ഇന്ത്യയിലെ ഓരോ വാഹനമേളയും കഴിയുമ്പോള്‍ അടുത്ത വര്‍ഷങ്ങളില്‍ വാഹന വ്യവസായം ലക്ഷ്യംവയ്ക്കുന്നതാണ് തെളിയുക. ഇത്തവണയും അതിന് മുടക്കംവന്നിട്ടില്ല. നാല്പതിലധികം കമ്പനികള്‍ പങ്കെടുത്ത ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയുടെ ഓട്ടോ ഷോയില്‍, ഇവരെല്ലാവരും അവതരിപ്പിച്ചത് പരമ്പരാഗത ഇന്ധനങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള വാഹനങ്ങളാണ്. വൈദ്യുതിയും സങ്കര ഇന്ധനങ്ങളും ഹൈഡ്രജനുമെല്ലാം ഉപയോഗിക്കുന്ന വാഹനങ്ങളായിരുന്നു ഭൂരിഭാഗവും.

To advertise here,

കമ്പനികളുടെ പങ്കാളിത്തംകൊണ്ട് ലോകത്തെ മുന്‍നിര വാഹനമേളകളെ പിന്തള്ളിയിട്ടുണ്ട് ഇത്തവണ. കഴിഞ്ഞ വര്‍ഷത്തെക്കാളും നാലിരട്ടി പുതിയ കമ്പനികള്‍ പ്രാതിനിധ്യമറിയിച്ചു. ആദ്യ ദിവസംതന്നെ 31 പുതിയ വാഹനങ്ങളാണ് പുറത്തിറക്കപ്പെട്ടത്. അഞ്ചുലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇത്തവണ മേളയില്‍ പ്രതീക്ഷിക്കുന്നത്. വിയറ്റ്നാമിലെ വാഹനഭീമനായ വിന്‍ഫാസ്റ്റിന്റെ വരവാണ് ഇത്തവണത്തെ പുതുമ. അതുപോലെ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത വാഹനമായ ഇ-വിറ്റാരയുടെ പുറത്തിറക്കലും നടന്നു. മേളയിലെത്തിയ ചില പ്രമുഖരെ പരിചയപ്പെടാം:

മാരുതി സുസുക്കി ഇ വിറ്റാര

മേളയിലെ ഏറ്റവുമധികം തരംഗമായ പുറത്തിറക്കല്‍. ആദ്യത്തെ ചടങ്ങായിരുന്നു ഇത്. 500 കിലോമീറ്ററിലധികം റെയ്ഞ്ച്. 49, 61 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍. ഉയര്‍ന്ന ബാറ്ററി പായ്ക്കില്‍ ഫോര്‍വീല്‍ ഡ്രൈവായ ഓള്‍ഗ്രിപ്പ് ഇ-യുമുണ്ടാവും.

placeholder
ഇ വിറ്റാര

വലിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെ മാരുതിയും അടുത്തഘട്ടത്തിലേക്ക് കാല്‍വെച്ചു. സുരക്ഷയില്‍ അഡാസ് രണ്ട് ലെവലിലേക്കുയര്‍ന്നു. ഏഴ് എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. മുക്കിനു മുക്കിന് നെക്‌സ ഷോറൂമുകളുള്ള രാജ്യത്ത് അവിടെ മുഴുവന്‍ ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകളാക്കുന്നതോടെ ചാര്‍ജിങ്ങിനുള്ള പേടിയും വേണ്ട. ഈ വര്‍ഷംതന്നെ 'ഇ വിറ്റാര' ജനങ്ങളുടെ കൈയിലെത്തുമെന്നാണ് കമ്പനി പറയുന്നത്.

ടാറ്റയില്‍നിന്ന് സിയറ, ഹാരിയര്‍ ഇ.വി.

