ഫോര്‍ച്യൂണര്‍ പോലൊരു എസ്.യു.വി സ്വന്തമാക്കാൻ കൊതിക്കാത്ത വാഹന പ്രേമികൾ ഉണ്ടായിരിക്കില്ല. റോഡ് പ്രസൻസും മസ്കുലാർ ലുക്കിനുമൊപ്പം കരുത്തുമാണ് ഈ ജാപ്പനീസ് എസ്.യു.വിയെ ഇന്ത്യക്കാർക്ക് ജനപ്രിയമാക്കിയത്. ഫോര്‍ച്യൂണറിന്റെ കഴിഞ്ഞ മുഖംമിനുക്കലില്‍ എത്തിയ ലെജന്‍ഡര്‍ പതിപ്പിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡർ 4x4 മാനുവൽ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. 4X4 വേരിയന്റിലേക്ക് ഒരു മാനുവൽ ​ഗിയർബോക്സ് നൽകിയെന്നല്ലാതെ മറ്റു മാറ്റങ്ങളോ കൂട്ടിച്ചേർക്കലോ ഉണ്ടായിട്ടില്ല. 

To advertise here,

സവിശേഷതകൾ

പ്ലാറ്റിനം വൈറ്റ് പേൾ ബോഡിയും ബാക്ക് റൂഫുമുള്ള ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീം ആണുള്ളത്. 18 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകള്‍, ബ്ലാക്ക്-മെറൂൺ കളർ‌ കോമ്പിനേഷനിലുള്ള ഇന്റീരിയർ,  ആംബിയന്റ് ലൈറ്റിങ്ങ്, വെന്റിലേറ്റഡ് സീറ്റുകൾ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ജെബിഎല്ലിന്റെ 11 സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി കൺട്രോൾ ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നിങ്ങനെ നീളുന്നു സവിശേഷതകൾ. ഏഴ് എയർബാ​ഗുകൾ, എ.ബി.ഡി, എ.ബി.എസ്, ഇ.എസ്.പി, ഹിൽ ഹോൾഡ് ആൻഡ് ഹിൽ ഡിസന്റ് കൺട്രോൾ എന്നിവ സുരക്ഷ കൈകാര്യം ചെയ്യുന്നു. 

placeholder
മെക്കാനിക്കലായി യാതൊരു മാറ്റവുമില്ല. മറ്റ് വേരിയന്റുകള്‍ക്ക് കരുത്തേകുന്ന 2.8 ലിറ്റര്‍ 4സിലിണ്ടർ സിം​ഗിൾ ടർബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലും പ്രവര്‍ത്തിക്കുന്നത്. ഇത് 204 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കും. എന്നാൽ മാനുവൽ മോഡലായതിനാൽ 420 എൻ.എം ആയി ടോർക്ക് കുറഞ്ഞിട്ടുണ്ട്. ഓട്ടോമാറ്റിക് ​ഗിയർബോക്സ് വേരിയന്റുകൾക്ക് 500 എന്‍.എം ആണ് ടോര്‍ക്ക്.

വില

മാനുവൽ വേരിയന്റ് എത്തിയതോടെ വാഹനം സ്വന്തമാക്കുന്നതിന് ചെലവ് കുറയും. 46.36 ലക്ഷം രൂപയാണ് ലെജന്‍ഡര്‍ 4x4 മാനുവൽ മോഡലിന്റെ എക്സ് ഷോറൂം വില. ഇത് ലെജന്‍ഡര്‍ 4x4 ഓട്ടോമാറ്റിക്കിന്റെ എക്സ്ഷോറൂം വിലയേക്കാൾ 1.73 ലക്ഷം രൂപ കുറവാണ്.  4X2 ഓട്ടോമാറ്റിക്കിന് 44.11ലക്ഷം(എക്സ്ഷോറൂം), 4X4 ഓട്ടോമാറ്റിക്കിന് 48.09 ലക്ഷം (എക്സ്ഷോറൂം) എന്നിങ്ങനെയാണ് വില.

4X2 മാനുവൽ ട്രാൻസ്മിഷൻ മോഡലാണ് ലെജന്‍ഡറിൽ ഇല്ലാത്തത്. ഇതുകൂടി എത്തിയാൽ ഏറ്റവും താങ്ങാനാകുന്ന വേരിയന്റായി ഇത് മാറും. ജീപ്പ് മെറിഡിയൻ, എം.ജി. ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടുഗുവാൻ, നിസാൻ എക്സ്-ട്രെയിൽ തുടങ്ങിയവയാണ് ഫോർച്യൂണറിന്റെ പ്രധാന എതിരാളികൾ.