ലംബോര്‍ഗിനി മെര്‍കാറ്റോ, മക് ലാറന്‍, മസറാട്ടി, സിട്രോയന്‍, ആല്‍ഫ റോമിയോ... തുടങ്ങി ഇരുനൂറോളം ഇന്ത്യന്‍, വിദേശനിര്‍മിത കാറുകളുടെ പേരുകള്‍ പറയാന്‍ ആറുവയസ്സുകാരന്‍ മുഹമ്മദ് സയാന് മൂന്നോ നാലോ മിനിറ്റ് മതി. കാറുകള്‍ മുഴുവനായി കാണണമെന്നില്ല, ഏതെങ്കിലും ഭാഗം കണ്ടാലും മതി പേര് പറയും. 

ദുബായിലെ നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ പേരുകള്‍ ഈ ഒന്നാം ക്ലാസുകാരന്‍ ഹൃദിസ്ഥമാക്കാന്‍ തുടങ്ങിയത് മൂന്നുവയസ്സുമുതലാണ്. തുടക്കത്തില്‍ യാത്രകള്‍ക്കിടെ പിതാവ് ദര്‍വീഷ് മൊയ്നുദ്ദീനാണ് വാഹനങ്ങളുടെ പേരുകള്‍ പറഞ്ഞുകൊടുത്തത്. ദുബായില്‍നിന്ന് അവധിക്ക് മാതാവ് നീതുവിന്റെ കാളത്തോടുള്ള വീട്ടില്‍ വന്നിരിക്കുകയാണിപ്പോള്‍.

ബ്രാന്‍ഡഡ് കാറുകളുടെ നൂറിലധികം ചെറുമാതൃകകളുണ്ട് കൈയില്‍. 'വലുതാവുമ്പോള്‍ സ്വന്തമായി കാര്‍ ഉണ്ടാക്കണം. കാര്‍ ഉണ്ടാക്കുന്ന കമ്പനിക്ക് പേരും കണ്ടുവെച്ചു-'പൈ' എന്ന്. ''കാറുകളുടെ പേരുകള്‍ രണ്ടുതവണ കേട്ടാല്‍മതി മനസ്സിലാക്കാന്‍. കുറെ പേരുകള്‍ പപ്പ പറഞ്ഞുതന്നു. കുറെ യൂ ട്യൂബിലും ഗൂഗിളിലുമെല്ലാം തിരഞ്ഞ് കണ്ടെത്തി പഠിച്ചു. എന്നാലും ചില കാറുകളുടെ പേരൊന്നും അറിയില്ല എനിക്ക്''- കുഞ്ഞു സയാന്‍ പറഞ്ഞു.

ദുബായ് ജെംസ് മില്ലേനിയം സ്‌കൂളിലാണ് പഠനം. ചിത്രങ്ങള്‍ വരയ്ക്കാനും ഇഷ്ടമാണ്. ദുബായില്‍ സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ് ദര്‍വീഷ്. മൂന്നുവയസ്സുകാരന്‍ മുഹമ്മദ് സായിദ് സഹോദരനാണ്. കാറിന്റെ ഏതെങ്കിലും ഭാഗം കണ്ടാല്‍ മതി, ഏതാണെന്ന് സയാന്‍ പറയും. ഇങ്ങനെ മൂന്നോ നാലോ മിനിറ്റുകൊണ്ട് 200 കാറുകളുടെ പേര് ഈ ആറുവയസ്സുകാരന്റെ വായിലോടും.

Content Highlights: Six Year Old Boy Knows 200 Car Names, Have 100 Car Miniature