ന്ത്യയിലെ പ്രീമിയം എസ്‌യുവി നിരയിലേക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സ്‌കോഡയുടെ കോഡിയാക് എന്ന മോഡല്‍ എത്തിയത്. സ്വഭാവികമായി ഫോക്‌സ്‌വാഗണില്‍ നിന്നും ഈ ശ്രേണിയില്‍ ഒരു വാഹനം ആളുകള്‍ പ്രതീക്ഷിക്കും. പ്രത്യേകിച്ച് ടിഗ്വാന്‍ ഓള്‍സ്‌പേസ് എന്ന മോഡലിന്റെ അഭാവം കൂടി ആകുമ്പോള്‍ ഈ പ്രതീക്ഷയ്ക്ക് ഒന്നുകൂടി ആക്കം കൂടും. ഇത്തരക്കാര്‍ക്ക് മുന്നിലേക്ക് ടെയ്‌റോണ്‍ എന്ന എസ്‌യുവി എത്തിക്കാനുള്ള നീക്കങ്ങളിലാണ് ഫോക്‌സ്‌വാഗണ്‍.

To advertise here,

ടെയ്‌റോണ്‍ എന്ന ഏഴ് സീറ്റ് എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വരവ് സംബന്ധിച്ച അഭ്യൂഹങ്ങളും ഉയരുന്നത്. ടിഗ്വാന്‍ ഓള്‍സ്‌പേസിന് പകരക്കാരനായി ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ടെയ്‌റോണ്‍ എത്തുകയെന്നാണ് വിലയിരുത്തലുകള്‍. പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കുള്ള ഫോക്‌സ്‌വാഗണിന്റെ തിരിച്ചുവരവായിരിക്കും ഈ വാഹനത്തിലൂടെ എന്ന അഭിപ്രായം ഉയരുമ്പോഴും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഫോക്‌സ്‌വാഗണിന്റെ ഫൈവ് സീറ്റര്‍ ടിഗ്വാന്‍, സ്‌കോഡ കോഡിയാക് എന്നീ എസ്‌യുവികള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഫോക്‌സ്‌വാഗണിന്റെ എംക്യുബി ഇവോ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന വാഹനമാണ് ടെയ്‌റോണ്‍. ഫോക്‌സ്‌വാഗണ്‍ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ടിഗ്വാന്‍ ആര്‍-ലൈന്‍ എസ്‌യുവിയുമായി സമാനതകളുള്ള ഡിസൈനിലാണ് ടെയ്‌റോണും ഒരുങ്ങിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ് ചേംമ്പര്‍, ബ്ലാക്ക് ഗ്രില്ല്, മെഷ് പാറ്റേണില്‍ ഒരുങ്ങിയിരിക്കുന്ന വിശാലമായ എയര്‍ഡാം എന്നിവയാണ് മുന്‍ഭാഗത്തെ അലങ്കാരങ്ങള്‍. 

19 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, ഫോക്‌സ്‌വാഗണ്‍ സിഗ്നേച്ചര്‍ ടെയ്ല്‍ലാമ്പ്, ഇല്ലുമിനേറ്റഡ് ലോഗോ, പിന്നിലെ ബമ്പറില്‍ ഹണികോമ്പ് പാറ്റേണില്‍ നല്‍കിയിരിക്കുന്ന ഹൈബര്‍ ക്ലാഡിങ് എന്നിവയും ഫോക്‌സ്‌വാഗണിന്റെ മറ്റ് എസ്‌യുവി മോഡലിനെ അനുസ്മരിപ്പിക്കും. ഷാര്‍ക്ക്ഫിന്‍ ആന്റിന, വിങ് സ്‌പോയിലര്‍, പിന്നിലേക്ക് നീളുന്ന ക്രോമിയം വിന്‍ഡോ ബോര്‍ഡര്‍ എന്നിവയും ഈ വാഹനത്തിന്റെ ഡിസൈനിന് വേറിട്ട ഭാവം പകരുന്നുണ്ട്.

ഇന്റീരിയറിലെ ഫീച്ചറുകള്‍ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ലെങ്കിലും ഫോക്‌സ്‌വാഗണിന്റെ മറ്റ് എസ്‌യുവികള്‍ക്ക് സമാനമായിരിക്കും ടെയ്‌റോണിന്റെയും അകത്തളമമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പത്തില്‍ ഒരുക്കിയിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറില്‍ നല്‍കിയേക്കും. 

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ആര്‍-ലൈന്‍, സ്‌കോഡ കോഡിയാക് എന്നീ മോഡലുകളുമായി മെക്കാനിക്കല്‍ സംവിധാനങ്ങള്‍ പങ്കിടുന്ന വാഹനമായിരിക്കും ടെയ്‌റോണ്‍. 204 എച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയം. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഇതിലെ ട്രാന്‍സ്മിഷന്‍. കേവലം 7.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 229 കിലോമീറ്ററാണ്.