പ്രകൃതി സൗഹാർദ വാഹനങ്ങൾക്കാണ് ടാറ്റ മോട്ടോഴ്സ് കൂടുതൽ പ്രധാന്യം നൽകുന്നത്. വിപണിയില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളും മികച്ച സംവിധാനങ്ങളോടെയുള്ള സി.എന്‍.ജി. വാഹനങ്ങളും ഇതിന്റെ ഉദാഹരണമാണ്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ സി.എന്‍.ജി. വാഹനങ്ങള്‍ നിരവധി എത്തിയിട്ടുണ്ടെങ്കിലും ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയിലെ മുന്‍നിര മോഡലായ ടാറ്റ മോട്ടോഴ്‌സ്.

To advertise here,

ടാറ്റയുടെ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സി.എന്‍.ജി. പതിപ്പിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ സി.എന്‍.ജി. വാഹനമാണിതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. വിപണിയില്‍ എത്താനൊരുങ്ങുന്ന ഈ വാഹനങ്ങളുടെ ബുക്കിങ്ങ് ഇതിനോടകം ടാറ്റയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ആരംഭിച്ചു. 21,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. 

XTA CNG, XZA+CNG, XZA NRG എന്നീ മൂന്ന് വേരിയന്റുകളിലാണ് ടിയാഗോ സി.എന്‍.ജി. എത്തുന്നത്. XZA CNG, XZA+CNG എന്നീ രണ്ട് വേരിയന്റുകളിലും ടിഗോര്‍ സി.എന്‍.ജിയുമെത്തും. ഇരു മോഡലുകളിലുടെയും മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് സമാനമായി 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇതിനൊപ്പം ഫാക്ടറി ഫിറ്റഡായിട്ടുള്ള ഇരട്ട സി.എന്‍.ജി. സിലണ്ടറുകളും നല്‍കിയിട്ടുണ്ട്. 

ഈ മോഡലുകളുടെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളില്‍ 85 ബി.എച്ച്. പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, സി.എന്‍.ജി. മോഡല്‍ 73 ബി.എച്ച്.പി. പവറും 95 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് (എ.എം.ടി) ഈ മോഡലുകളില്‍ നല്‍കുന്നത്. ടൊര്‍ണാഡോ ബ്ലൂ, ഗ്രാസ്‌ലാന്‍ഡ് ബേജ് എന്നീ രണ്ട് നിറങ്ങളിലും ടിഗോര്‍ എത്തുന്നുണ്ട്. മീറ്റിയോര്‍ ബ്രോണ്‍സ് എന്ന പുത്തന്‍ നിറത്തില്‍ ടിഗോറുമെത്തും.