
അമിതവേഗം, അശ്രദ്ധ തുടങ്ങിയ കാര്യങ്ങളാണ് പല വാഹനാപകടങ്ങള്‍ക്കും പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇവയെ പോലെ തന്നെ ഗുരുതരമായ മറ്റൊന്നാണ് രാത്രി യാത്രയിലെ ഹെഡ്‌ലൈറ്റിന്റെ ഉപയോഗം. രാത്രി യാത്രകളില്‍ പരമാവധി ലോ ബീം ലൈറ്റ് ഉപയോഗിക്കണമെന്നും എതിരേ വാഹനം വരുമ്പോള്‍ നിര്‍ബന്ധമായും ഹെഡ്‌ലൈറ്റ് ഡിം ചെയ്ത് നല്‍കണമെന്നും പോലീസും മോട്ടോര്‍ വാഹനവകുപ്പും നിരന്തരമായി ഉപദേശിക്കാറുണ്ടെങ്കിലും ഇന്നും ഭൂരിഭാഗം ഡ്രൈവര്‍മാരും ഇത് അനുസരിക്കാന്‍ തയാറായിട്ടില്ല.
കേരളത്തില്‍ ഏറ്റവുമധികം അപകടങ്ങള്‍ നടക്കുന്ന വൈകിട്ട് ആറുമണി മുതല്‍ എട്ടുമണി വരെയുള്ള സമയങ്ങളിലാണെന്ന് മുന്‍ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രധാന കാരണമായി ചുണ്ടിക്കാട്ടിയത് കാഴ്ചയിലുണ്ടാകുന്ന വ്യത്യാസമാണ്. നമുക്ക് എല്ലാം കാണാനായി ഹെഡ്‌ലൈറ്റ് ഹൈ ബീം ഇടുമ്പോള്‍ എതിരേ വരുന്നയാളുടെ കാഴ്ചയെ ഒരുപരിധി വരെ മറയ്ക്കുന്നുണ്ട്. ഏതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവറിന്റെ കാഴ്ച മങ്ങുന്നതും നമ്മളേയും നിരത്തിലെ മറ്റ് വാഹനങ്ങളേയും അപകടത്തിലാക്കുന്ന ഒന്നാണ്.
രാത്രി യാത്രകള്‍ സുരക്ഷിതമാക്കുന്നതിനുള്ള നിര്‍ദേശം വീണ്ടും പുറത്തിറക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഹെഡ്‌ലൈറ്റിന്റെ ഉപയോഗം തന്നെയാണ് ഇത്തവണയും ചൂണ്ടിക്കാട്ടുന്നത്. രാത്രികാല ഡ്രൈവിങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എതിരേ വരുന്ന വാഹനങ്ങള്‍ക്കും തൊട്ടു മുന്നില്‍ പോകുന്ന വാഹനങ്ങള്‍ക്കും ലൈറ്റ് ഡിം ചെയ്ത് കൊടുക്കുക എന്നുള്ളത്. പരസ്പര ബഹുമാനം ഏറെ ആവശ്യമുള്ള പൊതുനിരത്തില്‍ നമ്മുടെ വാഹനത്തിന്റെ ലൈറ്റ് മറ്റൊരു കുടുംബത്തിന്റെ പ്രകാശം കെടുത്തരുതെന്നാണ് എം.വി.ഡി. നല്‍കുന്ന സന്ദേശം.
ഗുരുതരമായ റോഡപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത് രാത്രിയിലാണ്. ഡ്രൈവര്‍ക്ക് ആപത്തിന്റെ (Hazards) സാന്നിദ്ധ്യം പകല്‍വെളിച്ചത്തില്‍ കാണുന്നതു പോലെ വ്യക്തമായി രാത്രിയില്‍ കാണാന്‍ കഴിയില്ല എന്നതാണ് ഇതിനു കാരണം. എതിരേ വരുന്ന വാഹനത്തിന്റെ അകലവും വേഗതയും കൃത്യമായി കണക്കാക്കാന്‍ രാത്രിയില്‍ മസ്തിഷ്‌കത്തിന് സാധിക്കില്ല. മാത്രമല്ല, കാഴ്ച ക്രമീകരിക്കുന്നതിന് കണ്ണുകള്‍ക്ക് അധികസമയം വേണ്ടി വരികയും ചെയ്യും.
പകല്‍സമയത്ത് വളരെ ദൂരെയുള്ള കാര്യങ്ങള്‍ വരെ ഡ്രൈവര്‍ക്ക് നന്നായി കാണുവാന്‍ സാധിക്കും. എന്നാല്‍ രാത്രിയില്‍ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ അത്രയും ദൂരം കാണാന്‍ കഴിയില്ല. ചിലപ്പോള്‍ കടകളിലെയും മറ്റും ലൈറ്റുകള്‍, ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തില്‍ എത്ര ദൂരം റോഡ് വ്യക്തമായി കാണാന്‍ കഴിയുമോ, ആ ദൂരത്തിനുള്ളില്‍ നിര്‍ത്തുവാന്‍ കഴിയുന്ന വേഗതയിലെ വാഹനം ഓടിക്കാവൂ.
മറ്റു ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഹെഡ്ലൈറ്റ് നേരത്തേതന്നെ ഡിം ചെയ്യുക. എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റില്‍ നോക്കരുത്. (ഹെഡ്ലൈറ്റിലേക്ക് നോക്കിയാല്‍ പ്രകാശത്തിന്റെ തീവ്രതമൂലം കുറച്ചു സമയത്തേക്ക് ഡ്രൈവര്‍ അന്ധനായതുപോലെയാകും (Temporary glare blindness). രണ്ട് സെക്കന്‍ഡ് സമയത്തെ അന്ധത പോലും അപകടകരമാണ്. 80 കി.മീ. വേഗതയില്‍ പോകുന്ന ഒരു വാഹനം ഈ സമയം കൊണ്ട് 45 മീറ്റര്‍ മുന്നോട്ടു പോയിരിക്കും.
Content Highlights: Use low beam headlight in night drives, Headlight low beam, Headlight High beam
Published: 29 Sept 2023, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented