കൊറോണ ലോക്ഡൗണ്‍ നീങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാഹന വില്‍പ്പന രേഖപ്പെടുത്തിയ മാസമായിരുന്നു ഓഗസ്റ്റ്. ഈ മാസത്തില്‍ വില്‍പ്പനയില്‍ 41 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയ സന്തോഷത്തിലാണ് റെനോ. ഓഗസ്റ്റ് മാസത്തില്‍ 8060 യൂണിറ്റ് വാഹനങ്ങള്‍ നിരത്തിലെത്തിച്ചാണ് റെനോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

To advertise here,

റെനോയുടെ എംപിവി മോഡലായ ട്രൈബറും അടുത്തിടെ അവതരിപ്പിച്ച ക്വിഡുമാണ് ഈ നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഴ്ച്ചകള്‍ക്ക് മുമ്പ് പുറത്തിറക്കിയ ടര്‍ബോ എന്‍ജിന്‍ ഡസ്റ്ററും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ വില്‍പ്പനയെക്കാള്‍ 41 ശതമാനം അധിക വില്‍പ്പന നേടാനായി.

റെനോയുടെ ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പുതിയ 17 ഷോറുമുകളും ഇന്ത്യയില്‍ തുറക്കാനായി. ഇതോടെ 390 ഡീലര്‍ഷിപ്പുകളും 470 സര്‍വീസ് സെന്ററുകളുമാണ് റെനോയ്ക്ക് ഇന്ത്യയിലുള്ളതെന്നാണ് റെനോ ഇന്ത്യയുടെ മേധാവി അറിയിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ റെനോയുടെ സാന്നിധ്യം ശക്തമായിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം.

ട്രൈബര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ചത് ഈ വാഹനത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീച്ചര്‍ സമ്പന്നമായി ക്വിഡിനെ അവതരിപ്പിച്ചതും, മിഡ് സൈസ് എസ്‌യുവി ശ്രേണിയില്‍ ഏറ്റവും കരുത്തനായി ഡസ്റ്റര്‍ എത്തിയതും റെനോയിക്ക് തുടര്‍ന്നും കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ത്യന്‍ വാഹനവിപണിയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി മികച്ച ഓഫറുകള്‍ റെനോ തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ റെനോയുടെ പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നാല് മാസത്തിന് ശേഷം മാത്രമേ ഇഎംഐ അടച്ച് തുടങ്ങേണ്ടതുള്ളൂവെന്നാണ് വിവരം. ഉത്സവ സീസണോട് അനുബന്ധിച്ച് പുതിയ ഓഫറുകളും ഒരുക്കുന്നുണ്ട്.

Content Highlights: Renault Record 41 Percent Sales Growth In August