2025-ന്റെ അവസാനത്തോടെയാണ് ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ അവരുടെ പെർഫോമെൻസ് സെഡാൻ മോഡലായ ഒക്ടാവിയ ആർഎസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബുക്കിങ് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ വാഹനങ്ങൾ വിറ്റുതീർന്നത് നിർമാതാക്കളുടെ ആത്മവിശ്വാസം പതിന്മടങ്ങാണ് വർധിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് പെർഫോമെൻസ് വാഹനങ്ങളുടെ നിര കുറച്ച് കൂടി വലുതാക്കാൻ സ്‌കോഡ തീരുമാനിച്ചിരിക്കുന്നത്.

To advertise here,

ആദ്യമെത്തിയത് സെഡാൻ ശ്രേണിയിലെ പെർഫോമെൻസ് വാഹനമായിരുന്നെങ്കിൽ ഇനിയെത്തുന്ന പെർഫോമെൻസ് എസ്‌യുവിയാണ്. സ്‌കോഡയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ കോഡിയാക്കിന്റെ ആർഎസ് മോഡലാണ് ഇനിയെത്തുന്നത്. ജൂൺ മാസത്തോടെ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കോഡിയാക് ആർഎസിന്റെ ആദ്യ പ്രദർശനം നടന്നു. കൊച്ചിയിൽ നടന്ന സ്‌കോഡ എക്‌സ്പീരിയൻസ് 2026-ലാണ് കോഡിയാക് ആർഎസ് പ്രദർശിപ്പിച്ചത്.

രൂപം കൊണ്ട് എസ്‌യുവി ആണെങ്കിലും ഒക്ടാവിയ ആർഎസിൽ കരുത്തേകിയിരുന്ന എൻജിൻ തന്നെയായിരിക്കും കോഡിയാക് ആർഎസിലും നൽകുക. 265 എച്ച്പി പവറും 400 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ ടിഎസ്‌ഐ എൻജിനാണ് കോഡിയാക് ആർഎസിന്റെ ഹൃദയം. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് സംവിധാനമായിരിക്കും ഇതിലെ ട്രാൻസ്മിഷൻ. 6.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 231 കിലോമീറ്ററാണ്.

റെഗുലർ കോഡിയാക്കിൽ നിന്ന് ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയാണ് ആർഎസ് പതിപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്‌പോർട്ടി ഭാവം നൽകുന്നതിനായി ബമ്പറിന്റെ രൂപത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രില്ലിന് കറുപ്പ് നിറം നൽകിയതിനൊപ്പം വീതിയുള്ള എയർ ഡാമുകളും ഒരുക്കുന്നുണ്ട്. 20 ഇഞ്ച് അലോയി വീലുകളും ചുവപ്പണിഞ്ഞ ബ്രേക്ക് കാലിപ്പറുകളുമാണ് വശങ്ങളിലെ ആകർഷണം. എന്നാൽ, വിആർഎസ് ബാഡ്ജിങ് ഒഴിച്ചുനിർത്തിയാൽ പിൻഭാഗം റെഗുലർ കോഡിയാക്കിന് സമാനമാണ്.

കറുപ്പ്-ചുവപ്പ് എന്നീ നിറങ്ങൾ സംയോജിപ്പിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് നിറത്തിനൊപ്പം റെഡ് ഇൻസേർട്ടുകളും സ്റ്റിച്ചിങ്ങുകളും ലൈറ്റുമെല്ലാമാണ് ഇതിലുള്ളത്. കട്ടിയിലുള്ള ബോൾസ്‌റ്റേഴ്‌സിനൊപ്പം ആർഎസ് ബാഡ്ജിങ്ങും പതിപ്പിച്ചാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ എന്നിവയാണ് അകത്തളത്തിലെ പ്രധാനപ്പെട്ട ഫീച്ചറുകൾ.