
ട്രാഫിക് എന്ന മലയാള സിനിമയുടെ ക്ലൈമാക്‌സില്‍ ലിഫ്റ്റ് അടിച്ച് കയറി വാഹനത്തിന്റെ ഡ്രൈവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, സ്പീഡ് പേടിയുണ്ടോ എന്ന്. ഏതാണ്ട് സമാനമായ ഒരു സാഹചര്യത്തില്‍ കൂടി കടന്നുപോയതിന്റെ ഒരു ത്രില്ല് കഴിഞ്ഞ ദിവസം എനിക്കുമുണ്ടായി. സംഭവം അല്‍പ്പം സിനിമാറ്റിക്കാണ്. ടാറ്റയുടെ പുതിയ മോഡലായ അള്‍ട്രോസ് റേസറിന്റെ ഡ്രൈവ് നടന്നത് കോയമ്പത്തൂരിലായിരുന്നു. പേരില്‍ ഒരു റേസര്‍ എന്നുള്ളത് കൊണ്ടുതന്നെ ഒരു റേസ് ട്രാക്ക് എക്‌സ്പീരിയന്‍സും ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിരുന്നു. അവിടെ വെച്ചാണ് ലൈഫിലെ തന്നെ ഏറ്റവും ത്രില്ലിങ് എന്ന് ഉറപ്പിച്ച പറയാവുന്ന ഡ്രൈവിങ് അനുഭവമുണ്ടാകുന്നത്.
നരെയ്ൻ കാര്‍ത്തികേയന്‍ എന്ന ഇന്ത്യയുടെ ഏഫ് വൺ കാര്‍ റൈസറിനെ അധികമാര്‍ക്കും പരിചയപ്പെടുത്തി കൊടുക്കേണ്ട കാര്യമില്ല. ഫോര്‍മുല വണ്‍ റേസിങ്ങില്‍ വാഹനമോടിക്കുന്ന ആളിന്റെ കൂടെ ഒരു ഡ്രൈവ് ലഭിച്ചാലുള്ള ഫീല്‍ എന്തായിരിക്കും. അതും കാര്‍ റേസിങ് പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി ഡിസൈന്‍ ചെയ്തിട്ടുള്ള ട്രാക്കില്‍. പേടി അല്‍പ്പം തോന്നിയിരുന്നെങ്കിലും അതിനും മുകളിലായിരുന്നു ഇത് എക്‌സ്പീരിയന്‍സ് ചെയ്യാനുള്ള ത്രിൽ. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണെന്ന് ഉറപ്പുള്ളത് കൊണ്ട് അദ്ദേഹത്തിനൊപ്പം ട്രാക്കിലിറങ്ങാന്‍ ഹെല്‍മറ്റ് അണിയുകയായിരുന്നു.

3.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്നതാണ് കോയമ്പത്തൂരിലെ ഈ റേസ് ട്രാക്ക്. ഡ്രൈവ് ചെയ്യുന്ന വാഹനമാകട്ടെ ടാറ്റയുടെ അള്‍ട്രോസ് റേസറും. താമസസ്ഥലത്തുനിന്ന് ട്രാക്ക് വരെ ഈ വാഹനം ഓടിച്ചതില്‍ നിന്ന് ഒരു കാര്യം മനസിലായിരുന്നു, റേസര്‍ എന്നത് വെറുതെ ഒരു ഭംഗിക്ക് ഇട്ട പേരല്ല. അത്യാവശ്യം ഒരു റേസിങ് കാറിന് വേണ്ട കരുത്തും ഉറപ്പുമൊക്കെ ഈ വാഹനത്തിന് വരുത്തിയിട്ടുണ്ട്. എന്നാലും ട്രാക്കില്‍ ഒക്കെ ഓടിക്കുമ്പോള്‍ റോഡില്‍ ഓടിക്കുന്നത് പോലെയല്ലല്ലോ? ഏറ്റവും കുറഞ്ഞ സ്പീഡ് 100 കിലോമീറ്ററിന് മുകളിലായിരിക്കും, ബ്രേക്കില്‍ ഒന്ന് തൊടുക പോലും ചെയ്യാതെയായിരിക്കും കോര്‍ണറുകളും മറ്റും എടുക്കുന്നത്. അതിനുള്ള ശേഷിയൊക്കെ ഈ വണ്ടിക്ക് കാണുമോ എന്നതായിരുന്നു ചിന്ത.
ഇങ്ങനെയൊക്കെ ആണെങ്കിലും ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നത് സാക്ഷാല്‍ നരെയ്ൻ കാര്‍ത്തികേയനാണ്. ഒന്നും കാണാതെ അദ്ദേഹം ഈ വാഹനം ട്രാക്കില്‍ ഡ്രൈവ് ചെയ്യാന്‍ ഇറങ്ങില്ലല്ലോ? അങ്ങനെ അദ്ദേഹത്തെ പരിചയപ്പെട്ട് സ്വയം എന്നെയും പരിചയപ്പെടുത്തി വാഹനത്തിനുള്ളില്‍ കയറി. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ മസ്റ്റാണ്. റേസറുമായി കാറിലേക്ക് കയറി. ഫസ്റ്റ് ഗിയറില്‍ നിന്ന് സെക്കന്റിലേക്കും തേഡിലേക്കും എത്തിയപ്പോഴേക്കും ട്രാക്കിലെ ആദ്യ തിരിവില്‍ എത്തി. 90 ഡിഗ്രിയെങ്കിലും വളഞ്ഞായിരിക്കണം ആ വളവ്. മീറ്ററിലേക്ക് ഒന്ന് നോക്കിയതേ ഉള്ളൂ. വാഹനത്തിന്റെ വേഗത 110 ഒക്കെ കഴിഞ്ഞിരിക്കുന്നു. ബ്രേക്ക് ചെയ്യുന്നത് കൂടെയുള്ളവര്‍ അറിയുകപോലും ചെയ്യാതെയാണ് ആ വളവ് തിരിച്ചത്. മുഖത്ത് ഒട്ടും പേടി വരുത്തിയിട്ടില്ലെങ്കിലും സീറ്റിന്റെ വശങ്ങളില്‍ അമര്‍ത്തി പിടിച്ചതിന്റെ പാട് ഇപ്പോഴും സീറ്റില്‍ ഉണ്ടാകും.

പേടിയെന്ന് പറയുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന നേരേയ്ൻ കാര്‍ത്തികേയന്‍ എന്ന റേസറോടുള്ള വിശ്വാസ കുറവൊന്നുമായിരുന്നില്ല. എത്രയൊക്കെ മാറ്റം വരുത്തിയെന്ന് പറഞ്ഞാലും അള്‍ട്രോസ് എന്ന വാഹനത്തോട് എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന മുന്‍വിധിയായിരുന്നു. ഇതിനുപുറമെ, ഒരുമാതിരിപ്പെട്ട എല്ലാ ആളുകള്‍ക്കുമുള്ള പ്രശ്‌നം നമുക്കുമുണ്ടല്ലോ, കൂടെയുള്ളവര്‍ സ്പീഡില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കോ-പാസഞ്ചര്‍ സീറ്റിലിരുന്ന് പ്ലാറ്റ്‌ഫോമില്‍ അമര്‍ത്തി ചവിട്ടുന്ന ആ വിശ്വാസക്കുറവ്. ഇതൊക്കെയായിരുന്നു ആദ്യമുണ്ടായി പേടിയുടെ കാരണം. എന്നാല്‍, ഇതൊക്കെ സെക്കന്റുകള്‍ കൊണ്ടാണ് അദ്ദേഹം മാറ്റിയത്. ആ കോണ്‍ഫിഡന്‍സ് മാത്രം കണ്ടാല്‍ മതി പേടിയൊക്കെ പമ്പ കടക്കാന്‍.
ആദ്യ തിരിവ് കഴിഞ്ഞതും അദ്ദേഹത്തിന്റെ കൈകളിലേക്കും മുഖത്തേയ്ക്കും നോക്കി. സ്റ്റിയറിങ്ങില്‍ ഉറപ്പിച്ച് പിടിച്ച കൈയും ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. പിന്നെ വളരെ കൂളായി സംസാരിക്കാന്‍ തുടങ്ങി. ആദ്യം തന്നെ അദ്ദേഹത്തോട് ചോദിച്ചത് ശരിക്കും ഈ വണ്ടിക്ക് ഇങ്ങനെ ഓടിക്കാനുള്ള ശേഷിയൊക്കെ ഉണ്ടോയെന്നായിരുന്നു. വളരെ ഉറച്ച മറുപടിയാണ് നരെയ്‌നില്‍ നിന്നും കിട്ടയത്. ഇതിന്റെ ഷാസി വളരെ സ്‌ട്രോങ്ങാണ്, ഇതല്ല ഇതിനപ്പുറവും ഈ കാറിന് സാധിക്കും. ഇത് ഉറപ്പിക്കുന്നതിനായി നരെയ്ൻ ഒരു കാര്യം കൂടി പറഞ്ഞു. റേസറിന്റെ 80 ശതമാനം നിര്‍മാണത്തിലും ഞാന്‍ കൂടി ഭാഗവാക്കിയിട്ടുണ്ട്. ഇത് ടാറ്റ മുമ്പുതന്നെ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം കൂടി പറഞ്ഞപ്പോള്‍ ഒന്നുകൂടി ഉറപ്പായി. ഇപ്പോള്‍ നരെയ്‌നെ
പോലെ തന്നെ വാഹനത്തേയും പൂര്‍ണവിശ്വാസമായി. ശരിക്കും പിന്നീടാണ് ഡ്രൈവിങ് ആസ്വദിച്ച് തുടങ്ങിയത്.
ഒരുവശത്ത് ഞങ്ങള്‍ ഇക്കാര്യങ്ങള്‍ സംസാരിക്കുമ്പോഴും ഒരുവേള പോലും അദ്ദേഹത്തിന്റെ കാല്‍ ആക്‌സിലറേറ്ററില്‍ നിന്ന് മാറിയിരുന്നില്ല. സ്പീഡ് 130-ന് മുകളിലെത്തിയപ്പോഴായിരുന്നു അടുത്ത വളവ്. കുറച്ച് വൈഡായിട്ടായിരുന്നു അദ്ദേഹം ആ ടേണിങ് എടുത്തത്. റോഡില്‍ ടയര്‍ ഉരയുന്നതിന്റെ ശബ്ദം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്. ഇതിനുശേഷം മാത്രമാണ് അദ്ദേഹം നാലാമത്തെ ഗിയറിലേക്ക് പോയത്. അല്‍പ്പം കൂടി സ്പീഡ് കൂടി. വേഗതയുടെ ത്രില്ല് ശരിക്കും അറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. വാഹനം സ്പീഡില്‍ ഓടിക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല. പക്ഷെ അദ്ദേഹം എടുക്കുന്ന ഓരോ കോര്‍ണറുകളും തിരുവുകളുമെല്ലാം ഓരോ പാഠങ്ങളായിരുന്നു. നരെയ്നിന്റെ ഡ്രൈവിങ്ങിന് ഒരു പ്രത്യേക സൗന്ദര്യമാണ്.
പ്രധാനമായും ശ്രദ്ധിച്ച കാര്യം ഒട്ടും തന്നെ പിരിമുറക്കമോ, ആയാസമോ ഇല്ലാതെയാണ് അദ്ദേഹം ഈ ട്രാക്കില്‍ വാഹനവുമായി പറക്കുന്നത് എന്നതാണ്. കൂടെയുള്ള ആളുകളോട് സംസാരിച്ച് ഓരോ വളവുകളും തിരിവുകളും എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായി കാര്യങ്ങള്‍ വിശദീകരിച്ചാണ് അദ്ദേഹം ഇത്രയും സ്പീഡില്‍ വാഹനമോടിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വേഗതയുള്ളതുമായി ഡ്രൈവര്‍ ആണെങ്കില്‍ പോലും ട്രാക്കില്‍ അദ്ദേഹം കാണിക്കുന്ന ജാഗ്രത കണ്ടുപഠിക്കേണ്ടതാണ്. ബ്ലൈന്‍ഡ് സ്‌പോട്ട് വരുന്ന ഒരു തിരിവിലാണ് അല്‍പ്പമൊന്ന് വേഗത കുറച്ചത്. ഇവിടെ വേഗത കുറയ്‌ക്കേണ്ടത് സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞുതന്നത്.
നരെയ്ൻ കാര്‍ത്തിയേകയന്‍ വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നത് ക്ലെച്ചിലും ആക്‌സിലറേറ്ററിലുമാണെന്നാണ് ഡ്രൈവിങ്ങില്‍ ലഭിക്കുന്ന ഫീല്‍. അത് അദ്ദേഹം ബ്രേക്ക് ഉപയോഗിക്കാത്തത് കൊണ്ടല്ല. ആക്‌സിലറേറ്ററിന്റെ ഇന്‍പുട്ട് ഒട്ടും തന്നെ കുറയാതെ ബ്രേക്ക് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്. ചില സമയങ്ങളിലെങ്കിലും അദ്ദേഹം ഇടതുകാല്‍ ഉപയോഗിച്ച് ബ്രേക്ക് അപ്ലേ ചെയ്തിരുന്നോയെന്നും എനിക്ക് തോന്നിയിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു. വാഹനം എപ്പോള്‍ നിന്നെന്ന് ചോദിച്ചാല്‍ മതി. വണ്ടി ഏതൊക്കെ സ്ഥാലങ്ങളില്‍ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്ന ബോധ്യമുള്ളത് കൊണ്ടാണല്ലോ അദ്ദേഹം എഫ് വൺ റേസര്‍ ആയത്.
പേടിയോടെ തുടങ്ങിയ ആ ഡ്രൈവ് അവസാനിക്കാറയപ്പോഴേക്കും ഒരു ലാപ്പ് കൂടി കിട്ടിയിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിച്ചത്. എന്തൊരു ക്ലാസിക്ക് ഡ്രൈവ് ആയിരുന്നു ആ മനുഷ്യന്‍. വേഗതയോട് പോലും ഒരള്‍ക്ക് പ്രേമം തോന്നുന്ന തരത്തിലാണ് അദ്ദേഹം ആ ട്രിക്കിലൂടെ വാഹനവുമായി പറന്നത്. അക്ഷരാര്‍ഥത്തില്‍ പേടിയോടെയാണ് തുടങ്ങിയതെങ്കില്‍ കഴിഞ്ഞപ്പോഴേക്കും കൂറെയേറെ കാര്യങ്ങള്‍ പഠിക്കാനും സ്പീഡിന്റെ ത്രില്ല് ശരിക്കും എക്‌സ്പീരിയന്‍സ് ചെയ്യാനും കഴിഞ്ഞെന്നതാണ് വസ്തുത. എഫ് വൺ ട്രാക്കിലെ മത്സരങ്ങളും മറ്റും കണ്ടിട്ട് ഇതൊക്കെ എനിക്കും സിംപിളായിട്ട് ചെയ്യാന്‍ പറ്റുമെന്ന് വീമ്പുപറയുന്ന ആളുകള്‍ ഉണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഇതൊന്നും അത്ര എളുപ്പല്ലാട്ടോ....
Content Highlights: A Race Track drive experience with Indian F1 racer Narain Karthikeyan in Tata Altroz Racer
Published: 19 Jun 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented