വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ ഇഷ്ട വാഹനമായിരുന്ന ഫെരാരി 328 ജിടിഎസ് ടാർഗയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. വർഷങ്ങൾക്ക് ശേഷം വാഹനം വീണ്ടും മുംബൈ നഗരത്തിൽ പ്രത്യക്ഷപ്പെട്ടതോടെ കാറിന്റെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മുംബൈയിലെ വോർളി സീ ലിങ്ക് റോഡിലൂടെ മല്യയുടെ ഈ ആഡംബര ഐക്കണിക് വാഹനം പോകുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
ബറോഡയിലെ ഗെയ്ക്‌വാദ് രാജവംശത്തിലെ അംഗമായ പ്രതാപ് സിങ് ഗെയ്ക്‌വാദാണ് വിജയ് മല്യയുടെ ഈ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. മല്യയുടെ സ്വത്തുവകകൾ നേരത്തേതന്നെ ലേലത്തിന് വെച്ചിരുന്നു. ഹിന്ദു ആചാരപ്രകാരം ആരതിയുഴിഞ്ഞ് വാഹനം സ്വീകരിക്കുന്ന വീഡിയോ പ്രതാപ് സിങ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫെരാരി 328 ജിടിഎസ് ഇന്ത്യയിലെ ഏറ്റവും അപൂർവമായ ഫെരാരികളിൽ ഒന്നാണ്. അധികമൊന്നും ഈ മോഡൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടില്ല. ഫെരാരി 308-ന് പകരക്കാരനായി 1985-ൽ ആണ് 328 ജിടിഎസ് പുറത്തിറക്കിയത്.
3.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V8 എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 270 ബിഎച്ച്പി പവറും 304 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കും. 267 കിലോമീറ്ററാണ് ഉയർന്ന വേഗത. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടതോ വെറും 6 സെക്കൻഡ് മാത്രം. അന്ന് വിപണിയിലെ ഏറ്റവും ഉയർന്ന പ്രകടനമുള്ള കാറുകളിൽ ഒന്നായിരുന്നു ഇത്.
മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും ക്രിക്കറ്റ് പരിശീലകനുമായ പ്രതാപ് സിംഗ് ഗെയ്ക്‌വാദ് വലിയ വാഹനപ്രേമി കൂടിയാണ്. നിരവധി ആഡംബര, സൂപ്പർകാറുകളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്. ആസ്റ്റൺ മാർട്ടിൻ ഡിബിഎസ്, 991.2 പോർഷെ 911 ജിടി3 ആർഎസ്, 1978 ഡാറ്റ്‌സൺ 280 ഇസെഡ്, ബെന്റ്‌ലി ബ്രൂക്ക്‌ലാൻഡ്‌സ് കൂപ്പെ, പോർഷെ കയെൻ, മെഴ്‌സീഡസ് ബെൻസ് എസ്65 എഎംജി എന്നിങ്ങനെ നീളുന്നു ആ വാഹന ശേഖരം.
Content Highlights: Vijay Mallyas Ferrari Spotted Mumbai After Years
Published: 04 Apr 2025, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented