പ്രധാനമന്ത്രി നരേന്ദ്ര മോദി, മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന സ്റ്റാര്‍ വെഡ്ഡിങ്ങ് ആയിരുന്നു നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റേത്. ഈ വിവാഹനത്തിന് മോടികൂട്ടുന്നതിനായി പുതുപുത്തന്‍ കാരവാനും സുരേഷ് ഗോപി പുറത്തിറക്കിയിരുന്നു. വിവാഹത്തിനെത്തിയ താരകുടുംബത്തിന് വിശ്രമിക്കാനും മറ്റുമായാണ് വിവാഹത്തോട് അനുബന്ധിച്ച് പുതിയ കാരവാനും എത്തിച്ചത്.

To advertise here,

ഭാരത് ബെന്‍സിന്റെ 1017 ഷാസിയില്‍ കേരളത്തിലെ മുന്‍നിര കാരവാന്‍ നിര്‍മാതാക്കളായ കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് സുരേഷ് ഗോപിയുടെ കാരവാന്‍ ഒരുക്കിയത്. പണികള്‍ പൂര്‍ത്തിയാക്കി വിവാഹത്തോട് അനുബന്ധിച്ചാണ് വാഹനം ഗുരുവായൂരില്‍ എത്തിച്ചത്. ഓജസിന്റെ സ്റ്റേറ്റ്‌സ് മാന്‍ ഡിസൈനിലാണ് ഈ കാരവാന്‍ ഒരുങ്ങിയിരിക്കുന്നത്. അതേസമയം, സുരേഷ് ഗോപിയുടെ ഇഷ്ടത്തിനനുസരിച്ച മാറ്റങ്ങളും ഈ ഡിസൈനില്‍ വരുത്തിയിട്ടുണ്ട്.

പേള്‍ വൈറ്റ് നിറത്തിലാണ് സുരേഷ് ഗോപിയുടെ കാരവാന്റെ ബോഡി. ഇതില്‍ ഹെഡ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മുമ്പിലായി എസ്.ജി. എന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോയും നല്‍കിയിട്ടുണ്ട്. പിന്നിലൂടെയും സൈഡിലൂടെയും വാഹനത്തിനുള്ളില്‍ പ്രവേശിക്കാനുള്ള സൗകര്യവും നല്‍കുന്നുണ്ട്. സ്ലൈഡ് ഔട്ട് സ്റ്റെപ്പാണ് സൈഡിലുള്ളത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് കൂടി ചേരുന്നതോടെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ പൂര്‍ണമാകുന്നു.

മികച്ച സൗകര്യങ്ങളോടെയാണ് ഈ കാരവാനിന്റെ ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. റോള്‍സ് റോയിസ് കാറുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിങ്ങുകളാണ് അകത്തളം സ്‌റ്റൈലിഷാക്കുന്നത്. ടി.വിക്ക് പകരം നല്‍കിയ പ്രൊജക്ടര്‍ സ്‌ക്രീന്‍, ട്രാവലിങ്ങ്/ മീറ്റിങ്ങ് റൂം, ബെഡ്‌റൂം, മേക്ക്അപ്പ് റൂം, ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. മികച്ച സൗകര്യങ്ങളോടെയാണ് ഈ കാരവാനിലെ ഡ്രൈവര്‍ ക്യാബിനും ഒരുങ്ങിയിട്ടുള്ളത്. 

ഭാരത് ബെന്‍സിന്റെ 1017 ബി.എസ്.6 ഷാസിയിലാണ് ഈ കാരവാന്‍ നിര്‍മിച്ചിരിക്കുന്നത്. 3907 സി.സി. നാല് സിലിണ്ടര്‍ ഫോര്‍ ഡി 34ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 170 ബി.എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സുരേഷ് ഗോപിക്കായി ഓജസ് ഓട്ടോമൊബൈല്‍സ് ഒരുക്കുന്ന മൂന്നാമത്തെ കാരവാനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.