
ടൊയോട്ടയും മാരുതി സുസുക്കിയും കൊണ്ടും കൊടുത്തും മുന്നേറുകയാണ്. ഏറ്റവുമൊടുവില്‍ ടൊയോട്ട കുടുംബത്തില്‍ പിറന്ന ഹൈക്രോസിനെ മാരുതി സുസുക്കി ഏറ്റെടുത്ത് ഇന്‍വിക്ടോ ആക്കിയത് പോലെ മാരുതിയുടെ എം.പി.വി. മോഡലായ എര്‍ട്ടിഗയെ ടൊയോട്ടയും ഏറ്റെടുത്തിരിക്കുകയാണ്. ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ചെത്തിയ ഈ വാഹനത്തിന്റെ പേര് റൂമിയോണ്‍ എന്നാണ്. വാഹനം വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില അറിയാല്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടിവരും.
എര്‍ട്ടിഗയെ റൂമിയോണ്‍ ആക്കി എത്തിച്ചതിലൂടെ എന്‍ട്രി ലെവല്‍ എം.പി.വി. ശ്രേണിയിലേക്കുള്ള ചുവടുവയ്പ്പാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ മറ്റ് ഏത് വാഹന നിര്‍മാതാക്കളെക്കാള്‍ അധികം എം.പി.വി. ശ്രേണിയില്‍ കരുത്താന് സാന്നിധ്യമാണ് ടൊയോട്ട. ക്രിസ്റ്റ, ഹൈക്രോസ്, വെല്‍ഫയര്‍ എന്നീ മൂന്ന് എം.പി.വികള്‍ക്ക് പിന്നാലെയാണ് ഇതേ ശ്രേണിയില്‍ റൂമിയോണും എത്തുന്നത്. വിശാലമായ സ്പേസ്, ആകര്‍ഷകമായ ഇന്ധനക്ഷമത, മികച്ച ഫീച്ചറുകള്‍ എന്നിവയാണ് ഈ വാഹനത്തില്‍ ടൊയോട്ട ഉറപ്പുനല്‍കുന്നത്.
എര്‍ട്ടിഗയുടെ റീബാഡ്ജിങ്ങാണെന്ന് വിശേഷിപ്പിക്കുമ്പോഴും ലുക്കില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് റൂമിയോണ്‍ എത്തിയിരിക്കുന്നത്. ആദ്യകാഴ്ചയില്‍ ചെറിയ ക്രിസ്റ്റയായി തോന്നുന്ന വാഹനമാണിത്. ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ള ഗ്രില്ലാണ് ഈ വാഹനത്തിലും. ക്രോമിയം ബോര്‍ഡറുകള്‍ ഗ്രില്ല്, എയര്‍ഡാം എന്നിവയ്ക്ക് ചുറ്റിലും നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ബീം പ്രൊജക്ഷന് ഹെഡ്ലാമ്പാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. അലോയി വീലിലും ക്രിസ്റ്റ ടച്ച് ദൃശ്യമാണ്. പിന്‍ഭാഗമാണ് എര്‍ട്ടിഗയുമായി അല്‍പ്പമെങ്കിലും സാമ്യമുള്ളത്.
ഇന്റീരിയര്‍ എര്‍ട്ടിഗയും റൂമിയോണും ഏകദേശം സമമാണ്. ബേജ് നിറത്തിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിട്ടുള്ളതെങ്കിലും അലങ്കാരത്തിനായി നല്‍കിയിട്ടുള്ള വുഡന്‍ പാനലിങ്ങ് റൂമിയോണിന്റെ അകത്തളത്തിലുണ്ട്. ടൊയോട്ട ഐ-കണക്ട്, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി എന്നിവ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള 17.78 സെന്റി മീറ്റര്‍ സ്മാര്‍ട്ട് പ്ലേകാസ്റ്റ് സിസ്റ്റം, അനലോഗ് മീറ്ററുകളും ഡിജിറ്റല്‍ സ്ക്രീനും നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതിലുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോളും അകത്തളത്തിലുണ്ട്.
മുന്‍നിരയില്‍ ക്യാപ്റ്റന്‍ സീറ്റും പിന്നിലെ രണ്ട് നിരകളിലായി ബെഞ്ച് സീറ്റുകളുമാണ് നല്‍കിയിട്ടുള്ളത്. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. നാല് എയര്‍ബാഗ്, ഹിന് ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി. ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവയാണ് സുരക്ഷ ഉറപ്പാക്കുന്നത്. 4420 എം.എം. നീളം, 1735 എം.എം. വീതി, 1690 എം.എം. ഉയരം 2740 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ വലിപ്പം. അഞ്ച് നിറങ്ങളില്‍ റൂമിയോണ്‍ വിപണിയില്‍ എത്തുന്നുണ്ട്.
മാനുവല്‍ ട്രാന്സ്മിഷനില് മൂന്നും ഓട്ടോമാറ്റികില്‍ രണ്ടും വേരിയന്റുകളാണ് എത്തുന്നത്. ഇവയ്ക്ക് പുറമെ, ഒരു സി.എന്‍.ജി. പതിപ്പും എത്തുന്നുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് 103 ബി.എച്ച്.പി. പവറും 136 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.എന്‍.ജി. പതിപ്പ് 88 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോ മാറ്റിക്കുമാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. പെട്രോള്‍ മാനുവല്‍ മോഡലിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്ററും സി.എന്‍.ജിക്ക് 26.11 കിലോമീറ്ററുമാണ് ടൊയോട്ട ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത.
Content Highlights: Toyota Kirloskar Motor Launches the All New Toyota Rumion, Maruti suzuki Ertiga
Published: 10 Aug 2023, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented