ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങള്‍ ഇന്ന് (സെപ്റ്റംബര്‍ 22) പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. നാല് സ്ലാബുകളായുണ്ടായിരുന്ന നികുതി ഘടനയെ അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലളിതമാക്കിയതാണ് പ്രധാനമാറ്റം. ഇതോടെ വിലയില്‍ മാറ്റമുണ്ടാകുന്ന വസ്തുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് വാഹനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വാഹനങ്ങളുടെ വിലയില്‍ കാര്യമായ ജിഎസ്ടിയിലെ ഈ പരിഷ്‌കാരം വഴി ഉണ്ടായിരിക്കുന്നത്.
1,200 സിസി വരെയുള്ള പെട്രോള്‍ എന്‍ജിന്‍, എല്‍പിജി, സിഎന്‍ജി കാറുകള്‍ക്കും 1,500 സിസി വരെയുള്ള ഡീസല്‍ എന്‍ജിന്‍ കാറുകള്‍ക്കും ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇടത്തരം കാറുകള്‍, നാലു മീറ്ററിലേറെയുള്ള വലിയ കാറുകള്‍, എസ്യുവികള്‍ എന്നിവയ്ക്ക് 40 ശതമാനമാണ് പുതിയ നിരക്ക്. ഇവയ്ക്ക് നിലവില്‍ സെസ് ഉള്‍പ്പെടെ 45-50 ശതമാനമായിരുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ച് ശതമാനമാണ് നിരക്ക്. 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ നിരക്ക് 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറയും. എന്നാല്‍, 350 സിസിക്കു മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 40 ശതമാനമായി നിരക്ക് ഉയരും.
സെപ്റ്റംബര്‍ 22 മുതല്‍ ജിഎസ്ടി പരിഷ്‌കാരം നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നതെങ്കിലും മഹീന്ദ്ര ഉള്‍പ്പെടെയുള്ള വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ മാറ്റങ്ങള്‍ നടപ്പാക്കി തുടങ്ങിയിരുന്നു. ടാറ്റ മോട്ടോഴ്‌സ്, റെനോ, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ മുമ്പുതന്നെ വിലയില്‍ വരുന്ന മാറ്റവും അറിയിച്ചിരുന്നു. മാരുതി പോലെയുള്ള കമ്പനികള്‍ കഴിഞ്ഞ ദിവസമാണ് വിലയിലെ മാറ്റം അറിയിച്ചത്. ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍ വരുന്നതോടെ ഓരോ വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന വില കുറവ് നോക്കാം.
ടാറ്റ മോട്ടോഴ്‌സ്
ടാറ്റ മോട്ടോഴ്സിന്റെ വിവിധ മോഡലുകള്‍ക്ക് 65,000 രൂപമുതല്‍ 1,55,000 രൂപവരെയാണ് കുറയുകയെന്ന് കമ്പനി അറിയിച്ചു. കര്‍വ് മോഡലിനാണ് 65,000 രൂപയുടെ കുറവുവരുക. ടിഗോര്‍ - 80,000, ടിയാഗോ - 75,000, പഞ്ച് - 85,000, അല്‍ട്രോസ് - 1.10 ലക്ഷം, ഹാരിയര്‍ - 1.40 ലക്ഷം, സഫാരി - 1.45 ലക്ഷം, നെക്സണ്‍ - 1.55 ലക്ഷം എന്നിങ്ങനെയായിരിക്കും കുറവ്.
മഹീന്ദ്ര
മഹീന്ദ്ര പെട്രോള്‍ വാഹനങ്ങള്‍ക്കും എസ്‌യുവിക്കും സെപ്റ്റംബര്‍ ആറുമുതല്‍ ഇളവ് പ്രാബല്യത്തിലാക്കി. വിവിധ മോഡലുകള്‍ക്കനുസരിച്ച് 1.56 ലക്ഷം രൂപവരെയാണ് കുറവുവരുത്തിയത്. എക്സ് യുവി 3എസ്‌ക്ഒ ഡീസല്‍ മോഡലിന് 1.56 ലക്ഷവും പെട്രോള്‍ മോഡലിന് 1.40 ലക്ഷം രൂപയുടെയും കുറവുണ്ടായിട്ടുണ്ട്. ബൊലേറോ/നിയോ - 1.27 ലക്ഷം, ഥാര്‍ 2ഡബ്ല്യുഡി - 1.35 ലക്ഷം, ഥാര്‍ 4 ഡബ്ല്യുഡി - 1.01 ലക്ഷം, സ്‌കോര്‍പിയോ ക്ലാസിക് - 1.01 ലക്ഷം, സ്‌കോര്‍പിയോ എന്‍ - 1.45 ലക്ഷം, ഥാര്‍ റോക്സ് - 1.33 ലക്ഷം, എക്സ് യുവി 7 ഒഒ - 1.43 ലക്ഷം എന്നിങ്ങനെയാണ് കുറയുക.
റെനോ ഇന്ത്യ
റെനോ ഇന്ത്യയുടെ ക്വിഡ്, ട്രൈബര്‍, കൈഗര്‍ മോഡലുകള്‍ക്ക് 96,395 രൂപയുടെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍പ്രകാരം ക്വിഡിന്റെ വിവിധ പതിപ്പുകള്‍ക്ക് 40,095 രൂപ മുതല്‍ 54,995 രൂപവരെ കുറയും. ട്രൈബറിനിത് 53,695 രൂപ മുതല്‍ 80,195 രൂപ വരെയും കൈഗറിന് 53,695 രൂപ മുതല്‍ 96,395 രൂപ വരെയുമായിരിക്കും.
ടൊയോട്ട
ജിഎസ്ടി ഭേദഗതിയുടെ ഭാഗമായി ടൊയോട്ടയുടെ വാഹനങ്ങളുടെയും വില കുറയുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഗ്ലാന്‍സയ്ക്ക് 85,300 രൂപ, ടൈസറിന് 1.11 ലക്ഷം രൂപ, റൂമിയോണിന് 48,700 രൂപ, ഹൈറൈഡറിന് 65,400 രൂപ, ക്രിസ്റ്റയ്ക്ക് 1.80 ലക്ഷം രൂപ, ഹൈക്രോസിന് 1.15 ലക്ഷം രൂപ, ഫോര്‍ച്യൂണറിന് 3.49 ലക്ഷം രൂപ, ലെജന്‍ഡറിന് 3.34 ലക്ഷം രൂപ, ഹൈലെക്സിന് 2.52 ലക്ഷം രൂപ, കാംറിക്ക് 1.01 ലക്ഷം രൂപ, വെല്‍ഫയറിന് 2.78 ലക്ഷം രൂപ എന്നിങ്ങനെയാണ് വില കുറയുന്നത്.
മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 2.25 ലക്ഷം രൂപയുടെ കുറവാണ് വാഹന വിലയില്‍ വരുത്തിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ കെ10-ന് 40,000 രൂപയാണ് കുറയുന്നത്. വാഗണ്‍ ആറിന് 57,000 രൂപ, സ്വിഫ്റ്റ് 58,000 രൂപ, ഡിസയര്‍ 61,000 രൂപ, ബലേനൊ 60,000 രൂപ, ഫ്രോങ്‌സ് 68,000 രൂപ, ബ്രെസ 78,000 രൂപ, ഇക്കോ 51,000 രൂപ, എര്‍ട്ടിഗ 41,000 രൂപ, സെലേറിയോ 50,000 രൂപ, എസ്-പ്രെസോ 38,000 രൂപ, ഇഗ്നീസ് 52,000 രൂപ, ജിമ്‌നി 1.14 ലക്ഷം രൂപ, എക്‌സ്എല്‍6 35000 രൂപ, ഇന്‍വിക്ടോ 2.25 ലക്ഷം രൂപ എന്നിങ്ങനെയാണ് കുറയുന്നത്.
ഹ്യുണ്ടായി
ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായി 2.4 ലക്ഷം രൂപ വരെയാണ് വാഹനങ്ങളുടെ വിലയില്‍ കൊണ്ടുവന്നിട്ടുള്ള കുറവ്. ഗ്രാന്റ് ഐ10 നിയോസ് 73,808 രൂപ, ഓറ 78,465 രൂപ, എക്സ്റ്റര്‍ 89,209 രൂപ, ഐ20 98,053 രൂപ, ഐ20 എന്‍ലൈന്‍ 1.08 ലക്ഷം രൂപ, വെന്യു 1.23 ലക്ഷം, വെന്യു എന്‍-ലൈന്‍ 1.19 ലക്ഷം, വെര്‍ണ 60,640 രൂപ, ക്രെറ്റ 72,145 രൂപ, ക്രെറ്റ എന്‍-ലൈന്‍ 71,762 രൂപ, അല്‍കസാര്‍ 75,376 രൂപ, ടൂസോണ്‍ 2.4 ലക്ഷം രൂപ എന്നിങ്ങനെയാണ് വില കുറയുന്നത്.
കിയ ഇന്ത്യ
ഇന്ത്യന്‍ വാഹന വിപണിയിലെ കരുത്തന്‍ സാന്നിധ്യമായി കിയ മോട്ടോഴ്‌സിന്റെ മോഡലുകള്‍ക്കും വലിയ തോതില്‍ വില കുറയുന്നുണ്ട്. കിയയുടെ ലൈനപ്പിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ കാര്‍ണിവലിന് 4.48 ലക്ഷം രൂപയാണ് കുറയുന്നത്. സിറോസ് എസ്‌യുവിക്ക് 1.86 ലക്ഷം രൂപയും സോണറ്റിന് 1.64 ലക്ഷം രൂപയും കാരന്‍സ് ക്ലാവിസിന് 78,674 രൂപയും സെല്‍റ്റോസിന് 75,372 രൂപയും കാരന്‍സിന് 48,513 രൂപയുമാണ് കുറയുന്നത്.
സ്‌കോഡ
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ എത്തിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ജിഎസ്ടി പരിഷ്‌കാരത്തില്‍ വില കുറയുന്നുണ്ട്. ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ കോഡിയാക്കിന് 3.3 ലക്ഷം രൂപയാണ് കുറയുന്നത്. എസ്‌യുവി മോഡലായ കുഷാക്കിന് 66,000 രൂപയും സെഡാന്‍ വാഹനമായ സ്ലാവിയയ്ക്ക് 63,000 രൂപയും കുറയുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
നിസാന്‍
ഇന്ത്യന്‍ നിരത്തുകളില്‍ ഒരൊറ്റ വാഹനത്തിന്റെ പിന്‍ബലത്തിലാണ് നിസാന്റെ നിലനില്‍പ്പ്. ജിഎസ്ടി പരിഷ്‌കരണത്തോടെ മാഗ്‌നൈറ്റ് എന്ന പേരില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആറുലക്ഷത്തില്‍ താഴെയായിട്ടുണ്ട്. മാഗ്‌നൈറ്റ് സിവിടി മോഡലിന് 97,300 രൂപ മുതല്‍ 1.04 ലക്ഷം രൂപ വരെയാണ് കുറയുന്നത്.
ഹോണ്ട കാര്‍സ്
മൂന്ന് മോഡലുകളുമായി ഇന്ത്യയിലെ വാഹന വിപണിയില്‍ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ്. എന്‍ട്രി ലെവല്‍ വാഹനമായ അമേസ് സെഡാനാണ് ഏറ്റവും ഉയര്‍ന്ന ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തലമുറ അമേസിന് 95,500 രൂപയാണ് കുറയുന്നത്. അതേസമയം, രണ്ടാം തലമുറ മോഡലിന് 72,800 രൂപയാണ് കുറയുന്നത്. ഹോണ്ട സിറ്റിക്ക് 57,500 രൂപ വരെ കുറയും, എലിവേറ്റ് എസ്‌യുവിക്ക് 58,400 രൂപയും കുറയുമെന്നാണ് ഹോണ്ട് അറിയിച്ചിരിക്കുന്നത്.
എംജി മോട്ടോഴ്‌സ്
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ എംജി മോട്ടോഴിസിന്റെ പെട്രോള്‍/ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെ വിലയും ജിഎസ്ടി പരിഷ്‌കാരണത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞിട്ടുണ്ട്. എംജിയുടെ പ്രീമിയം എസ്‌യുവി മോഡലായ ഗ്ലോസ്റ്ററിന് വേരിയന്റുകളുടെ അടിസ്ഥാനത്തില്‍ 2.62 ലക്ഷം രൂപ മുതല്‍ 3.04 ലക്ഷം രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. ഹെക്ടര്‍ ഫൈവ് സീറ്റര്‍ പതിപ്പുകള്‍ക്ക് 50,000 രൂപ മുതല്‍ 1.49 ലക്ഷം രൂപ വരെയും ആറ് സീറ്റര്‍ മോഡലുകള്‍ക്ക് 68,000 രൂപ മുതല്‍ 1.47 ലക്ഷം രൂപയും ഏഴ് സീറ്റര്‍ മോഡലുകള്‍ക്ക് 60,000 രൂപ മുതല്‍ 1.47 ലക്ഷം രൂപ വരെയുമാണ് കുറഞ്ഞിരിക്കുന്നത്. മിഡ്‌സൈസ് എസ്‌യുവി പതിപ്പായ ആസ്റ്ററിന് 35,000 രൂപ മുതല്‍ 54,000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്.
ഫോക്‌സ്‌വാഗണ്‍
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിനെയും ജിഎസ്ടി 2.0 വില കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. നാല് വാഹനങ്ങളുമായി വിപണിയിലുള്ള ഈ കമ്പനിയുടെ മിഡ് സൈസ് എസ്‌യുവി മോഡലായ ടൈഗൂണിന് വേരിയന്റുകള്‍ക്ക് അനുസരിച്ച് 48,000 രൂപ മുതല്‍ 1.63 ലക്ഷം രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. സെഡാന്‍ മോഡലായ വെര്‍ടസിന് 61,000 രൂപ മുതല്‍ 67000 രൂപ വരെ വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ടിഗ്വാന്‍ എസ്‌യുവിക്ക് 3.27 ലക്ഷം രൂപയാണ് കുറഞ്ഞിരിക്കുന്നത്. പെര്‍ഫോമെന്‍സ് ഹാച്ച്ബാക്ക് മോഡലായ ഗോള്‍ഫ് ജിടിഐയ്ക്ക് 2.09 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ വാഹനങ്ങള്‍ക്ക് 13.6 ലക്ഷം രൂപ വരെയാണ് വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു 2 സീരീസിന് 1.70 ലക്ഷം രൂപ വരെയും ത്രീ സീരീസിന് 3.55 ലക്ഷം രൂപ വരെയും ഫൈവ് സീരീസിന് 4.15 ലക്ഷം രൂപ വരെയും സെവന്‍ സീരീസിന് 10.45 ലക്ഷം രൂപയുടെയും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌യുവി മോഡലുകളായ X1-ന് 1.80 ലക്ഷം മുതല്‍ 3.75 ലക്ഷം രൂപയുടെ വരെ കുറവാണ് നല്‍കുന്നത്. X3-ക്ക് 5.20 ലക്ഷത്തിന്റെയും X5-ന് 6.70 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെയും X7-ന് 8.95 ലക്ഷം മുതല്‍ 9.25 ലക്ഷം രൂപ വരെയും വില കുറയും. M340i മോഡലിന് 4.25 ലക്ഷം രൂപ വരെയും Z4 മോഡലിന് അഞ്ച് ലക്ഷം രൂപയും M2-ന് 5.75 ലക്ഷം രൂപയും M4-ന് 10.20 ലക്ഷം രൂപയും M5-ന് 4.30 ലക്ഷം രൂപയും M8-ന് 13.60 രൂപയും XM-ന് 5.45 ലക്ഷം രൂപയുമാണ് കുറയുക.
പോര്‍ഷെ
ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ വാഹനങ്ങള്‍ക്കും വില കുറയുന്നുണ്ട്. കയേന്‍ മോഡലുകള്‍ക്കാണ് ഏറ്റവുമധികം വില കുറയുന്നത്. 911 കരേരയ്ക്ക് 11 ലക്ഷം രൂപയും കരേര 4 ജിടിഎസ് പതിപ്പിന് ആറുലക്ഷം രൂപയും കയേനിന് 11 ലക്ഷം രൂപയും കയേന്‍ ജിടിഎസിന് 14 ലക്ഷം രൂപയും കയേന്‍ കൂപ്പെയ്ക്ക് 11 ലക്ഷം രൂപയും കയേന്‍ ജിടിഎസ് കൂപ്പെയ്ക്ക് 14 ലക്ഷം രൂപയും കയേന്‍ ബ്ലാക്ക് എഡിഷന് 12 ലക്ഷം രൂപയും പനമേരയ്ക്ക് ഒമ്പത് ലക്ഷവും പനമേര ജിടിഎസിന് 13 ലക്ഷം രൂപയും മകാന് ആറുലക്ഷം രൂപയുമാണ് വില കുറഞ്ഞിട്ടുള്ളത്.
ലാന്‍ഡ് റോവര്‍
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര എസ്‌യുവി നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ മോഡലുകള്‍ക്ക് 30.4 ലക്ഷം രൂപ വരെയാണ് വിലയില്‍ കുറവ് വരുന്നത്. എന്‍ട്രി ലെവല്‍ വാഹനമാണ് ഇവോക്കിന് 4.6 ലക്ഷം രൂപയാണ് കുറഞ്ഞത്. വെലാറിന് ആറ് ലക്ഷം രൂപ, ഡിസ്‌കവറിക്ക് 9.9 ലക്ഷം രൂപ, ഡിസ്‌കവറി സ്‌പോര്‍ട്ടിന് 4.6 ലക്ഷം രൂപ, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വി എഡിഷന് 19.7 ലക്ഷം രൂപ, ഓട്ടോബയോഗ്രഫിക്ക് 18.3 ലക്ഷം രൂപ, ഡിഫന്‍ഡറിന് മോഡലുകള്‍ക്ക് അനുസരിച്ച് 18.6 ലക്ഷം രൂപ വരെ, റേഞ്ച് റോവര്‍ 3.0 എസ്‌വി ലോങ് വീല്‍ ബേസിന് 27.4 ലക്ഷം രൂപ, റേഞ്ച് റോവര്‍ 4.4 എസ്‌വി ലോങ് വീല്‍ബേസിന് 30.4 ലക്ഷം രൂപ എന്നിങ്ങനെയാണ് കുറഞ്ഞിരിക്കുന്നത്.
ലെക്‌സസ്
ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്‌സസിന്റെ വാഹനങ്ങള്‍ക്കും ജിഎസ്ടി പരിഷ്‌കരണത്തില്‍ വില കുറയുന്നുണ്ട്. ലെക്‌സസ് ഇഎസ് 300എച്ചിന് 1.47 ലക്ഷം രൂപയും എന്‍എക്‌സ് 350 എച്ചിന് 1.58 ലക്ഷം രൂപയും ആര്‍എക്‌സ് 350 എച്ചിന് 2.10 ലക്ഷം രൂപയും ആര്‍എക്‌സ് 500 എച്ചിന് 2.58 ലക്ഷം രൂപയും എല്‍എം 350 എച്ചിന് 5.77 ലക്ഷം രൂപയും എല്‍എക്‌സ് 500ഡിക്ക് 20.80 ലക്ഷം രൂപയുമാണ് വില കുറയുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഔഡി
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ വാഹനങ്ങള്‍ക്കും വലിയ തോതില്‍ വില കുറവ് ഉണ്ടായിട്ടുണ്ട്. ഔഡിയുടെ എസ്‌യുവി മോഡലുകളുടെ വിലയിലാണ് വലിയ കുറവ് ഉണ്ടായിരിക്കുന്നത്. ഫ്‌ളാഗ്ഷിപ്പ് മോഡലായ Q8-ന് 7.83 ലക്ഷം രൂപയാണ് കുറയുന്നത്. Q7-ന് 6.15 ലക്ഷം രൂപ, Q5-ന് 4.55 ലക്ഷം രൂപയും Q3-ക്ക് 3.07 ലക്ഷം രൂപയും കുറയും. സെഡാന്‍ മോഡലുകളായ A6-ന് 3.64 ലക്ഷവും A4- ന് 2.64 ലക്ഷം രൂപയുമാണ് കുറയുന്നത്.
മെഴ്‌സിഡീസ്
ഇന്ത്യയിലെ ആഡംബര വാഹന വിപണിയിലെ അതികായരായ മെഴ്‌സിഡീസും ജിഎസ്ടി പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ വില കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. GLS 450d AMG പതിപ്പിന് പത്തുലക്ഷം രൂപയോളമാണ് കുറയുന്നത്. A200 സെഡാന് 2.6 ലക്ഷം രൂപയും GLC300 4Matic മോഡലിന് 5.3 ലക്ഷം രൂപയും എസ് 450 4Matic പതിപ്പിന് 11 ലക്ഷം രൂപയും GLA 220d AMG Line-ന് 3.8 ലക്ഷവും C300 AMG-ക്ക് 3.7 ലക്ഷവും ഉഥആ 450-ക്ക് എട്ടുലക്ഷം രൂപയും E-Class LWB മോഡലിന് ആറുലക്ഷം രൂപയുമാണ് കുറയുന്നത്.
വാഹനം വാടകയ്ക്ക് നല്‍കിയാലുള്ള നികുതി ഉയരുമോ?
വാഹനങ്ങള്‍ ഓപ്പറേറ്റര്‍ ഇല്ലാതെ ലീസിനോ വാടകയ്‌ക്കോ നല്‍കുന്നത് 'സപ്ലൈ ഓഫ് സര്‍വീസ്' എന്ന തരത്തിലാണ് പരിഗണിക്കുന്നതെങ്കിലും, അത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോഴുള്ള അതേ നികുതി നിരക്കാണ് ബാധകം. ഉദാഹരണത്തിന്, കാറുകള്‍ വാങ്ങുമ്പോള്‍ 18 ശതമാനം നികുതിയാണെങ്കില്‍ വാടകയ്‌ക്കോ ലീസിനോ നല്‍കുമ്പോഴും 18 ശതമാനം നികുതി തന്നെ ബാധകമായിരിക്കും.
Content Highlights: GST changes slash car prices-See how much you can save on popular models from Tata, Mahindra Maruti
Published: 22 Sept 2025, 11:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented