പിന്മാറ്റത്തിന് കരണമായ എല്ലാ കുറവുകളും പരിഹരിച്ച്, ഏത് എതിരാളികളെക്കാളും ഒരുപടി മുന്നില് നില്ക്കുന്ന കരുത്തോടെയാണ് ഡസ്റ്ററിന്റെ രണ്ടാം വരവ്.

മിഡ് സൈസ് എസ്‌യുവി എന്ന വാഹനശ്രേണിക്ക് ഇന്ന് കാണുന്ന പ്രതാപം ഇല്ലാതിരുന്ന ഒരുകാലത്താണ് റെനോ എന്ന വാഹന നിർമാതാക്കൾ സധൈര്യം ഡസ്റ്റർ എന്ന വാഹനവുമായി എത്തുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ മിഡ് സൈസ് എസ്‌യുവിയുടെ തുടക്കം ആ മോഡലിൽ നിന്നായിരുന്നു. ആദ്യകാലങ്ങൾ ഗംഭീരമായിരുന്നുവെങ്കിലും പതിയെ പ്രതാപകാലത്തിന് മങ്ങലേൽക്കുകയും സ്വാഭാവികമായി 2022-ഓടെ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പിൻവാങ്ങുകയുമായിരുന്നു.
എന്നാൽ, നാല് വർഷങ്ങൾക്കിപ്പുറം വർധിത വീര്യത്തോടെ ഡസ്റ്റർ തിരിച്ചെത്തിയിരിക്കുകയാണ്. വിപണിയിൽ നിന്നുള്ള പിൻമാറ്റത്തിന് കരണമായ എല്ലാ കുറവുകളും പരിഹരിച്ച്, ഏത് എതിരാളികളെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന കരുത്തോടെയാണ് ഡസ്റ്ററിന്റെ രണ്ടാം വരവ്. 2026 ജനുവരി 26-ന് ആദ്യ പ്രദർശനവും മാർച്ച് മാസത്തിൽ അവതരണവും പൂർത്തിയാക്കിയ പുതിയ ഡസ്റ്റർ ഉപയോക്താക്കൾക്ക് നൽകി തുടങ്ങിയിരിക്കുകയാണ്.
ഏപ്രിൽ 14-നാണ് ഡസ്റ്ററിന്റെ വിതരണം ആരംഭിച്ചിരിക്കുന്നത്. രണ്ടാം വരവിലെ ഡസ്റ്ററിന്റെ ആദ്യ ഉടമയായിരിക്കുന്നത് ചെന്നൈ സ്വദേശിയായ ഡോ. അർത്ഥനാരി മാണിക്കവാസഗം എന്നയാളാണ്. റെനോ ഗ്രൂപ്പിന്റെ മേധാവികളായ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ്, സ്റ്റീഫൻ ഡെബ്ലൈസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് റെനോ ഇന്ത്യയുടെ പ്രതിനിധികൾ ആദ്യ റെനോ ഡസ്റ്റർ ഉപയോക്താവിന് കൈമാറിയിരിക്കുന്നത്.
ഇന്ത്യൻ നിരത്തുകളിൽ മടങ്ങിയെത്തിയിട്ടുള്ള ആറ് വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഡസ്റ്ററിന് 10.49 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഏഴ് വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്ററിന്റെ വാറണ്ടിയാണ് ഡസ്റ്ററിന് നിർമാതാക്കൾ നൽകിയിരിക്കുന്നത്. റെനോ പ്രഖ്യാപിച്ചിട്ടുള്ള ആർ-പാസ് പ്രോഗ്രാമിന്റെ ഭാഗമായി വാഹനം ബുക്ക് ചെയ്തിട്ടുള്ള ഉപയോക്താക്കൾക്കായിരിക്കും വിതരണത്തിൽ മുൻഗണന ലഭിക്കുക.
നിരത്തൊഴിഞ്ഞ വാഹനത്തിന് അൽപ്പം റഫ് ലുക്ക് ആയിരുന്നുവെങ്കിൽ പുതിയ ഡസ്റ്ററിന്റെ മുഖമുദ്ര തന്നെ സൗന്ദര്യമാണ്. ആഗോള വിപണിയിലെ ഡസ്റ്ററിന് സമാനമായ ഡിസൈനിൽ തന്നെയാണ് ഇന്ത്യൻ പതിപ്പും ഒരുങ്ങിയിരിക്കുന്നത്. ഗ്രില്ലിൽ തന്നെയുള്ള ഡസ്റ്റർ ബാഡ്ജിങ്ങാണ് ശ്രദ്ധേയം. ഐബ്രോ ഷേപ്പിലെ ഡിആർഎൽ, എൽഇഡി ഹെഡ്‌ലാമ്പ്, വലിയ എയർ ഇൻടേക്ക്, ഫോഗ്‌ലാമ്പ് എന്നിവയാണ് മുഖത്തിന് അഴകേകുന്നത്.
18 ഇഞ്ച് വലിപ്പത്തിൽ ഒരുങ്ങിയിട്ടുള്ള അലോയി വീൽ, ഫെൻഡറിൽ നൽകിയിട്ടുള്ള ബാഡ്ജിങ്, ഡ്യുവൽ ടോൺ മിറർ, റൂഫ് റെയിൽ എന്നിവ വശകാഴ്ചയിൽ തെളിയും. കണക്ടഡ് ലൈറ്റ് സ്ട്രിപ്പും എൽഇഡി ടെയ്ൽ ലാമ്പുമാണ് പിൻഭാഗത്തിന് പുതുതലമുറ വാഹനങ്ങളുടെ സ്വഭാവം നൽകുന്നത്. ടു ഡി ലോഗോ, ഡസ്റ്റർ ബാഡ്ജിങ്, ബ്ലാക്ക് ബമ്പറിൽ നൽകിയിട്ടുള്ള സിൽവർ ഇൻസേർട്ട്, റൂഫ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയവയും പിൻഭാഗത്തെ ഫീച്ചറുകളാണ്.
ഫീച്ചർ സമ്പന്നമെന്ന പ്രയോഗം ഏറ്റവും ഇണങ്ങുന്ന അകത്തളമാണ് ഡസ്റ്ററിന്റേത്. 10.1 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്, സ്‌പോർട്‌സ് സീറ്റുകളോട് ഉപമിക്കാനാകുന്ന സീറ്റുകൾ, വെന്റിലേറ്റഡ് സംവിധാനം എന്നിങ്ങനെ നീളും അകത്തളത്തിൽ നൽകിയിട്ടുള്ള സംവിധാനങ്ങൾ.
നിലവിൽ രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ഡസ്റ്റർ എത്തുന്നത്. 1.0 ലിറ്റർ, 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളാണിവ. ഇതിൽ 1.0 ലിറ്റർ പതിപ്പ് 98 എച്ച്പി പവറും 160 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, 1.3 ലിറ്റർ എൻജിൻ 160 എച്ച്പി പവറും 280 എൻഎം ടോർക്കുമേകും. ആദ്യത്തേതിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് നൽകുന്നതെങ്കിൽ രണ്ടാമത്തേതിൽ മാനുവൽ, ഡിസിടി ട്രാൻസ്മിഷനുകളിൽ നൽകുന്നുണ്ട്.
Content Highlights: Re-entry of the iconic Duster into the Indian market in 2026., Available in 6 variants with a price range of ₹10.49 lakh to ₹18.49 lakh., Features two turbo-petrol engine options (1.0L and 1.3L)., Premium interior with 10.1-inch infotainment and panoramic sunroof., Industry-leading 7-year or 1.5 lakh km warranty.
Published: 16 Apr 2026, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented