ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ പെര്‍ഫോമെന്‍സ് സെഡാന്‍ വാഹനമായ ഒക്ടാവിയ ആര്‍എസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയ ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ബുക്കിങ്ങ് ആരംഭിച്ചതിന് പിന്നാലെ തന്നെ വിറ്റുതീരുകയും ചെയ്തിരുന്നു. വിപണിയില്‍ ഒക്ടാവിയ ആര്‍എസിന് ലഭിച്ച സ്വീകാര്യത ഉയര്‍ന്ന ആത്മവിശ്വാസമാണ് സ്‌കോഡയ്ക്ക് നല്‍കിയിരിക്കുന്നത്.

To advertise here,

ഈ പെര്‍ഫോമെന്‍സ് വാഹനത്തിന്റെ രണ്ടാം ബാച്ച് 2026-ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചതായാണ് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ബാച്ചില്‍ ഒക്ടാവിയ ആര്‍എസിന്റെ 100 യൂണിറ്റാണ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, ഏകദേശം 350-ഓളം ബുക്കിങ് ആണ് ഈ വാഹനത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഇത് പരിഗണിച്ചാണ് രണ്ടാമത്തെ ബാച്ചിനായുള്ള ശ്രമം സ്‌കോഡ ആരംഭിച്ചിരിക്കുന്നത്. 2.50 ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഒക്ടാവിയയുടെ ബുക്കിങ് സ്വീകരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 17-നാണ് ഒക്ടാവിയ ആര്‍എസിന്റെ വില പ്രഖ്യാപിച്ചത്. 49.99 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. സ്‌കോഡയുടെ കരുത്തുറ്റ EA888 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒക്ടാവിയ ആര്‍എസില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്ന ഈ വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 6.4 സെക്കന്റ് സമയം മതിയാകും.

കെട്ടിലും മട്ടിലും അടിമുടി പെര്‍ഫോമെന്‍സ് കാറിന്റെ ഭാവത്തിലാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് ഒരുങ്ങിയിരിക്കുന്നത്. സ്പോര്‍ട്ടിയായ ഡിസൈനിലുള്ള ബമ്പറുകള്‍, ആര്‍എസ് ബാഡ്ജിങ് പതിപ്പിച്ചിട്ടുള്ള ബട്ടര്‍ഫ്ളൈ ഗ്രില്ല്, 19 ഇഞ്ച് വലിപ്പമുള്ള എയറോ-ഒപ്റ്റിമൈസ്ഡ് അലോയി വീലുകള്‍, ലിപ് സ്പോയിലര്‍, മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലാമ്പ്, ആംഗുലര്‍ ഡേ ടൈം റണ്ണിങ് ലൈറ്റ്, ബൂട്ട് ലിപ് സ്‌പോയിലര്‍ എന്നിങ്ങനെയാണ് ഈ വാഹനത്തിലെ ഡിസൈന്‍ സവിശേഷതകള്‍.

സ്പോര്‍ട്സ് സീറ്റുകള്‍, ഇന്റീരിയര്‍ ആംബിയന്റ് ലൈറ്റിങ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 13 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 11-സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 360-ഡിഗ്രി ക്യാമറ, 3-സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ്-ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവേര്‍ഡ് ടെയില്‍ഗേറ്റ്, 10 എയര്‍ബാഗുകള്‍, അഡാസ് സ്യൂട്ട് എന്നിങ്ങനെയാണ് ഒക്ടാവിയ ആര്‍എസിലെ മറ്റ് ഫീച്ചറുകള്‍.

അഞ്ച് നിറങ്ങളിലാണ് ഒക്ടാവിയ ആര്‍എസ് നിരത്തുകളില്‍ വിപണിയില്‍ എത്തുന്നത്. കാന്‍ഡി വൈറ്റ്, മാജിക് ബ്ലാക്ക്, മാംബ ഗ്രീന്‍, റേസ് ബ്ലൂ, വെല്‍വെറ്റ് റെഡ് എന്നിവയാണവ. റേസിങ് വാഹനങ്ങളുടെ പൊതുസ്വഭാവമായ സ്പോര്‍ട്സ് എക്സ്ഹോസ്റ്റ് സിസ്റ്റമാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഏറ്റവും മികച്ച ഹാന്‍ഡിലിങ് ഉറപ്പാക്കുന്നതിനായി സസ്പെന്‍ഷന്‍ ഡാംപിങ്, സ്റ്റിയറിങ് സിസ്റ്റം, ട്രാന്‍സ്മിഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Source