ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ആഡംബര ഇലക്ട്രിക് ലിമോസിനായ എംജി എം9 സ്വന്തമാക്കി പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശങ്കർ മഹാദേവൻ. "ദി പ്രസിഡൻഷ്യൽ ലിമോസിൻ" എന്ന വിശേഷണത്തോടെ വിപണിയിലെത്തുന്ന എംജി എം9 ഇവിയുടെ ബ്ലാക്ക് നിറമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. വാഹനം ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 69.90 ലക്ഷം രൂപയാണ് എം9- ന്റെ വില (എക്സ് ഷോറൂം).

To advertise here,

ടൊയോട്ട വെൽഫയർ, കിയ കാർണിവൽ തുടങ്ങിയ പ്രധാന എതിരാളികളെ വെല്ലുവിളിക്കാനായി എംജി കൊണ്ടുവന്ന ആഡംബര ഇലക്ട്രിക് എംപിവിയാണ് എം9. 16 തരത്തിൽ ക്രമീകരിക്കാവുന്ന പ്രസിഡൻഷ്യൽ സീറ്റുകൾ, എട്ട് മസാജ് മോഡുകൾ, ഹീറ്റിങ്, വെന്റിലേഷൻ സൗകര്യങ്ങൾ എന്നിവ ഈ വാഹനത്തിലുണ്ട്. കൊണാക് ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിങ്, ഡ്യുവൽ സൺറൂഫ് എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ആകർഷണങ്ങൾ.

സബ്-വൂഫറും ആംപ്ലിഫയറുമുള്ള 13-സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റമാണ് വാഹനത്തിലെ ഓഡിയോ സംവിധാനം. പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക്, കോൺക്രീറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ലിമോസിൻ ലഭ്യമാണ്. ട്രെപ്പിസോയിഡൽ ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വാട്ടർഫാൾ ശൈലിയിലുള്ള ടെയിൽ ലൈറ്റുകൾ, 19 ഇഞ്ച് കോണ്ടിസീൽ ടയറുകൾ എന്നിവ ഡിസൈനിന്റെ ഭാഗമാണ്.

90 kWh എൻഎംസി ബാറ്ററി പാക്കാണ് എം9-ന് കരുത്തേകുന്നത്. ഇത് 245 പിഎസ് പവറും 350 എൻഎം ടോർക്കും നൽകുന്നു. 548 കിലോമീറ്റർ ഡ്രൈവിങ് റേഞ്ചാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 30 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വാഹനത്തിന് കഴിയുമെന്നും കമ്പനി പറയുന്നു.

ഏഴ് എയർബാഗുകൾ, ലെവൽ 2 ADAS എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. കൂടാതെ യൂറോ എൻസിഎപി, ആൻകാപ് സുരക്ഷാ വിലയിരുത്തലുകളിൽ വാഹനത്തിന് 5-സ്റ്റാർ റേറ്റിങും ലഭിച്ചിട്ടുണ്ട്.

സായിക് മോട്ടോറും (SAIC Motor) ജെഎസ്ഡബ്ല്യു ഗ്രൂപ്പും ചേർന്ന് 2023-ൽ സ്ഥാപിച്ച സംയുക്ത സംരംഭമാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. 1924-ൽ യുകെയിൽ സ്ഥാപിതമായ മോറിസ് ഗാരേജസ്, ഗുജറാത്തിലെ ഹാലോളിൽ ഒരു നിർമാണശാല പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവിടെ പ്രതിവർഷം ഒരു ലക്ഷത്തിൽ അധികം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുണ്ട്.