ഇന്നും ഇന്നലെയും തുടങ്ങിയതല്ല, വേലുക്കുട്ടിയുടെ ബുള്ളറ്റ് പ്രണയം. അന്‍പതുവര്‍ഷത്തിലേറെയായി മഞ്ചേരി തൃക്കലങ്ങോട്ടെ വീട്ടില്‍നിന്ന് എടരിക്കോട്ടെ വര്‍ക്ക്‌ഷോപ്പിലേക്ക് ബുള്ളറ്റില്‍ത്തന്നെയാണ് യാത്ര. അങ്ങോട്ടുമിങ്ങോട്ടുമായി ദിവസവും സഞ്ചരിക്കുന്നത് 70 കിലോമീറ്റര്‍! ഇപ്പോള്‍ വയസ്സ് 73. ഈ പ്രായത്തിലും റോയല്‍ എന്‍ഫീല്‍ഡിന്റെ 95 മോഡല്‍ ഡീസല്‍ ബുള്ളറ്റില്‍ വേലുക്കുട്ടി പായുന്നത് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെതന്നെ.

To advertise here,

എടരിക്കോട് ആയുര്‍വേദ കോളേജിനുസമീപത്തെ പുതുപ്പറമ്പ് റോഡിലാണ് പുളിക്കല്‍കണ്ടി പുളിയക്കോടന്‍ വേലുക്കുട്ടിയുടെ വര്‍ക്ക്‌ഷോപ്പ്. രാവിലെ ഒന്‍പതുമണിയോടെ ഇദ്ദേഹം വര്‍ക്ക്‌ഷോപ്പിലെത്തും. മറ്റൊരു ബുള്ളറ്റില്‍ മകന്‍ വത്സനുമുണ്ടാകും പിന്നാലെ. വത്സന്റേത് 88 മോഡല്‍ ബുള്ളറ്റാണ്. വത്സനെക്കൂടാതെ മൂന്നുമക്കളുണ്ട് ഇദ്ദേഹത്തിന്- രജീഷ്, മണികണ്ഠന്‍, രജിത. ഇവര്‍ ഈ രംഗത്തല്ലെങ്കിലും രജീഷിന്റെയും മണികണ്ഠന്റെയും ഇഷ്ടവാഹനങ്ങള്‍ ബുള്ളറ്റ് തന്നെ.

മെക്കാനിക്കല്‍ എന്‍ജിനിയറായ രജീഷും സഹകരണബാങ്ക് ജീവനക്കാരനായ മണികണ്ഠനുമെല്ലാം സ്വന്തം ബുള്ളറ്റുകളില്‍ത്തന്നെയാണ് യാത്ര. ഭാര്യ ജാനകിയും മകള്‍ രജിതയും വീട്ടിലെ ബുള്ളറ്റ് ക്ലബ്ബില്‍ ഇല്ലെങ്കിലും മനസ്സുകൊണ്ട് അവരും ബുള്ളറ്റിനെ പ്രണയിക്കുന്നു.'ഇരുചക്രവാഹനങ്ങളില്‍ ബുള്ളറ്റുതന്നെയാണ് സുരക്ഷിതം. പിന്നെ വലിയ വാഹനങ്ങളുമായി ഇറങ്ങി റോഡ് ബ്ലോക്കാക്കുകയും വേണ്ടല്ലോ...', ബുള്ളറ്റ് എന്തുകൊണ്ട് ഇഷ്ടവാഹനമായി എന്നതിന് വേലുക്കുട്ടിയുടെ മറുപടി.

അംബാസിഡര്‍ പ്രചാരത്തിലാവുംമുമ്പ് അധികവും വിദേശകാറുകള്‍ മാത്രമായിരുന്ന കാലത്ത് ഈ രംഗത്തേക്ക് വന്നയാളാണ് വേലുക്കുട്ടി. അതുകൊണ്ട് ഏതുവാഹനവും ഇദ്ദേഹം നന്നാക്കും. ഹാമ്പറും മോറിസും പഴയ വില്ലീസ് ജീപ്പും മോറിസ് ഹെറാള്‍ഡുമടക്കം പഴയകാലമോഡലുകളില്‍ മിക്കതും നന്നാക്കിയിട്ടുണ്ട്. വിന്റേജ് കാറുകളുമായി ആരെങ്കിലും വന്നാല്‍ ഇപ്പോഴും വേലുക്കുട്ടിക്ക് അതെല്ലാം സിമ്പിള്‍. പാര്‍ട്‌സ് വരുത്താനുള്ള സമയം വേണമെന്നുമാത്രം.

ഏഴാംക്ലാസ് വരെയേ വേലുക്കുട്ടി പഠിച്ചിട്ടുള്ളൂ. അതിനുശേഷം കുറച്ചുകാലം വെറുതേ നടന്നു. 1966-ല്‍ കോട്ടയ്ക്കലിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ പണി പഠിക്കാന്‍ പോയിത്തുടങ്ങി. 1971-ല്‍ ചങ്കുവെട്ടിയിലെ അച്യുതന്‍നായര്‍ സണ്‍സ് പമ്പിനുസമീപം പുഷ്പ മോട്ടോഴ്‌സ് എന്ന പേരില്‍ സ്വന്തമായി വര്‍ക്ക്‌ഷോപ്പ് തുടങ്ങി. 73-മുതല്‍ ഇവിടേക്കുള്ള യാത്ര ബുള്ളറ്റിലാണ്. ആദ്യകാലത്ത് പെട്രോള്‍ബുള്ളറ്റ് ആയിരുന്നു. പിന്നീട് ഡീസല്‍വണ്ടിയായി.

ആയുര്‍വേദകോളേജിനുസമീപം പുതുപ്പറമ്പ് റോഡില്‍ ഇപ്പോഴുള്ള സ്വന്തം സ്ഥലത്തേക്ക് വര്‍ക്ക്‌ഷോപ്പ് മാറിയത് 1995-ലാണ്. മുമ്പ് ലോറികളും ഇവിടെ നന്നാക്കിയിരുന്നു. പിന്നീട് വര്‍ക്ക്‌ഷോപ്പിനുമുന്നിലെ റോഡ് വലുതാക്കിയപ്പോള്‍ അകത്ത് വാഹനങ്ങള്‍ കടത്താനും നിര്‍ത്താനുമുള്ള സൗകര്യം കുറഞ്ഞു. അതോടെ ലോറികളൊഴികെയുള്ള നാലുചക്രവാഹനങ്ങള്‍ മാത്രമാണ് നന്നാക്കുന്നത്.