
മലിനീകരണ മുക്തമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇക്കാര്യത്തില്‍ മാതൃകയാകുന്നതിനായി തന്റെ യാത്രകള്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനത്തിലേക്ക് മാറ്റിയ വ്യക്തിയാണ് ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ള മന്ത്രി ഹോണ്ട അടുത്തിടെ പുറത്തിറക്കിയ സിറ്റി ഹൈബ്രിഡ് കാറിനെ അടുത്തറിയുന്നതിനായി ഹോണ്ട സന്ദര്‍ശിച്ചു.
ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഹോണ്ട സിറ്റി ഹൈബ്രിഡ് കാണുന്നതിനായി എത്തിയ കാര്യം വെളിപ്പെടുത്തിയത്. തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഹോണ്ടയുടെ ജീവനക്കാരോട് സംവദിക്കാനും സിറ്റി ഹൈബ്രിഡിനെ അടുത്തറിയാനും മന്ത്രി നിതിന്‍ ഗഡ്കരി എത്തിയത് ഹോണ്ട കാര്‍സ് ഇന്ത്യ അഭിമാന നിമിഷമായി കാണുന്നുവെന്നാണ് കമ്പനി ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചത്.
ഈ മാസം ആദ്യമാണ് ഹോണ്ടയുടെ സെഡാന്‍ മോഡലായ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.ന്യൂ സിറ്റി ഇ.എച്ച്.ഇ.വി എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 19.49 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. സിറ്റി ഉള്‍പ്പെടുന്ന ശ്രേണിയില്‍ സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് ടെക്നോളജിയുമായി എത്തുന്ന ആദ്യ വാഹനമാണിതെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. 26.5 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന്റെ മുഖമുദ്ര.
ഇ.വി. ഡ്രൈവ് മോഡ്, ഹൈബ്രിഡ് ഡ്രൈവ് മോഡ്, എന്‍ജിന്‍ ഡ്രൈവ് മോഡ് തുടങ്ങി മള്‍ട്ടി ഡ്രൈവ് മോഡുകളുമായി എത്തിയിട്ടുള്ളതും സിറ്റി ഹൈബ്രിഡിന്റെ പ്രത്യേകതകളിലൊന്നാണ്. ഇന്ധനക്ഷമതയ്ക്കൊപ്പം മികച്ച സുരക്ഷയും ഈ വാഹനത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. ആസിയാന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങിന് തുല്യമായ അംഗീകാരം സ്വന്തമാക്കിയാണ് ഹോണ്ട, സിറ്റി ഹൈബ്രിഡിന്റെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്. ഇതിനായി ഹൈ പെര്‍ഫോമെന്‍സ് മുന്‍ ക്യാമറയും വൈഡ് ആംഗിള്‍ ഫാര്‍ റീച്ചിങ്ങ് ഡിറ്റക്ഷന്‍ സംവിധാനവുമുള്ള അഡ്വാന്‍സ്ഡ് ഇന്റലിജെന്റ് സേഫ്റ്റി സംവിധാനമായ ഹോണ്ട സെന്‍സിങ്ങും സിറ്റി ഹൈബ്രിഡില്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്ങ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റോഡ് ഡിപ്പാച്ചര്‍ മിറ്റിഗേഷന്‍, ലെയ്ന്‍ കീപ്പിങ്ങ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
സിറ്റി ഇ.എച്ച്.ഇ.വിയില്‍ നല്‍കിയിട്ടുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്കൊപ്പം 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ DOHC i-VTEC പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 126 പി.എസ്. പവറും 253 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് ഡ്രൈവിങ്ങ് മോഡുകളിലേക്കും ഓട്ടോമാറ്റിക്കായി മാറുമെന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. സാധാരണ ഇലക്ട്രിക് കാറുകളില്‍ നല്‍കിയിട്ടുള്ള റീ ജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റവും ഇതിലുണ്ട്.
Content Highlights: union minister nitin gadkari visits new honda city hybrid car, honda city e:HEV, nitin gadkari
Published: 12 May 2022, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented