2030-ഓടെ വോള്‍വോ ഇലക്ട്രിക് വാഹനം മാത്രം നിര്‍മിക്കുന്ന കമ്പനിയാകുമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്വീഡിഷ് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം കുറച്ച് ആഗോളതലത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിര്‍മിക്കുന്നുവെന്ന തീരുമാനം പുനപരിശോധിക്കാനുള്ള തീരുമാനത്തിലാണ് വോള്‍വോ എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

To advertise here,

ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് 2023-ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിലയിരുത്തലുകള്‍. 2030-ന് ശേഷവും ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് വോള്‍വോയുടെ പുതിയ തീരുമാനമെന്നാണ് ഡ്രൈവ്.ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021-ലാണ് പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുന്നുവെന്ന വോര്‍വോയുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. 

അതേസമയം, 2026 മുതല്‍ തന്നെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നാണ് വോള്‍വോ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നത്. സ്വീഡിഷ് കമ്പനിയുടെ ഈ പിന്മാറ്റം ഓസ്‌ട്രേലിയയിലെ വോള്‍വോയുടെ തീരുമാനം തിരുത്തുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. 2030-ന് ശേഷവും വോര്‍വോയുടെ മൊത്തവില്‍പ്പനയുടെ 90 മുതല്‍ 100 ശതമാനം വരെയും ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളായിരിക്കും എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 10 ശതമാനം വരെ വില്‍പ്പന മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളുടേതായിരിക്കുമെന്നാണ് അറിയിക്കുന്നത്. 

എന്നാല്‍, പൂര്‍ണമായും ഇലക്ട്രിക്കിലേക്കുള്ള മാറ്റം വോള്‍വോ തള്ളിയിട്ടില്ല. ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പതിയെ നോണ്‍-ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുറച്ചുകൊണ്ട് വരാനാണ് വോള്‍വോയുടെ പുതിയ പദ്ധതി. വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങളില്‍ മാറ്റമുണ്ടാകുകയെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. 2026-ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുള്ള വോള്‍വോ ഓസ്‌ട്രേലിയ അഞ്ച് ഇ.വികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

2030 ആകുന്നതോടെ എല്ലാ ശ്രേണിയിലും വോള്‍വോയുടെ ഇലക്ട്രിക് കാറുകള്‍ എത്തും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ മാറ്റം വിപണിയില്‍ ഉണ്ടാകുമ്പോള്‍ പൂര്‍ണമായും ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളാകാന്‍ ഇത് സഹായക്കുമെന്നുമാണ് വോള്‍വോ പ്രതീക്ഷിക്കുന്നത്. 2025 ആകുമ്പോഴേക്കും ആഗോള വില്‍പ്പനയുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ആക്കി മാറ്റണമെന്ന തീരുമാനവും വോള്‍വോ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്.

Source