ടോയോട്ടയില്‍നിന്ന് നിരത്തുകളില്‍ എത്താനൊരുങ്ങുന്ന അര്‍ബന്‍ ക്രൂയിസര്‍ ബുക്ക് ചെയ്തവര്‍ക്കായി റെസ്‌പെക്ട് പാക്കേജ് പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. വാഹനം കാണുന്നതിനും ഓടിച്ച് നോക്കുന്നതിനും മുമ്പ് വാഹനം ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ കാണിച്ച വിശ്വാസത്തെ ആദരിക്കുന്നതിനായാണ് ടൊയോട്ട റെസ്‌പെക്ട് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ കസ്റ്റമര്‍ ഫസ്റ്റ് പോളിസിയുടെ ഭാഗമായാണ് ഈ പാക്കേജ് ഒരുങ്ങുന്നത്. 

To advertise here,

അര്‍ബന്‍ ക്രൂയിസര്‍ അവതരിപ്പിക്കുന്നതിന് മുമ്പ് വില പോലും അറിയാതെ 11,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്തവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പണം നല്‍കാതെയുള്ള പീരിയോഡിക് മെയിന്റനന്‍സാണ് ടൊയോട്ടയുടെ സമ്മാനം. വര്‍ഷങ്ങളായി ടൊയോട്ടയുടെ വാഹനങ്ങള്‍ ജനങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ തെളിവാണ് അര്‍ബന്‍ ക്രൂയിസറിന് ലഭിക്കുന്ന ബുക്കിങ്ങ് എന്നാണ് ടൊയോട്ടയുടെ വിലയിരുത്തല്‍.

അര്‍ബന്‍ ക്രൂയിസര്‍ എന്ന ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്.യു.വിയെ ജനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ തെളിവായാണ് ബുക്കിങ്ങ് ഉയരുന്നത്. അവതരിപ്പിക്കുന്ന ദിവസം മുതല്‍ വാഹനം ഉപയോക്താക്കളിലെത്തിക്കാനാണ് ടൊയോട്ട ശ്രമിക്കുന്നത്. അര്‍ബന്‍ ക്രൂയിസറിലൂടെ ലോകത്തര നിലവാരത്തിലുള്ള ഡിസൈനും സര്‍വീസുമാണ് ടൊയോട്ട ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതെന്ന് ടൊയോട്ട സെയില്‍സ് ആന്‍ഡ് സര്‍വീസ് വിഭാഗം മേധാവി നവീന്‍ സോണി പറഞ്ഞു. 

മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാഹനമാണ് അര്‍ബന്‍ ക്രൂയിസര്‍. ബ്രെസയുടെ റീബാഡിജിങ്ങ് പതിപ്പാണിത്. ഫോര്‍ച്യൂണറില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഗ്രില്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റ്, ക്രോമിയം റിങ്ങില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ്, ഗ്ലോസി ബ്ലാക്ക് റിയര്‍വ്യു മിറര്‍, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ എന്നിവ അര്‍ബന്‍ ക്രൂയിസറിന്റെ ഡിസൈന്‍ ഹൈലൈറ്റ്. അതേസമയം, അകത്തളത്തില്‍ ബ്രെസയില്‍നിന്ന് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 

ബ്രെസയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് അര്‍ബണ്‍ ക്രൂയിസറിന്റെയും ഹൃദയം. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ട്രാന്‍മിഷനുകളും ഇതിലും നല്‍കും. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി അര്‍ബന്‍ ക്രൂയിസറില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Toyota Announces Respect Package For Pre-Booked Urban Cruiser Customers