ജപ്പാനിൽ ഈയിടെയാണ് ഇന്ത്യൻ നിർമിത ജിംനിയുടെ 5 ഡോർ പതിപ്പ് സുസുക്കി അവതരിപ്പിച്ചത്. ഇന്ത്യയിലെ 5ഡോർ പതിപ്പ് ജിംനിയെ ജിംനി നൊമാഡ് എന്ന പേരിൽ ജനുവരി 30-നാണ് ജപ്പാനിൽ പുറത്തിറക്കിയത്. സുസുക്കിയെ പോലും ഞെട്ടിക്കുന്ന സ്വീകാര്യതയാണ് വാഹനത്തിന് ഇപ്പോൾ ലഭിക്കുന്നത്. ലോഞ്ച് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 50000 ബുക്കിങാണ് ജിംനി സ്വന്തമാക്കിയത്.

To advertise here,

 ഈ രീതിയിൽ ബുക്കിങ് തുടർന്നാൽ ഉപഭോക്താക്കൾക്ക് വാഹനം വിതരണം ചെയ്യുന്നതിൽ വലിയ കാലതാമസം നേരിടേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ സുസുക്കി, ജിംനിയുടെ ബുക്കിങ് താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബുക്കിങ്  എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടാതെ വാഹനത്തിന്റെ പ്രമോഷൻ പരിപാടികളും സുസുക്കി നിർത്തിവെച്ചിട്ടുണ്ട്. ഏപ്രിൽ മൂന്ന് മുതൽ വാഹനം വിതരണം ചെയ്യാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

placeholder

ജപ്പാനിൽ മുൻപ് തന്നെ ജിംനിയുടെ 3ഡോർ പതിപ്പ് ഉണ്ടെങ്കിലും 5ഡോർ പതിപ്പിന്റെ അധിക സൗകര്യമാണ് സ്വീകാര്യത വർധിപ്പിച്ചത്. ചെറിയ എസ്.യു.വികളോടുള്ള ഇഷ്ടവും താങ്ങാവുന്ന വിലയുമാണ് ജപ്പാൻകാർക്ക് ജിംനിയെ പെട്ടെന്ന്  പ്രിയങ്കരമാക്കിയത്. ഫ്രോങ്സിനു ശേഷം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ എസ്.യു.വിയാണിത്. 

അതേസമയം, ഇന്ത്യൻ വിപണിയിൽ ഞെട്ടിക്കുന്ന വിൽപനയൊന്നും ജിംനിക്ക് ഇതുവരെ നേടാനായിട്ടില്ല. എന്നാൽ ഇന്ത്യയിൽനിന്നും കയറ്റുമതി ചെയ്യുന്ന സുസുക്കി മോഡലുകളിൽ രണ്ടാമതാണ് ഇവന്റെ സ്ഥാനം. ഹരിയാണയിലെ ​ഗുരു​ഗ്രാം പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്. ആ​ഗോള ഓഫ് റോഡർ എന്ന വിശേഷണവുമായി 100-ൽ അധികം രാജ്യങ്ങളിലെ നിരത്തുകളിൽ ജിംനിയുടെ 3ഡോർ, 5ഡോർ പതിപ്പുകളുണ്ട്. 

5 ഡോർ മാനുവൽ വേരിയന്റിന് ജപ്പാനിൽ 2,750,000 യെൻ ( 15.43 ലക്ഷം രൂപ) ആണ് പ്രാരംഭവില. ഓട്ടോമാറ്റിക് മോഡലിന് 2,750,000 യെൻ (15.43  ലക്ഷം രൂപ) ആണ്. 12.74 ലക്ഷം മുതൽ 14.79 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മഹീന്ദ്ര ഥാർ റോക്സ്, ഫോഴ്സ് ​ഗൂർക്ക 5ഡോർ എന്നിവയാണ് പ്രധാന എതിരാളികൾ. 

placeholder
കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയിൽ ജിമ്നിയുടെ ഹൃദയം. 103 എച്ച്.പി പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 5സ്പീഡ് മാനുവല്‍, 4സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ്  ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഓള്‍ഗ്രിപ്പ് പ്രോ എന്ന ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിമ്നിക്കുള്ളത്.