാവും. പത്ത് വര്‍ഷത്തോളം നിലനിന്ന ഈ ആദ്യ മോഡല്‍ സ്‌പ്ലെന്‍ഡര്‍ നേടിയ നേട്ടങ്ങള്‍ ഇന്നും മറ്റൊരു ബൈക്കിന് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഐക്കോണിക്കായ ബോക്‌സി ഡിസൈന്‍ നോക്കി കാറുകളോട് താരതമ്യം ചെയ്ത് സംതൃപ്തി അടഞ്ഞിരുന്ന തലമുറ അന്നുണ്ടായിരുന്നു. ഏത് ശരീരപ്രകൃതിയുള്ളയാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതും നഗര-ഗ്രാമങ്ങളിലൂടെ ഇന്ത്യയിലെ ഏത് ഭൂപ്രകൃതിയിലേക്കും യോജിക്കുമെന്നതും ജനകീയതയ്ക്ക് അടിത്തറയിട്ട ഘടകങ്ങളാണ്.

ഹീറോ-ഹോണ്ട വേര്‍പിരിയുന്നു
ആദ്യ മോഡലിന്റെ വന്‍ വിജയത്തിന് ശേഷം പത്ത് വര്‍ഷത്തിന് ശേഷം 2004വാണ് കമ്പനി ഇതിനൊരു അപ്‌ഗ്രേഡ് കൊണ്ടുവരുന്നത്. സ്‌പ്ലെന്‍ഡര്‍ പ്ലസ് എന്ന പേരിലറിയപ്പെട്ട ഈ മോഡലും ഇന്ത്യന്‍ മാര്‍ക്കറ്റ് ഇരും കയ്യും നീട്ടി സ്വീകരിച്ചു. ഗ്രാഫിക്‌സിലും ടെക്‌നിക്കല്‍ സൈഡിലുമെല്ലാം കൊണ്ടുവന്ന മാറ്റങ്ങളും കയ്യടിനേടി. പിന്നീട് 2005ല്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എന്ന മോഡലും പുറത്തിറങ്ങി. കൂടുതല്‍ കരുത്തോടെ 125 സി.സി. എഞ്ചിനിലായിരുന്നു ഈ ബൈക്ക് വിപണിയിലെത്തിയത്. ഡിജിറ്റല്‍ സ്പീഡോമീറ്ററും അലോയ് വീല്‍സും ഡിസ്‌ക് ബ്രേക്കുമൊക്കെയായി പൂര്‍ണമായും ആധുനികമായ മോഡലായിരുന്നു ഇത്. 2009ല്‍ ഒരു കോടി യൂണിറ്റ് വില്‍പ്പനയെന്ന സ്വപ്‌നനേട്ടവും കൈവരിച്ചു.

2011ല്‍ ഇറങ്ങിയ സ്‌പ്ലെന്‍ഡല്‍ പ്രോ ആയിരുന്നു ഹീറോ-ഹോണ്ട പുറത്തിറക്കിയ അവസാനത്തെ സ്‌പ്ലെന്‍ഡര്‍ മോഡല്‍. കാരണം 2010ല്‍ ഇരു കമ്പനികളും തമ്മിലുള്ള സഹകരണം അവസാനിച്ചിരുന്നു. നേരത്തെയുള്ള കരാര്‍ പ്രകാരമായിരുന്നു അവസാനത്തെ മോഡല്‍ ഇരു കമ്പനികളും ചേര്‍ന്ന് ഒരുക്കിയത്. ഹീറോയുടെ ആദ്യത്തെ സ്‌പ്ലെന്‍ഡര്‍ മോഡല്‍ പുറത്തിങ്ങുന്നത് 2014ലാണ്. ഇതൊരു വലിയ നാഴികക്കല്ലായിരുന്നു. സ്‌പ്ലെന്‍ഡറിന്റെ ഇരുപതാം വര്‍ഷത്തില്‍ വിപ്ലവകരമായ ഐ-സ്മാര്‍ട്ട് ടെക്‌നോളജിയോടെ പുറത്തിറങ്ങിയ ഈ മോഡല്‍ ഹോണ്ടയില്ലാതെയും തങ്ങള്‍ക്ക് നിലനില്‍ക്കാനാകുമെന്നുള്ള ഹീറോയുടെ പ്രഖ്യാപനം കൂടിയായിരുന്നു. പുതിയ സാങ്കേതികവിദ്യ വണ്ടിയുടെ ഇന്ധനക്ഷമതയും കാര്യമായി വര്‍ധിപ്പിച്ചു. ഇതുകൊണ്ടും ഹീറോ നിര്‍ത്തിയില്ല. ഇരുപതാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു കഫേ റേസര്‍ മോഡല്‍ സ്‌പ്ലെന്‍ഡര്‍ കൂടെയിറക്കി എല്ലാവരെയും വിസ്മയിപ്പിച്ചു. അവസാനം 2022ല്‍ പുറത്തിറങ്ങിയ ഏറ്റവും ആധുനിക ബി.എസ്.6 മോഡലുകളിലൂടെയും സ്‌പ്ലെന്‍ഡര്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ട് മൂന്നാം പതിറ്റാണ്ടിലും വില്‍പ്പനയില്‍ രാജാവായി തുടരുന്ന ഇത്തരമൊരു മോഡല്‍ ലോകത്ത് തന്നെ അപൂര്‍വമായിരിക്കും.

ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ വാഹനസ്വപ്‌നം യാഥാര്‍ഥ്യമാക്കിയ മോഡല്‍ എന്നതാണ് സ്‌പ്ലെന്‍ഡറിന്റെ ഏറ്റവും വലിയ പ്രസക്തി. സിനിമകളിലും പരസ്യങ്ങളിലും ടി.വി ഷോകളിലുമെല്ലാം യുവത്വത്തിന്റെ പര്യായമായി ഈ വണ്ടിയും പ്രത്യക്ഷപ്പെട്ടു. കര്‍ഷകരും അധ്യാപകരും പോലീസുകാരും ഡോക്ടര്‍മാരും തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ളവരുടെയും ബൈക്കായിരുന്നു സ്‌പ്ലെന്‍ഡര്‍. ഈ മോഡലിന്റെ വന്‍വിജയം ഇന്ത്യയുടെ ഇരുചക്ര വാഹനവിപണിയെയും മാറ്റിമറിച്ചു. ഒരു വര്‍ഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട മോട്ടോര്‍ സൈക്കിള്‍ മോഡല്‍ പോലുമായി. ഇത് കൂടുതല്‍ കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ സാധ്യത തിരിച്ചറിയാനും കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും കാരണമായി. നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളും ലഭിച്ചു. ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ സാധ്യതകളുടെ പ്രതീകമായി ഈ കുഞ്ഞന്‍ മോട്ടോര്‍സൈക്കിള്‍ അടയാളപ്പെടുത്തപ്പെട്ടു.
പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
ഹീറോയെ സംബന്ധിച്ചെടുത്തോളവും സ്‌പ്ലെന്‍ഡര്‍ വെറുമൊരു ബൈക്കായിരുന്നില്ല. അവരുടെ അതിജീവനത്തിന്റെ പ്രതീകമായിരുന്നു. ഹോണ്ട വിട്ടുപോയതോടെ കമ്പനി അതിജീവിക്കില്ലെന്ന് വിധിയെഴുതിവര്‍ പോലും വിസ്മയിക്കുന്ന രീതിയില്‍ ഇന്ത്യന്‍ വിപണയില്‍ ഹീറോ നേടിയ വിജയങ്ങളുടെ അടിത്തറ സ്‌പ്ലെന്‍ഡറായിരുന്നു. സ്‌പ്ലെന്‍ഡര്‍ ഉടമകള്‍ക്കാവട്ടെ ഒരു മെഷീന്‍ എന്നതിനപ്പുറം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ തങ്ങളുടെ സഹചാരിയായ ഒരു സുഹൃത്തായിരുന്നു സ്‌പ്ലെന്‍ഡര്‍.
Content Highlights: history of hero splendor national motorcycle of India
Published: 26 Mar 2025, 01:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented