കോളിവുഡ് സിനിമലോകം ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന നയന്‍താരയ്ക്ക് കോടികള്‍ വിലയുള്ള വാഹനം പിറന്നാള്‍ സമ്മാനമായി നല്‍കി ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവന്‍. മെഴ്‌സിഡീസിന്റെ അത്യാഡംബര വാഹനമായ മെയ്ബയാണ് നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. പിറന്നാള്‍ സമ്മാനം ലഭിച്ചതിന്റെ സന്തോഷം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

മെഴ്‌സിഡീസിന്റെ അത്യാഡംബര മോഡലായ മെയ്ബയുടെ ലോഗോയുടെ ചിത്രവും കുറിപ്പുമാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മെയ്ബയുടെ ഏത് മോഡലാണ് വിഗ്നേഷ് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പുതിയ 'അഴകിനെ' വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഏറെ മാധുര്യമുള്ള പിറന്നാള്‍ സമ്മാനം. പ്രിയതമന് നന്ദി എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. 

മെയ്ബയുടെ മൂന്ന് മോഡലുകളാണ് മെഴ്‌സിഡീസ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന എസ്580 സെഡാന്‍, വിദേശത്ത് നിര്‍മിച്ചെത്തുന്ന എസ് 680 സെഡാന്‍, ജി.എല്‍.എസ് 600 എസ്.യു.വിയുമാണ് ഈ മെയ്ബ മോഡലുകള്‍. 2.69 കോടി രൂപ മുതല്‍ 3.40 കോടി രൂപ വരെയാണ് മെയ്ബ മോഡലിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മെയ്ബ വാഹനമാണെന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏത് മോഡലാണെന്നത് കൃത്യമായി താരദമ്പതികള്‍ വെളിപ്പെടുത്തിയിട്ടില്ല.

ആഡംബര സെഡാന്‍ മോഡലാണ് മെയ്ബ എസ് 580 മോഡല്‍. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഈ മോഡലിലുള്ളത്. ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കിയിട്ടുണ്ട്. 496 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സ്റ്റിയറിങ് അസിസ്റ്റ് ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ എന്നിവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനവും ഇതില്‍ സുരക്ഷ കാര്യക്ഷമമാക്കും.

4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് ജി.എല്‍.എസ്.600-ലുമുള്ളത്. എന്നാല്‍, ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തന്നെയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

മെയ്ബ മോഡലുകളില്‍ കരുത്തുറ്റ വാഹനമാണ് എസ് 680 സെഡാന്‍. 6.0 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് ഇതിലെ എന്‍ജിന്‍. ഇത് 603 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. സ്റ്റിയറിങ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ തുടങ്ങിയവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനമാണ് ഈ വാഹനത്തിലെ സുരക്ഷ സംവിധാനം കാര്യക്ഷമമാക്കുന്നത്.

സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായി മാറാന്‍ മെഴ്‌സിഡീസ് മെയ്ബ മോഡലുകള്‍ക്ക് സാധിച്ചിട്ടുണ്ട്. മലയാളി താരം ദുല്‍ഖര്‍ സല്‍മാന്‍, ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, തപ്‌സി പന്നു, നീതു സിങ്ങ്, തെലുങ്ക് നടന്‍ രാം ചരണ്‍ തുടങ്ങിയ താരങ്ങളാണ് സെലിബ്രിറ്റി ജി.എല്‍.എസ് 600 ഉടമകള്‍. അനില്‍ കപൂര്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങളുടെ ഗ്യാരേജില്‍ എസ് 580 ഉടമകളാണ്. എന്നാല്‍, എസ് 680 മോഡലാണ് കങ്കണയുടെ ഗ്യാരേജിലുള്ള മോഡല്‍.