കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ മോഡല്‍ നിവോസ് ജൂണിലെത്തുമെന്ന് സൂചന. അതേസമയം, ബ്രസീലിലായിരിക്കും ഈ വാഹനം ആദ്യം അവതരിപ്പിക്കുകയെന്നാണ് വിവരങ്ങള്‍. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടു. 

To advertise here,

കൂപ്പെ ഡിസൈനില്‍ ഒരുങ്ങുന്ന കോംപാക്ട് എസ്‌യുവി ആണെന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഫോക്‌സ്‌വാഗണിന്റെ പോപ്പുലര്‍ ഹാച്ച്ബാക്ക് മോഡലായ പൊളോയെ അടിസ്ഥാനമാക്കിയാണ് നിവോസ് ഒരുങ്ങുന്നത്. അതേസമയം, ഗ്ലോബല്‍ ടി-ക്രോസിനെക്കാള്‍ വലിപ്പം കൂടുതലുള്ള മോഡലാണ് നിവോസ് എന്നാണ് വിവരം.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB A0 പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. പുതിയ പോളോയും ഇതേ പ്ലാറ്റ്‌ഫോമിലാണ്. കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ് എന്നിവ വ്യക്തമാക്കുന്നതാണ് നിവോസിന്റെ പുതിയ ചിത്രം. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടിട്ടില്ല. 

4.26 മീറ്ററാണ് നിവോസിന്റെ നീളം. വിദേശനിരത്തുകളിലെത്തിയിട്ടുള്ള ടി-ക്രോസിനെക്കാള്‍ 60 സെന്റീമീറ്റര്‍ അധികമാണ് നിവോസിന്റെ നീളം. എന്നാല്‍ വീല്‍ബേസിന്റെ കാര്യത്തില്‍ ടി-ക്രോസാണ് വമ്പന്‍. 2.65 സെന്റിമീറ്ററാണ് ഇതിന്റെ വീല്‍ബേസ്. അതേസമയം, 2.56 സെന്റീമീറ്റര്‍ മാത്രമാണ് നിവോസിന്റെ വീല്‍ബേസ് എന്നാണ് റിപ്പോര്‍ട്ട്. 

ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിവോസ് യൂറോപ്പിലേക്കുമെത്തും. അതേസമയം ഇന്ത്യയിലേക്ക് നിവോസ് പരിഗണിക്കുന്ന കാര്യത്തില്‍ ഇതുവരെ ഫോക്‌സ്‌വാഗണ്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

Souce: India Car News

Content Highlights: Volkswagen Nivus Compact SUV Is Ready To Launch