ഇന്ത്യയില്‍ എസ്.യു.വി.യുടെ യുഗാരംഭത്തിന് തുടക്കമിട്ട 'സിയറ'യെ ടാറ്റ തിരികെയെത്തിച്ചു. ആദ്യം പരമ്പരാഗത ഇന്ധനങ്ങളിലും പിന്നീട് വൈദ്യുതിയിലും സിയറയെത്തും.

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഇ.എം.എ. പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പാണ് അവിന്യ എക്‌സ് കണ്‍സെപ്റ്റിന്റെ അടിസ്ഥാനം.

placeholder
ടാറ്റ സിയറ, ഹാരിയര്‍ ഇ.വി.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റെയ്ഞ്ചാണ് ഹാരിയര്‍ ഇ.വി.യുടെ വാഗ്ദാനം. സാധാരണ ഹാരിയറിന്റെ ഗാംഭീര്യം ചോര്‍ന്നിട്ടില്ല. ഫോര്‍വീല്‍ ഡ്രൈവിലായിരിക്കും വരുന്നത്. ടാറ്റയുടെ ജെന്‍ 2 ആക്ടി ഡോട്ട് ഇ.വി. ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഹാരിയര്‍ ഇ.വി. പണികഴിപ്പിക്കുക.

ഹ്യുണ്ടായ് ക്രെറ്റ ഇ.വി.യും സ്റ്റാരിയ മിനി വാനും

placeholder
ക്രെറ്റ ഇ.വി.

ക്രെറ്റ ഇ.വി.യുടെ വില പ്രഖ്യാപിച്ചു. 17.99 ലക്ഷം മുതല്‍ 23.49 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകള്‍ക്ക് വില. ക്രെറ്റയുടെ ഫ്‌ളെക്സി ഫ്യുയലും സ്റ്റാരിയ മിനി വാനും എക്‌സ്പോയില്‍ അവതരിപ്പിക്കപ്പെട്ടു.

വിന്‍ഫാസ്റ്റ്

placeholder
വി.എഫ്. 7

വിയറ്റ്നാമീസ് കമ്പനിയായ വിന്‍ഫാസ്റ്റ് ഇന്ത്യയിലെ ആദ്യ മോഡലുകളുമായെത്തി. വി.എഫ്. 6, വി.എഫ്. 7 എന്നീ മോഡലുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നാനൂറിനു താഴെ കിലോമീറ്ററാണ് ഈ ഫൈവ് സീറ്ററുകളുടെ റെയ്ഞ്ച്.

എം.ജി.യില്‍നിന്ന് എം9, സൈബര്‍സ്റ്റര്‍

ടൊയോട്ട വെല്‍ഫെയര്‍ പോലുള്ള എതിരാളികളോട് മല്ലിടാനാണ് 'എം9' എന്ന മള്‍ട്ടിപര്‍പ്പസ് വാഹനം (എം.പി.വി.) എം.ജി. മോട്ടോഴ്‌സ് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യന്‍ വിപണിക്കായുള്ള എം.ജി.യുടെ അഞ്ചാമത്തെ ഇലക്ട്രിക് കാറാണിത്. ബ്രാന്‍ഡിന്റെ പ്രീമിയം നെറ്റ്്വര്‍ക്കായ 'എം.ജി. സെലക്ടി'നു കീഴിലായിരിക്കും വില്‍പ്പന.

placeholder
എം9, സൈബര്‍സ്റ്റര്‍

ചിറകുപോലെ തുറക്കുന്ന രണ്ട് വാതിലുകളുമൊക്കെയായി തനി സ്‌പോര്‍ട്സ് കാറായാണ് സൈബര്‍സ്റ്റര്‍ എത്തിയത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോഡിയാക്കിയ 77 കിലോവാട്ട് ബാറ്ററി പായ്ക്കാണ് കരുത്ത്. 510 ബി.എച്ച്.പി. പവറില്‍ 725 എന്‍.എം. വേഗം രണ്ടു സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്ററിലെത്തിക്കും. ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ റെയ്ഞ്ച് വാഗ്ദാനം ചെയ്യുന്നു.